11 February Thursday

ഉത്തരാഖണ്ഡ്‌ ദുരന്തഭൂമിയിൽ ആശ്വാസം പകർന്ന്‌ സിപിഐ എം, സിഐടിയു, കിസാൻസഭ, എസ്‌എഫ്‌ഐ നേതാക്കൾ

സ്വന്തം ലേഖകൻUpdated: Thursday Feb 11, 2021

തപോവൻ > മലമുകളിലെ ദുരന്തഭൂമിയിൽ ആശ്വാസവും കരുതലുമായി സിപിഐ എം, വർഗ ബഹുജനസംഘടന നേതാക്കളുടെ സംഘം. ഉത്തരാഖണ്ഡിൽ ചമോലി ജില്ലയിൽ  മഞ്ഞുമല ഇടിഞ്ഞ്‌ വൻദുരന്തമുണ്ടായ ജലവൈദ്യുത പദ്ധതിപ്രദേശങ്ങൾ സിപിഐ എം, സിഐടിയു, അഖിലേന്ത്യ കിസാൻസഭ, എസ്‌എഫ്‌ഐ നേതാക്കളുടെ സംഘം സന്ദർശിച്ചു.

രക്ഷപ്പെട്ട തൊഴിലാളികളിൽനിന്ന്‌ വിവരങ്ങൾ ശേഖരിക്കുകയും മരിച്ചവരുടെ  സഹപ്രവർത്തകരെ ആശ്വസിപ്പിക്കുകയും ചെയ്‌തു.  തൊഴിലാളികൾക്ക്‌ ‌ കൈത്താങ്ങായിനിന്ന പ്രോജക്ട്‌ ഓഫീസർമാരുമായും സംഘം കൂടിക്കാഴ്‌ച നടത്തി.

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും കിസാൻസഭ ജോയിന്റ്‌ സെക്രട്ടറിയുമായ വിജു കൃഷ്‌ണൻ, പാർടി സംസ്ഥാന സെക്രട്ടറി രാജേന്ദ്ര നേഗി, ജില്ലാ സെക്രട്ടറി ഭൂപൽസിങ്‌ റാവത്ത്‌, സിഐടിയു ജില്ലാ പ്രസിഡന്റ്‌ മദൻ മിശ്ര, ജില്ല സെക്രട്ടറി മൻമോഹൻ, എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഹിമാൻഷു  ചൗഹാൻ എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. സിഐടിയുവിൽ അഫിലിയേറ്റ്‌ ചെയ്‌ത കരാർതൊഴിലാളി സംഘടനയുടെ ഓഫീസിലെത്തിയ നേതാക്കളോട്‌ യൂണിയൻ പ്രവർത്തകർ സ്ഥിതിഗതികൾ വിശദീകരിച്ചു. തപോവൻ പദ്ധതിയിൽ പണിയെടുത്തിരുന്ന 136 തൊഴിലാളികളെ നാല്‌ ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. താൻ അപകടത്തിൽനിന്ന്‌ കഷ്ടിച്ചാണ്‌ രക്ഷപ്പെട്ടതെന്ന്‌ യൂണിയൻ പ്രസിഡന്റ്‌ ദേവീന്ദർ ഖനേര പറഞ്ഞു. ഖനേരയുടെ മൂന്ന്‌ അടുത്ത ബന്ധുക്കൾ ഒലിച്ചുപോയി. ഇതിൽ ഒരാളുടെ മൃതദേഹം കിട്ടി.

ഋഷിഗംഗ പദ്ധതിപ്രദേശത്തുനിന്ന്‌ 56 തൊഴിലാളികളെ കാണാതായി. ഞായറാഴ്‌ചയാണ്‌ ദുരന്തമുണ്ടായത്‌. അന്ന്‌  ജോലിക്കെത്തിയ തൊഴിലാളികളുടെ എണ്ണം കുറവായിരുന്നു. മറ്റേതെങ്കിലും ദിവസമായിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്‌തി ഏറിയേനെ. ഇടയന്മാർ അടക്കം 12 ഗ്രാമീണരെയും കാണാതായി. 13 പാലം തകർന്നു. 33 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. സംസ്ഥാനസർക്കാർ സഹായമൊന്നും എത്തിച്ചിട്ടില്ലെന്ന്‌ ഗ്രാമീണർ പറഞ്ഞു. യാത്ര ദുഷ്‌കരമായ മേഖലയിൽ 14 മണിക്കൂർ എടുത്താണ്‌ സംഘം 310 കിലോമീറ്റർ താണ്ടിയത്‌.

50 ലക്ഷം രൂപ വീതം നഷ്‌ട‌‌പരിഹാരം നൽകണം

മരിച്ചവരുടെ ആശ്രിതർക്ക്‌ 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും കുടുംബത്തിൽ ഒരംഗത്തിനു ജോലിയും നൽകണമെന്ന്‌ നേതാക്കൾ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവർക്ക്‌ അഞ്ച്‌ ലക്ഷം രുപ വീതവും നൽകണം. കേന്ദ്ര–-സംസ്ഥാന സർക്കാരുകളും എൻടിപിസിയും പ്രഖ്യാപിച്ച നഷ്ടപരിഹാരം പര്യാപ്‌തമല്ല. നന്ദ ദേവി മേഖലയിൽ പരിസ്ഥിതിക്ക്‌ ക്ഷതമേൽപ്പിക്കുന്ന വിധത്തിൽ നടക്കുന്ന നിർമാണരീതികൾ പുനഃപരിശോധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top