ന്യൂഡൽഹി
ഡിജിറ്റൽ വാർത്താമാധ്യമം ‘ന്യൂസ്‌ക്ലിക്കി’ന്റെ ഓഫീസുകളിലും എഡിറ്റർമാരുടെയും ഉടമയുടെയും വീടുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്‌ഡിനെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അപലപിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുനേരെയുള്ള മറ്റൊരു കടന്നാക്രമണമാണിത്.
കർഷകസമരത്തെക്കുറിച്ച് വസ്‌തുനിഷ്‌ഠവും വിപുലവുമായ വാർത്തകളാണ് ‘ന്യൂസ്‌ക്ലിക്ക്’ നൽകുന്നത്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും വേട്ടയാടാനും നിശബ്ദമാക്കാനും മോഡിസർക്കാർ കേന്ദ്രഏജൻസികളെ ഉപയോഗിക്കുന്നു. ന്യൂസ്‌ക്ലിക്കിനും മാനേജ്‌മെന്റിനും എതിരായ പ്രതികാരനടപടി അവസാനിപ്പിക്കണമെന്നും പിബി ആവശ്യപ്പെട്ടു.
ആശങ്കാജനകം: എഡിറ്റേഴ്സ് ഗിൽഡ്
ഡിജിറ്റൽ മാധ്യമമായ ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിലും എഡിറ്റർമാരുടെ വസതികളിലും ഇഡി റെയ്‌ഡ് നടത്തിയത് ആശങ്കാജനകമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. പൗരത്വ ഭേദഗതി നിയമത്തിനെതിരായും കാർഷികനിയമങ്ങൾക്കെതിരായും നടന്ന പ്രക്ഷോഭങ്ങൾ ന്യൂസ്‌ക്ലിക്ക് മുൻനിരയിൽനിന്ന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട് . കോർപറേറ്റുകൾക്കുവേണ്ടി സർക്കാർ എടുക്കുന്ന നയങ്ങളെയും അതിശക്തിയായി അവർ വിമർശിക്കുന്നു. ന്യൂസ്‌ക്ലിക്കിന്റെ പ്രവർത്തനം അട്ടിമറിക്കുന്നത് തടയാൻ ജാഗ്രത വേണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
മാധ്യമസ്വാതന്ത്ര്യം അടിച്ചമർത്താനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്‌സ് ഏഷ്യ ചാപ്‌റ്റർ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തനത്തിനുനേരെയുള്ള, ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കടന്നാക്രമണമായി റെയ്‌ഡിനെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ വിശേഷിപ്പിച്ചു.
കർഷകസംഘടനകൾ, ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ, പ്രമുഖ വ്യക്തികൾ എന്നിവരും ന്യൂസ്‌ക്ലിക്കിനു പിന്തുണ പ്രഖ്യാപിച്ചു. ന്യൂസ്‌ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കായസ്‌ത ജെഎൻയു വിദ്യാർഥിയായിരിക്കെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടയാളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..