10 February Wednesday
എന്താണ്‌ ദേശവിരുദ്ധ പ്രവർത്തനമെന്ന നിയമപരമായ നിർവചനം ഉണ്ടാക്കിയിട്ടില്ല

സൈബർ വളന്റിയർ 
നിയമനത്തിൽ ആശങ്ക ; നിരപരാധികളെ വേട്ടയാടാനുള്ള 
ആയുധമായേക്കുമെന്ന്‌ വിമർശം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 10, 2021

ന്യൂഡൽഹി
സൈബർ ലോകത്തെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി റിപ്പോർട്ട്‌ ചെയ്യാൻ വളന്റിയർമാരെ ചുമതലപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. രാജ്യവിരുദ്ധപ്രവർത്തനങ്ങൾ, ഭീകരവാദം, തീവ്രനിലപാടുകളുടെ പ്രചാരണം തുടങ്ങിയവ കണ്ടെത്തി റിപ്പോർട്ട്‌ ചെയ്യാൻ സൈബർ വളന്റിയർ സംഘം ഉണ്ടാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ കീഴിലുള്ള സൈബർ ക്രൈംസെൽ നീക്കം തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ ത്രിപുരയിലും ജമ്മു കശ്‌മീരിലും സൈബർ വളന്റിയർമാരെ ഇന്റർനെറ്റ്‌ നിരീക്ഷണ ചുമതല ഏൽപ്പിക്കും.

ഈ സ്ഥലങ്ങളിൽ വളന്റിയർമാരുടെ പ്രകടനം വിലയിരുത്തിയശേഷം മറ്റ്‌ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ പുറമെ കുട്ടികളെ ഇരയാക്കിയുള്ള അശ്ലീലവീഡിയോകൾ, ബലാത്സംഗദൃശ്യങ്ങൾ തുടങ്ങിയവ കണ്ടെത്തി റിപ്പോർട്ട്‌ ചെയ്യാനും നിർദേശിക്കും.

കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്‌ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ‌ (14സി) പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. താൽപ്പര്യമുള്ളവർക്ക്‌ സ്വന്തം സംസ്ഥാനങ്ങളിലോ കേന്ദ്രഭരണപ്രദേശങ്ങളിലോ വളന്റിയർമാരായി രജിസ്‌റ്റർ ചെയ്യാം. പേര്‌, മാതാപിതാക്കളുടെ പേര്‌, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ തുടങ്ങിയവ നൽകണം. അതേസമയം, സർക്കാർ നീക്കം ദൂരവ്യാപകപ്രത്യാഘാതമുണ്ടാക്കുമെന്ന്‌ ആശങ്ക ശക്തമായി‌. എന്താണ്‌ ദേശവിരുദ്ധ പ്രവർത്തനമെന്ന നിയമപരമായ നിർവചനം ഇനിയും ഉണ്ടാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ സർക്കാർ നീക്കം അധികാരദുർവിനിയോഗത്തിനും നിരപരാധികളെ വേട്ടയാടാനുമുള്ള ആയുധമായേക്കും.

എന്തടിസ്ഥാനത്തിലാണ്‌ ഇത്തരം പദ്ധതി തുടങ്ങിയതെന്നും എന്തൊക്കെ പ്രവൃത്തികളാണ്‌ രാജ്യദ്രോഹമായി കണക്കാക്കുകയെന്നുമുള്ള ചോദ്യത്തിന്‌ ആഭ്യന്തരമന്ത്രാലയം മറുപടി നൽകിയിട്ടില്ലെന്ന്‌ ‘ഇന്ത്യൻ എക്‌സ്‌പ്രസ്‌’ റിപ്പോർട്ട്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top