ചെന്നൈ
ഓസീസിലെ അത്ഭുതങ്ങൾ ആവർത്തിച്ചില്ല. ജാക്ക് ലീച്ചും ജയിംസ് ആൻഡേഴ്‌സണും ചേർന്ന് ചെപ്പോക്കിൽ ഇന്ത്യൻ ബാറ്റിങ്‌നിരയെ തീർത്തുകളഞ്ഞു. ആദ്യ ടെസ്‌റ്റിൽ ഇന്ത്യക്ക് 227 റണ്ണിന്റെ തോൽവി. നാലു മത്സരപരമ്പരയിൽ ഇംഗ്ലണ്ട് 1–-0നു മുന്നിൽ.
അഞ്ചാംദിനം 381 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വൈകുന്നേരം കാണാനായില്ല. 192 റണ്ണിന് എല്ലാവരും കൂടാരത്തിൽ തിരിച്ചെത്തി. ലീച്ച് നാലും ആൻഡേഴ്‌സൺ മൂന്നും വിക്കറ്റെടുത്തു. 72 റണ്ണുമായി ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി പൊരുതിനോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇംഗ്ലണ്ട് ക്യാപ്‌റ്റൻ ജോ റൂട്ടാണ് മാൻ ഓഫ് ദി മാച്ച്.
സ്‌കോർ: ഇംഗ്ലണ്ട് 578, 178; ഇന്ത്യ 337, 192.
സ്‌പിൻ കുഴിയൊരുക്കി ഇംഗ്ലണ്ടിനെ എളുപ്പത്തിൽ വീഴ്‌ത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യ. എന്നാൽ, ആ കെണിയിൽ സ്വയം വീണു. മൂന്ന് സ്‌പിന്നർമാരുമായി ഇറങ്ങിയ ഇന്ത്യയെ ആദ്യ രണ്ടുദിനം തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഇംഗ്ലണ്ട് പരിധിക്കു പുറത്തുനിർത്തി. മൂന്നാംദിനം പിച്ചിന് ഉണർവു കിട്ടിയതോടെ കൈയിലുള്ള, പരിചയസമ്പത്തില്ലാത്ത രണ്ട് സ്‌പിന്നർമാരെക്കൊണ്ട് ഇന്ത്യൻ ബാറ്റിങ് നിരയുടെ വേരിളക്കി. കൂട്ടിന് പരിചയസമ്പന്നനായ പേസർ ജയിംസ് ആൻഡേഴ്‌സണും. അഞ്ചാംദിനം പൂർണമായും ബൗളർമാരുടെ പറുദീസയായി മാറിയ ചെപ്പോക്കിൽ ആൻഡേഴ്‌സൺ റിവേഴ്‌സ് സ്വിങ് കൊണ്ട് ബാറ്റ്‌സ്‌മാൻമാരുടെ താളംതെറ്റിച്ചു. ലീച്ച് വട്ടംകറക്കി. അഞ്ചാംദിനം 1–-39 റണ്ണെന്ന നിലയിൽ കളി തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ അപായസൂചന ലഭിച്ചു. ഒന്നാം ഇന്നിങ്സിൽ അടികൊണ്ട് തളർന്ന ലീച്ചായിരുന്നു രണ്ടാം ഇന്നിങ്‌സിൽ രൗദ്രഭാവം പൂണ്ടത്. ലീച്ച് കറക്കിയെറിഞ്ഞപ്പോൾ ചേതേശ്വർ പൂജാരയുടെ (15) പ്രതിരോധം ഇളകി. പൂജാരയെന്ന മതിലിടിഞ്ഞതോടെ ഇംഗ്ലീഷ് ബൗളർമാരുടെ പകുതി ജോലി കുറഞ്ഞു.
ക്യാപ്‌റ്റൻ കോഹ്‌ലിയും ശുഭ്‌മാൻ ഗില്ലും നേരിയ പ്രതീക്ഷ നൽകി. അപ്പോഴാണ് റൂട്ട് ആൻഡേഴ്‌സണെ പന്തേൽപ്പിക്കുന്നത്. അരസെഞ്ചുറി തികച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്ന ഗില്ലിനെ (50) ആൻഡേഴ്‌സൺ നിശ്‌ചലനാക്കി. അകത്തേക്ക് ചരിഞ്ഞിറങ്ങിയ പന്ത് സ്‌റ്റമ്പ് പറത്തി. അജിൻക്യ രഹാനെ (0) പിച്ചിൽ തൊട്ട് നിമിഷങ്ങൾക്കകം കുറ്റിതെറിച്ച് പുറത്ത്. ഒരോവറിൽ രണ്ട് വിക്കറ്റ് പോയതോടെ കളി ഇന്ത്യയുടെ കൈയിൽനിന്ന് പൂർണമായും ചോർന്നു.
ഗാബയിലെ ഹീറോ ഋഷഭ് പന്തായിരുന്നു അടുത്തത്. പന്തിനെ (11) ആൻഡേഴ്‌സൺ കുരുക്കി. ഗതിയറിയാതെ ബാറ്റുവച്ച് ഋഷഭ് പന്ത് റൂട്ടിന്റെ കൈകളിൽ. ഒന്നാം ഇന്നിങ്‌സിൽ 85 റണ്ണെടുത്ത വാഷിങ്‌ടൺ സുന്ദർ (0) ഡോം ബെസിന്റെ കുത്തിത്തിരിഞ്ഞ പന്തിനെ തലോടി. ജോസ് ബട്‌ലറിന്റെ കൈകളിൽ അത് അവസാനിച്ചു. ഇന്ത്യ 6–-117.
ചെറുത്തുനിൽപ്പിന്റെ ഘട്ടമായിരുന്നു പിന്നെ. ബാറ്റിങ് ഏറെ ദുഷ്‌കരമായ പിച്ചിൽ കോഹ്‌ലി നല്ല കളിയാണ് പുറത്തെടുത്തത്. അശ്വിൻ പരമാവധി പിന്തുണ നൽകി. എന്നാൽ, ലീച്ചിന്റെ പന്ത് കട്ട് ചെയ്യാനുള്ള ശ്രമത്തിൽ അശ്വിനും (9) മടങ്ങി. കോഹ്‌ലിയെ സുന്ദരമായൊരു പന്തിൽ ബെൻ സ്‌റ്റോക്‌സ് ബൗൾഡാക്കിയതോടെ ചടങ്ങുകൾ നേരത്തേ അവസാനിച്ചു. രണ്ടാം ടെസ്‌റ്റ് ഇതേവേദിയിൽ 13ന് ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..