09 February Tuesday
സർവകലാശാലയെ അപകീർത്തിപ്പെടുത്താൻ ശ്രമം

നിയമനം യുജിസി മാനദണ്ഡപ്രകാരം മാത്രം: ഡോ. ധർമരാജ്‌ അടാട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2021



കാലടി  
യുജിസി നിയമനത്തില്‍ സംസ്‌കൃത സര്‍വകലാശാല ഒരു ഉദ്യോഗാര്‍ഥിക്കായും രേഖകൾ തിരുത്തിയിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനാണെന്നും വൈസ്‌ചാൻസലർ ഡോ. ധര്‍മരാജ് അടാട്ട് പറഞ്ഞു.

2019 ആഗസ്ത്‌ 31ന്‌ സര്‍വകലാശാലാ വിജ്ഞാപനപ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക്‌ അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാർഥികളുടെ ഇൻഡക്സ്‌ സ്കോർ 2018ലെ യുജിസി മാനദണ്ഡപ്രകാരം തയ്യാറാക്കി. 100 മാര്‍ക്കിലെ ഇന്‍ഡക്സ്‌ സ്‌കോറിനായി ഡിഗ്രി, പിജി, എംഫില്‍ ബിരുദ മാര്‍ക്കിന്റെ ശതമാനത്തിന് ആനുപാതികമായ സ്‌കോര്‍, പിഎച്ച്ഡി സ്‌കോര്‍, നെറ്റ്‌ വിത്ത് ജെആർഎഫ്  സ്‌കോര്‍, ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ച അഞ്ച് പ്രബന്ധങ്ങള്‍വരെ പരിഗണിച്ച് പരമാവധി സ്‌കോര്‍, സര്‍വകലാശാല/കോളേജുതലത്തില്‍ റഗുലര്‍ അല്ലെങ്കില്‍ സ്‌കെയില്‍ഡ് അധ്യാപന പരിചയ സ്‌കോര്‍, അന്തര്‍ദേശീയ/ദേശീയ/സംസ്ഥാന അവാര്‍ഡുകളുടെ സ്‌കോര്‍ എന്നിവയാണ്‌ പരിഗണിക്കേണ്ടത്‌. സര്‍വകലാശാലകള്‍ നിശ്ചയിച്ച കട്ട് ഓഫ് മാര്‍ക്കിന്‌ മുകളിലുള്ളവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. 

സംസ്‌കൃത സര്‍വകലാശാലാ അക്കാദമിക് കൗണ്‍സിലും സിന്‍ഡിക്കേറ്റും ജനറല്‍ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് 60, എസ്‌സി/എസ്ടിക്കാര്‍ക്ക് 55 എന്നിങ്ങനെ കട്ട്‌ ഓഫ്‌ നിശ്ചയിച്ചു. സംസ്ഥാനത്തെ ഇതര സര്‍വകലാശാലകള്‍ നിശ്ചയിച്ച കട്ട് ഓഫ് മാര്‍ക്കിലും കൂടുതലാണ് ഇത്‌. അഭിമുഖത്തിന് ഇന്‍ഡക്‌സ് മാര്‍ക്ക് ബാധകമല്ല. ഓരോ ഉദ്യോഗാര്‍ഥിയെയും  അഭിമുഖം ചെയ്യാൻ സെലക്‌ഷന്‍ കമ്മിറ്റി കുറഞ്ഞത് അരമണിക്കൂറെങ്കിലും ചെലവഴിച്ചിട്ടുണ്ട്. 

ഇന്റര്‍വ്യൂ കഴിയുമ്പോള്‍ത്തന്നെ അവര്‍ക്ക് നല്‍കുന്ന മാര്‍ക്ക് രേഖപ്പെടുത്തും. ഓരോ അംഗവും ഉദ്യോഗാര്‍ഥികളുടെ പേരും നല്‍കിയ മാര്‍ക്കും കൂട്ടിയിട്ട ആകെ മാര്‍ക്കും സ്വന്തം കൈപ്പടയില്‍ വെട്ടും തിരുത്തും ഇല്ലാതെ ഒപ്പിട്ട് തിരികെ ഏൽപ്പിക്കും.

തെരഞ്ഞെടുപ്പ് സമിതിയുടെ ചെയര്‍മാനായ വൈസ് ചാന്‍സലര്‍ക്ക് മാര്‍ക്കിടുകയോ ഇടാതിരിക്കുകയോ ചെയ്യാം. ഇവിടെ വിസി മാർക്കിട്ടില്ല. അംഗങ്ങളിട്ട മാര്‍ക്കുകളുടെ ശരാശരി കണക്കാക്കിയാണ്‌ റാങ്കുലിസ്റ്റ് തയ്യാറാക്കിയത്. സിന്‍ഡിക്കേറ്റിന്റെ അംഗീകാരത്തോടെയാണ്‌ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനത്തിനായി ഉദ്യോഗാര്‍ഥികള്‍ക്ക് മെമോ നല്‍കിയതെന്നും വി സി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top