09 February Tuesday

കത്വ കേസിൽ പണം വാങ്ങിയിട്ടില്ലെന്ന്‌ ഹൈക്കോടതി അഭിഭാഷകൻ; യൂത്ത്‌ ലീഗിന്റെ നുണകൾ പൊളിയുന്നു

സ്വന്തം ലേഖകൻUpdated: Tuesday Feb 9, 2021

സി കെ സുബൈർ, പി കെ ഫിറോസ്‌

ന്യൂഡൽഹി > കത്വ കേസിൽ ആരിൽ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും ഫീസ് വാങ്ങി വാദിക്കേണ്ട കേസല്ല ഇതെന്നും ഇരയുടെ കുടുംബത്തിനു വേണ്ടി ഹാജരാകുന്ന ഹൈക്കോടതി അഭിഭാഷകൻ ആർ എസ് ബൈൻസ്. ഇക്കാര്യത്തിൽ യൂത്ത്‌ ലീഗിന്റെ അവകാശവാദം ശ്രദ്ധയിൽപെടുത്തിയപ്പോഴാണ്‌ ബൈൻസ്‌ ഇങ്ങനെ പ്രതികരിച്ചത്‌. രണ്ട്‌ ലക്ഷം രൂപ ബൈൻസ്‌ ഉൾപ്പടെയുള്ളവർക്ക്‌ നൽകിയെന്ന്‌  യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ അവകാശപ്പെട്ടിരുന്നു.
 
പ്രതികൾക്ക്  വധശിക്ഷ നൽകണമെന്ന്‌ ആവശ്യപ്പെട്ട്   പ്രോസിക്യൂഷൻ അപ്പീലിനു പുറമെ ആസിഫയുടെ പിതാവ് നൽകിയ ഹർജിയിന്മേലാണ് ആർ എസ്‌ ബൈൻസ്‌ ഹാജരാകുന്നത്‌. ദീർഘ കാലമായി അഭിഭാഷകവൃത്തിയിലുള്ള, അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകൻ കൂടിയാണ്‌ ആർ എസ്‌ ബൈൻസ്‌.
 
ഇരയുടെ കുടുംബത്തിനു വേണ്ടി കേസ് ഫയൽ ചെയ്തിരിക്കുന്നത് താനാണെന്നും  തന്റെ ഓഫീസിൽ നിന്നും തന്റെ ഒപ്പോടു കൂടിയാണ്  അപ്പീൽ ഫയൽ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. താൻ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. അഡ്വ.  മുബീൻ ഫാറൂഖിയാണ്‌ ഫയലും വക്കാലത്തും എത്തിച്ചു തന്നത്. മുബീൻ തനിക്ക് പണം നൽകിയിട്ടില്ല.
 
മുബീനിൽ നിന്ന് മാത്രമല്ല, ഒരു സംഘടനയിൽ നിന്നും  പണം കൈപ്പറ്റിയിട്ടില്ലെന്ന്‌ ആർ എസ്‌ ബൈൻസ്‌ പറഞ്ഞു. കേസ് നടത്തിപ്പിനായി അഡ്വ. മുബീൻ ഫാറൂഖിക്ക്‌  9.35 ലക്ഷം രൂപ നൽകിയെന്നാണ് യൂത്ത്‌ ലീഗ് നേതാക്കൾ ആദ്യം വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടത്.ഈ  ബാങ്കിടപാടിന്റെ രേഖകൾ  പുറത്തുവിടാൻ യൂത്ത് ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top