09 February Tuesday
എംഎസ്‌എഫ്‌ 
അതിക്രമം അപലപനീയം: എസ്‌എഫ്‌ഐ

സമരപ്പന്തൽ കൈയേറാൻ 
എംഎസ്‌എഫ്‌ ശ്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2021


മലപ്പുറം
എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു പങ്കെടുത്ത സമരവേദി കൈയേറാൻ എംഎസ്‌എഫ്‌ ശ്രമം. കർഷകസമരത്തിന്‌ ഐക്യദാർഢ്യമറിയിച്ച്‌ മലപ്പുറത്ത്‌ സംയുക്ത കർഷക സമിതി നടത്തുന്ന സമരപ്പന്തലിനു നേരെയാണ്‌ പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യവുമായി പാഞ്ഞടുത്തത്‌. സാനു സംസാരിച്ചുകൊണ്ടിരിക്കെ ഉദ്‌ഘാടന വേദിയിലേക്ക്‌ ചരലെറിഞ്ഞും പ്രകോപനമുണ്ടാക്കി. സമരകേന്ദ്രത്തിലെ കൊടികളും ബാനറുകളും നശിപ്പിച്ചു. സമരവളന്റിയർമാർ ചെറുത്തതോടെയാണ്‌ എംഎസ്‌എഫുകാർ മടങ്ങിയത്‌.  

തിങ്കളാഴ്‌ച സമരം ഉദ്‌ഘാടനംചെയ്‌ത്‌ വി പി സാനു സംസാരിക്കുന്നതിനിടയിലായിരുന്നു സംഭവം. കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി മടങ്ങിയ എംഎസ്‌എഫ്‌ പ്രവർത്തകർ സാനുവിന്റെ പ്രസംഗം കേട്ട്‌ പ്രകോപിതരായി അക്രമത്തിന്‌ മുതിരുകയായിരുന്നു. പൊലീസിനുനേരെയും ഇവർ അതിക്രമത്തിന്‌ മുതിർന്നു.

എംഎസ്‌എഫ്‌ 
അതിക്രമം അപലപനീയം: എസ്‌എഫ്‌ഐ
എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു പങ്കെടുത്ത മലപ്പുറത്തെ സമരവേദി കൈയേറാനുള്ള എംഎസ്‌എഫ്‌ ശ്രമം അപലപനീയമാണെന്ന്‌ എസ്‌എഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

ഇടതുപക്ഷത്തിനുള്ള ജനപിന്തുണ വർധിക്കുന്നതിൽ അസ്വസ്ഥരായ മുസ്ലിംലീഗിന്റെയും അവരുടെ യുവപ്രവർത്തകരുടെയും അതിതീവ്രമായ നിരാശയാണ്‌ ഇതിൽ പ്രതിഫലിക്കുന്നത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥിയായിരുന്നു വി പി സാനു. ദേശീയതലത്തിൽ കർഷകപ്രക്ഷോഭത്തിൽ സജീവമായിരുന്ന അദ്ദേഹം ജില്ലയിലെ ഐക്യദാർഢ്യ പരിപാടികളിലും നിറസാന്നിധ്യമാണ്‌. എന്നാൽ ‘ഫാസിസത്തിന്‌ എതിരെ പോരാടുമെന്ന’ അവകാശവാദത്തോടെ ലോക്‌സഭയിലേക്കുപോയ മുസ്ലിംലീഗിന്റെ നേതാവിനെ മോഡിഭരണത്തിനെതിരായ പ്രക്ഷോഭങ്ങളിലും കർഷകപ്രക്ഷോഭത്തിലും കാണാനില്ലാത്തതിൽ വിമർശം ഉയർന്നിരുന്നു‌.  ഇതിൽ വിറളിപൂണ്ടാണ്‌ എംഎസ്‌എഫുകാരുടെ അതിക്രമം. ജനാധിപത്യവിശ്വാസികൾ സാനുവിനും കർഷകപ്രക്ഷോഭത്തിനും  പിന്തുണ നൽകണമെന്നും എസ്‌എഫ്‌ഐ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top