തൃശൂർ
നേതാക്കൾക്കെല്ലാം മത്സരിക്കാൻ നല്ല പൂതിയുണ്ട്. എന്നാൽ കിട്ടുന്ന വോട്ടെത്രയെന്ന് കണ്ടറിയണം. നേതാക്കൾ തന്നെ കാലുവാരാൻ റെഡിയായി നിൽപ്പുണ്ട്. അഖിലേന്ത്യാ പ്രസിഡന്റ് ജെ പി നദ്ദ വന്നിട്ടും ബിജെപിയിൽ കാര്യങ്ങൾ അത്ര പന്തിയല്ല.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും തുടർന്ന ഗ്രൂപ്പ് പോരിന് പരിഹാരം കാണാനാണ് നദ്ദയെ കൊണ്ടുവന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം എങ്ങനെ ആയിരിക്കണമെന്നത് സംബന്ധിച്ച് ആർഎസ്‌എസുമായി ബിജെപി നേതാക്കൾ മൂന്ന് തവണ ചർച്ച നടത്തി. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷും സംസാരിച്ചു. എന്നിട്ടും ധാരണയായില്ല. കഴിഞ്ഞ തവണ വിജയിച്ച നേമം മണ്ഡലത്തിന്റെ കാര്യത്തിൽ പോലും തീരുമാtനമായില്ല. ഒ രാജഗോപാൽ മത്സരിക്കേണ്ടെന്നാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ നിലപാട്.
കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നേമത്തോ കഴക്കൂട്ടത്തോ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിന് ആർഎസ്‌എസ് അനുമതി നൽകിയിട്ടില്ല. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മഞ്ചേശ്വരം വേണം; ഇതിനും പച്ചക്കൊടിയില്ല. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന് കഴിഞ്ഞ തവണ മത്സരിച്ച ആറന്മുള ഇത്തവണ വേണ്ട. ഔദ്യോഗിക പക്ഷം കാലുവാരുമെന്ന ഭയമാണ്. കോഴിക്കോട് നോർത്ത് വേണമെന്നാണ് രമേശിന്റെ ആഗ്രഹം.
ശോഭ സുരേന്ദ്രൻ നേതൃത്വത്തിന് മുന്നിൽ കീഴടങ്ങിയതാണ് ജെ പി നദ്ദ വന്നതിലൂടെയുണ്ടായ ഏക നേട്ടം. നേതൃത്വത്തിനെതിരെ പറഞ്ഞതെല്ലാം വിഴുങ്ങി; എവിടെയെങ്കിലും മത്സരിച്ചാൽ മതിയെന്ന് മാത്രമാണ് ശോഭയുടെ ഇപ്പോഴത്തെ നിലപാട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..