10 February Wednesday

ഊരെവിടെ മക്കളേ, 
കാർഡെവിടെ മക്കളേ ; ആദിവാസികൾക്ക്‌ അന്നമൂട്ടി സഞ്ചരിക്കുന്ന റേഷൻ കട

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2021

തൃശൂർ  
വന്യമൃഗ ശല്യമോ മഴയോ 35–-ാം നമ്പർ റേഷൻ കടയ്‌ക്ക്‌ മുന്നിൽ തടസ്സമാകാറില്ല. വനാന്തരത്തിലെ കാർഡുടമകൾക്ക്‌ റേഷനെത്തിക്കാൻ ഊരുകളിലേക്ക്‌ കൃത്യമായി എത്തും. ചാലക്കുടിയിലെ ആദിവാസികൾക്ക്‌ അന്നമൂട്ടുന്നത്‌ ഈ സഞ്ചരിക്കുന്ന റേഷൻ കടയാണ്‌. കള്ളവും ചതിയുമില്ലാതെ ഭക്ഷ്യധാന്യങ്ങൾ മുടങ്ങാതെ എത്തുമ്പോൾ കോവിഡ്‌ കാലത്തും പട്ടിണിയില്ല.  സംസ്ഥാനത്താദ്യമായി തൃശൂർ ജില്ലയിലാണ്‌ ഈ പദ്ധതി നടപ്പാക്കിയത്‌. ഭക്ഷ്യ കിറ്റ്‌  ഉൾപ്പെടെ
മുന്നിലെത്തിക്കുകയാണ്‌. 

അതിരപ്പിള്ളി പഞ്ചായത്തിലെ പുളിയിലപ്പാറ(പെരിങ്ങൽക്കുത്ത്)യിലെ  സഞ്ചരിക്കുന്ന റേഷൻകട ഒമ്പത്‌ ഊരിലാണ്‌ ഭക്ഷ്യധാന്യമെത്തിക്കുന്നത്‌.  ലോറിയിൽ ഭക്ഷ്യസാധനങ്ങളുമായി  റേഷൻ കടയെത്തുന്നതോടെ  കുടുംബങ്ങൾ റേഷൻകാർഡുമായി വന്ന് സാധനങ്ങൾ വാങ്ങും. ബി ഡി ദേവസി എംഎൽഎയുടെ ശ്രമഫലമായാണ്‌  ഇവിടെ സഞ്ചരിക്കുന്ന റേഷൻകട ആരംഭിച്ചത്‌. കാർഡൊന്നിന് 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും ഒരുകിലോ പഞ്ചസാരയുമടക്കം മാസം 36 കിലോ ഭക്ഷ്യധാന്യം നൽകും. 

റേഷൻ വാങ്ങാൻ കിലോമീറ്ററുകൾ താണ്ടിയുള്ള യാത്രയ്‌ക്കാണ്‌ അന്ത്യം കുറിച്ചത്‌.  ഷോളയാർ ഗിരിജൻ കോളനി, ആനക്കയം കോളനി, തവളക്കുഴിപ്പാറ മലയൻ കോളനി, വാഴച്ചാൽ കോളനി, വാച്ച്മരം ഗിരിജൻ കോളനി, വാച്ച് മരം മലയൻ കോളനി, മൂക്കുംപുഴ ഗിരിജൻ കോളനി, പൊകലപ്പാറ ഗിരിജൻ കോളനി, പെരിങ്ങൽക്കുത്ത് കോളനി എന്നീ   ഊരുകളിലെ 300 കുടുംബത്തിനാണ്‌ റേഷൻ സാധനങ്ങൾ നേരിട്ട് എത്തിക്കുന്നത്‌.

റേഷനിങ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെയും താലൂക്ക് സപ്ലൈ ഓഫീസിന്റെയും വാഹനത്തിൽ മാസത്തിൽ രണ്ട് ദിവസമാണ് സാധനങ്ങൾ  എത്തിക്കുന്നത്. വിതരണതീയതി പ്രൊമോട്ടർമാർ ഊരുകളിൽ അറിയിക്കും.
സംസ്ഥാനത്തെ ആദ്യത്തെ സഞ്ചരിക്കുന്ന റേഷൻ കട പീച്ചി മേഖലയിലെ ഊരുകളിലാണ്  ആരംഭിച്ചത്‌.  ഗവ. ചീഫ് വിപ്പുമായ അഡ്വ. കെ രാജൻ മുൻകൈയെടുത്ത പദ്ധതി മന്ത്രി പി തിലോത്തമനാണ്‌ ഉദ്ഘാടനംചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top