ന്യൂഡൽഹി
കർഷകരെ സമരജീവികളെന്ന് ആക്ഷേപിച്ച പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെ കിസാൻ സഭ അപലപിച്ചു. പാർലമെന്റിൽ നടത്തിയ പരാമർശം അടിയന്തരമായി പിൻവലിച്ച് പ്രധാനമന്ത്രി മാപ്പുപറയണം. ‘കോർപറേറ്റ് ജീവി’യായ പ്രധാനമന്ത്രിയാണ് കർഷകരെ അവഹേളിച്ചത്. ബ്രിട്ടീഷ് അടിമത്തത്തിനെതിരായി ഇന്ത്യക്കാർ നടത്തിയ മഹത്തായ സമരത്തിൽ പ്രധാനമന്ത്രിയുടെ ആർഎസ്‌എസ് പങ്കെടുത്തിരുന്നില്ല.
പ്രധാനമന്ത്രിയുടെ അവഹേളനത്തിനെതിരായി രാജ്യവ്യാപകമായ പ്രതിഷേധത്തിനും കിസാൻ സഭ ആഹ്വാനം ചെയ്‌തു.
ഭരണഘടന പ്രകാരം പ്രതിഷേധിക്കാൻ കർഷകർക്ക് അവകാശമുണ്ട്. കർഷകരെ അപകീർത്തിപ്പെടുത്തിയ പ്രധാനമന്ത്രിയുടെ നടപടി അപലപനീയമാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പാർടികളും ബഹുജനസംഘടനകളും മുന്നോട്ടുവരണം.
സമരത്തിന് കാരണം പറയാൻ കർഷകസംഘടനകൾക്ക് കഴിയുന്നില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കർഷകസമരത്തെ അപകീർത്തിപ്പെടുത്തുന്നതിനാണ് ഈ പരാമർശം. സ്വാമിനാഥൻ ശുപാർശപ്രകാരമുള്ള മിനിമം താങ്ങുവില മോഡിയുടെയും ബിജെപിയുടെയും തെരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു. ഇത് പാലിക്കുന്നതിന് പകരം കാർഷികമേഖലയെയും ഭക്ഷ്യസുരക്ഷയെയും കോർപറേറ്റുകൾക്ക് അടിയറ വയ്‌ക്കുകയാണ് സർക്കാർ ചെയ്‌തത്.
കേന്ദ്രസർക്കാർ പൂർണമായും വിദേശ–- ആഭ്യന്തര കോർപറേറ്റ് മൂലധനത്തിന്റെ പിടിയിലാണെന്നാണ് പ്രധാനമന്ത്രിയുടെ മറുപടിയിലൂടെ വ്യക്തമാകുന്നത്.
കാർഷിക നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി ബില്ല് പിൻവലിക്കുക, നിയമപരിരക്ഷയോടെ എംഎസ്‌പി എന്നീ മൂന്നാവശ്യങ്ങളും അംഗീകരിക്കപ്പെടുംവരെ സമരം തുടരും–- കിസാൻസഭ പ്രസിഡന്റ് അശോക ദാവ്‌ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും പ്രസ്‌താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..