09 February Tuesday

റെയിൽവേ വികസനം : കേന്ദ്ര അവഗണന അവസാനിപ്പിക്കണം: മന്ത്രി സുധാകരന്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 8, 2021


കേരളം ആവശ്യപ്പെട്ട അര്‍ധ അതിവേ​ഗ റെയില്‍ ഇടനാഴി ഉൾപ്പെടെയുള്ള പദ്ധതികൾക്ക് കേന്ദ്ര ബജറ്റിൽ അനുമതി നൽകാത്തതില്‍ പ്രതിഷേധിച്ച്‌   മന്ത്രി ജി സുധാകരൻ റെയിൽവേ മന്ത്രി പീയുഷ്‌ ഗോയലിന്‌ കത്തയച്ചു.

കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ച പദ്ധതിയാണ് തിരുവനന്തപുരം–- കാസർകോട്‌ റെയില്‍ ഇടനാഴി. വിശദ പദ്ധതി റിപ്പോർട്ടും അലൈൻമെന്റും കേന്ദ്രഅനുമതിക്കായി കഴിഞ്ഞ വർഷം സമർപ്പിച്ചു‌. എന്നാല്‍ അന്തിമഅനുമതിയും വിഹിതവും അനുവദിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. 1500 കോടി ചെലവ് വരുന്ന അമ്പലപ്പുഴ–- എറണാകുളം, ഗുരുവായൂർ–-തിരുനാവായ പാത ഇരട്ടിപ്പിക്കലിനും ആവശ്യമായ തുക അനുവദിച്ചില്ല. എറണാകുളം–-ഷൊർണൂർ മൂന്നാം പാതയ്ക്കും തുക അനുവദിച്ചില്ല.

തിരുവനന്തപുരം–-  കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ, നേമം കോച്ചിങ്‌ ടെർമിനൽ, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ വികസനം എന്നിവ പരിഗണിച്ചില്ല. മുടങ്ങിക്കിടക്കുന്ന അങ്കമാലി –-ശബരി റെയിൽപാത നിർമാണത്തിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് അറിയിച്ചിട്ടും പദ്ധതി പുനരാവിഷ്കരിക്കാൻ ആവശ്യമായ കേന്ദ്രവിഹിതം അനുവദിക്കാന്‍ മടി കാട്ടുന്നു. പാലക്കാട് കോച്ച് ഫാക്ടറിക്ക്‌ 1000 രൂപ മാത്രം അനുവദിച്ച് വികസനം തടസ്സപ്പെടുത്തുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. നിഷേധാത്മകമായ സമീപനം  അവസാനിപ്പിച്ച് കേരളത്തിന്റെ റെയിൽ വികസനത്തിന്‌ ആവശ്യമായ വിഹിതം അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top