ചെന്നൈ
രണ്ടുദിവസം ബൗളർമാരെ പുറംതള്ളിയ ചെപ്പോക്കിലെ പിച്ച് മൂന്നാംദിനം കൺതുറന്നു. ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാരുടെ അമിതാവേശംകൂടിയായപ്പോൾ ആദ്യ ടെസ്‌റ്റിന്റെ മൂന്നാംദിനം ഇംഗ്ലണ്ടിന് മേൽക്കൈ കിട്ടി. ഇംഗ്ലണ്ടിന്റെ റൺമല കടക്കാനിറങ്ങിയ ഇന്ത്യ 6–-257 റണ്ണെന്ന നിലയിലാണ്. 321 റൺ പിന്നിൽ. രണ്ടുദിനംശേഷിക്കെ ഫോളോഓൺ ഒഴിവാക്കാൻ 121 റൺകൂടി വേണം ഇന്ത്യക്ക്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ 578 റൺ അടിച്ചുകൂട്ടി.
ഇംഗ്ലണ്ടുകാർ റൺകൊയ്‌ത പിച്ചിൽ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി (11), വൈസ് ക്യാപ്‌റ്റൻ അജിൻക്യ രഹാനെ (1), രോഹിത് ശർമ (6) എന്നിവർ ഒരുനേട്ടവുമുണ്ടാക്കാതെ മടങ്ങുകയായിരുന്നു. ശുഭ്‌മാൻ ഗിൽ (29) മികച്ച തുടക്കത്തിനുശേഷം വിക്കറ്റ് തുലച്ചു. 4–-73 റണ്ണെന്ന നിലയിലായിരുന്നു ഒരുഘട്ടത്തിൽ ഇന്ത്യ. തകർപ്പൻ പ്രത്യാക്രമണത്തിലൂടെ ഋഷഭ് പന്തും (88 പന്തിൽ 91) ചേതേശ്വർ പൂജാരയും (143 പന്തിൽ 73) ചേർന്നാണ് കരകയറ്റിയത്. എന്നാൽ, ഡോം ബെസിന്റെ സ്‌പിൻ ആക്രമണത്തിൽ ആ ചെറുത്തുനിൽപ്പും അവസാനിച്ചു. കോഹ്‌ലിയുടെയും രഹാനെയുടെയും വേരിളക്കിയത് ബെസായിരുന്നു. നാല് വിക്കറ്റെടുത്തു ഈ ഓഫ് സ്‌പിന്നർ.
വാഷിങ്‌ടൺ സുന്ദറും (33) ആർ അശ്വിനും (8) ക്രീസിൽ.
8–-555 റണ്ണെന്നനിലയിൽ മൂന്നാംദിനം ആരംഭിച്ച ഇംഗ്ലണ്ട് വേഗം തീർന്നു. ജസ്‌പ്രീത് ബുമ്രയും ആർ അശ്വിനും വിക്കറ്റുകൾ പങ്കിട്ടു.
ആത്മവിശ്വാസത്തോടെ തുടങ്ങിയ ഇന്ത്യക്ക് പക്ഷേ, മുന്നേറാനായില്ല. രോഹിത് ആർച്ചറുടെ പന്തിൽ മടങ്ങി. ഗില്ലിനെയും ആർച്ചെർ അവസാനിപ്പിച്ചു. ക്യാപ്‌റ്റൻ കോഹ്‌ലി മികച്ച പന്തിലാണ് പുറത്തായത്. രഹാനെ ബെസിന്റെ ഫുൾടോസിൽ തീർന്നു. ജോ റൂട്ട് ഒറ്റക്കൈയിൽ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു.
പന്തും പൂജാരയും പ്രത്യാക്രമണം നടത്തി. ജാക്ക് ലീച്ചിനെ പന്ത് നിലയുറപ്പാക്കാൻ അനുവദിച്ചില്ല. ഒരോവറിൽ ഒമ്പത് റണ്ണിന് മുകളിലാണ് ഈ സ്‌പിന്നർ വഴങ്ങിയത്. അഞ്ച് സിക്‌സർ പന്ത് ലീച്ചിനെ പറത്തി. ഈ കൂട്ടുകെട്ട് മുന്നേറുന്നതിനിടെയാണ് ബെസിന്റെ നിരുപദ്രവകരമായ പന്തിൽ പൂജാര പുറത്താകുന്നത്. പിന്നാലെ ബെസിനെ സിക്‌സർ പായിക്കാനുള്ള ശ്രമത്തിൽ പന്തും മടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..