ന്യൂഡൽഹി
രാജ്യവ്യാപക വഴിതടയൽ വലിയ വിജയമായതോടെ കേന്ദ്രത്തിനെതിരായ സമരം കൂടുതൽ തീവ്രമാക്കാൻ കർഷകസംഘടനകളുടെ തീരുമാനം. ട്രേഡ്‌യൂണിയനുകൾ ഉൾപ്പെടെ മറ്റ് ബഹുജന സംഘടനകളെയടക്കം അണിനിരത്തി പ്രക്ഷോഭം ശക്തമാക്കാനാണ് ആലോചന. സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻമോർച്ച യോഗം ചേർന്ന് ഭാവി പ്രക്ഷോഭപരിപാടികളിൽ തീരുമാനമെടുക്കും.
വഴിതടയൽ സമരം വലിയ വിജയമായതായി സംയുക്ത കിസാൻമോർച്ച പ്രസ്‌താവനയിൽ പറഞ്ഞു. സർക്കാരുമായി ചർച്ചയ്‌ക്ക് കർഷകസംഘടനകൾ ഇപ്പോഴും ഒരുക്കമാണ്. എന്നാൽ, പുതിയ നിർദേശം മുന്നോട്ടുവയ്‌ക്കണം. ഒന്നര വർഷത്തേക്ക് നിയമങ്ങൾ മരവിപ്പിക്കാമെന്ന നിർദേശത്തോട് യോജിപ്പില്ലെന്ന് അറിയിച്ചതാണ്. എംഎസ്‌പിക്ക് നിയമപരിരക്ഷ അടക്കമുള്ള പുതിയ നിർദേശങ്ങളാണ് വേണ്ടത്. മൂന്ന് നിയമവും പിൻവലിക്കുംവരെ കർഷകസമരം തുടരും–- കിസാൻ മോർച്ച അറിയിച്ചു.
മോഡി സർക്കാരിനെതിരായി ജനവികാരം കൂടുതൽ ശക്തിപ്പെടുന്നുവെന്ന വിലയിരുത്തലിലാണ് കർഷകസംഘടനകൾ. വഴിതടയൽ സമരത്തിലെ വൻജനപങ്കാളിത്തം ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. യുപിയിലും ഹരിയാനയിലും സംഘടിപ്പിക്കപ്പെടുന്ന മഹാപഞ്ചായത്തുകളിലും പതിനായിരങ്ങളാണ് അണിനിരക്കുന്നത്. മോഡിക്കെതിരായ ജനവികാരമായി സമരം മാറുന്നതിൽ സംഘപരിവാർ സംഘടനകളും അസ്വസ്ഥരാണ്.
സമരം അന്തർദേശീയ തലത്തിൽ ചർച്ചചെയ്യപ്പെടുന്നതും അവരെ അലോസരപ്പെടുത്തുന്നു. സമരത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങളെല്ലാം പാളിയെന്ന വിലയിരുത്തലിലാണ് കേന്ദ്രം. അക്രമസമരമായി ചിത്രീകരിക്കാനുള്ള നീക്കവും പൊളിഞ്ഞു.
മഹാപഞ്ചായത്തിലും പതിനായിരങ്ങൾ
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മഹാപഞ്ചായത്തുകൾ ഉത്തരേന്ത്യയിൽ തുടരുകയാണ്. ഞായറാഴ്‌ച ഹരിയാനയിലെ ഹിസാർ ജില്ലയിൽ ചർഖി ദാദ്രിയിൽ പതിനായിരങ്ങൾ പങ്കെടുത്ത് മഹാപഞ്ചായത്ത് ചേർന്നു. കിസാൻ മോർച്ച നേതാക്കളായ ദർശൻ പാൽ, രാകേഷ് ടിക്കായത്ത്, ബൽബീർ സിങ് രജേവാൾ തുടങ്ങിയവർ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്‌തു. നേരത്തേ ഹരിയാനയിലെ ജിണ്ട്, യുപിയിലെ മുസഫർനഗർ, ബാഗ്‌പത്, ഷാംലി എന്നിവിടങ്ങളിലും ആയിരങ്ങൾ പങ്കെടുത്തുള്ള മഹാപഞ്ചായത്തുകൾ ചേർന്നിരുന്നു.
ഇതിനുപുറമെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള ചെറുയോഗങ്ങളും ഹരിയാന, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ തുടരുകയാണ്. മോഡി സർക്കാർ കോർപറേറ്റുകൾക്കായി കർഷകരെ വഞ്ചിക്കുന്നുവെന്ന വികാരമാണ് ഗ്രാമങ്ങളിൽ. യുപി, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിരവധി ബിജെപി നേതാക്കളും കർഷകർക്ക് അനുഭാവവുമായി രംഗത്തുണ്ട്. മോഡി സർക്കാർ ശരിയായ രീതിയിലല്ല കർഷകവിഷയം കൈകാര്യം ചെയ്യുന്നതെന്ന അഭിപ്രായം ഹരിയാനയിലും മറ്റും ബിജെപിക്കുള്ളിലും ശക്തിപ്പെട്ടു.
ഒരു കർഷകൻകൂടി ജീവനൊടുക്കി
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി അതിർത്തിയിൽ സമരത്തിലുള്ള ഒരു കർഷകൻകൂടി ആത്മഹത്യചെയ്‌തു. ഹരിയാനയിലെ ജിണ്ടിൽനിന്നുള്ള അമ്പത്തിരണ്ടുകാരനായ കരംവീർ സിങ്ങാണ് ടിക്രി അതിർത്തിയിലെ സമരകേന്ദ്രത്തിൽനിന്ന് രണ്ട് കിലോമീറ്റർമാറി മരത്തിൽ തൂങ്ങിമരിച്ചത്.
ഞായറാഴ്‌ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും മൃതദേഹത്തോടൊപ്പം ലഭിച്ചു. മോഡി സർക്കാർ തുടർച്ചയായി തീയതി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും നിയമങ്ങൾ എപ്പോൾ പിൻവലിക്കുമെന്ന് പറയാനാകില്ലെന്നും കുറിപ്പിലുണ്ട്.
ഡൽഹി അതിർത്തിയിൽ സമരം ആരംഭിച്ചശേഷം ആറാമത്തെ കർഷക ആത്മഹത്യയാണിത്. രണ്ടാഴ്‌ചമുമ്പ് ടിക്രിയിൽ ഒരു കർഷകൻ വിഷംകഴിച്ച് മരിച്ചിരുന്നു. ഇതിനോടകം നൂറ്റമ്പതിലേറെ കർഷകർ സമരകേന്ദ്രങ്ങളിൽ മരിച്ചിട്ടുണ്ട്.
യുഎൻ മനുഷ്യാവകാശ സംഘടനയ്‌ക്ക് കത്തയച്ചു
അറസ്‌റ്റുചെയ്‌തും ഇന്റർനെറ്റ് വിച്‌ഛേദിച്ചും കർഷകസമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന മോഡി സർക്കാരിന്റെ നടപടികൾക്കെതിരെ കർഷകസംഘടനകൾ ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ കമീഷനെ സമീപിച്ചു. യുഎന്നിന്റെ ഇന്ത്യയിലെ മനുഷ്യാവകാശ കമീഷണർക്ക് മോഡി സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി സംഘടനകൾ കത്തയച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള അറസ്‌റ്റും ഇന്റർനെറ്റ് വിച്‌ഛേദവും മുഖ്യവിഷയങ്ങളായി കത്തിൽ ചൂണ്ടിക്കാട്ടി.
അറസ്‌റ്റുചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ വിശദമാക്കുന്ന ഡി കെ ബസു കേസ് വിധിയും ഇന്റർനെറ്റ് അടിസ്ഥാന മനുഷ്യാവകാശമാണെന്ന കേരള ഹൈക്കോടതിയുടെ വിധിയും കത്തിൽ പരാമർശിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് പൊലീസ് നടത്തുന്നതെന്നും വിഷയത്തിൽ ഇടപെടണമെന്നും അഭ്യർഥിച്ചതായി അഭിഭാഷകൻ വാസു കുക്‌റേജ പറഞ്ഞു. ഇത്തരം പല വിഷയങ്ങളിലും യുഎൻ മനുഷ്യാവകാശ കമീഷൻ ഇടപെട്ടിട്ടുണ്ടെന്നും ഇവിടെയുംഅതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കുക്‌റേജ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..