08 February Monday

14 ജില്ലയിലും തളിർ ഇക്കോ ഷോപ്പുകൾ തുറന്നു ; ആലത്തൂരിൽ വിത്തുസംഭരണ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Monday Feb 8, 2021


ആലത്തൂർ
ആലത്തൂരിലെ വിത്ത് സംഭരണ കേന്ദ്രവും ഇടുക്കി കലയന്താനിയിലെ ചക്ക വിപണ കേന്ദ്രവും 14 ജില്ലകളിലെയും തളിർ ഇക്കോഷോപ്പുകളും മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിഎഫ്പിസികെയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി 13 ടൺ നേന്ത്രക്കായ 28ന് കൊച്ചിയിൽനിന്ന് യൂണിയൻ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ചക്ക വിപണനവും സംസ്‌കരണവും മൂല്യവർധിത ഉൽപ്പന്ന നിർമാണവും വഴി ലോക വിപണിയിലേക്ക് വിഎഫ്പിസികെ എത്തുകയാണ്. വിഎഫ്പിസികെയുടെയും ഹോർട്ടികോർപ്പിന്റെയും അംഗീകൃത വിപണികളിലും കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളിലും കർഷകർ വിറ്റ ഉൽപ്പന്നങ്ങൾക്കുള്ള താങ്ങുവില ഉടൻ നൽകുമെന്നും മന്ത്രി  പറഞ്ഞു.

ഹോർട്ടികൾച്ചർ മിഷന്റെ സഹകരണത്തോടെ 97.5 ലക്ഷം രൂപ ചെലവിൽ ആലത്തൂരിൽ നിർമിച്ച 2000 ചതുരശ്ര അടി സംഭരണ കേന്ദ്രത്തിൽ 100 ടൺ വിത്ത് സംഭരിക്കാനാകും.

ഇടുക്കി കലയന്താനിയിൽ 75 ലക്ഷം രൂപ ചെലവിൽ നിർമിച്ച ചക്ക വിപണ കേന്ദ്രം ചക്കയുടെയും മൂല്യ വർധിത ഉൽപ്പന്നങ്ങളുടെയും വിപണിയാണ് ലക്ഷ്യമിടുന്നത്. വിഎഫ്പിസികെയുടെ വിത്തും, തൈകളും കർഷകരുടെ പഴം പച്ചക്കറി ഉൽപ്പന്നങ്ങളും വിറ്റഴിക്കാനുള്ള കേന്ദ്രങ്ങളാണ് 14 ജില്ലകളിലും ആരംഭിച്ച തളിർ ഗ്രീൻ ഔട്ട്‌ലെറ്റുകൾ. കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി.

തരിശുനിലങ്ങളിലേക്ക്‌ പുത്തൻ യന്ത്രങ്ങൾ
കേരള പുനർനിർമാണ പദ്ധതിയുടെ സഹായത്തോടെ മലബാർ കാർഷിക മേഖലയിലെ കർഷകർക്ക് ദൈനംദിന കാർഷികവൃത്തിക്ക്‌ സേവനം ഉറപ്പു വരുത്തുന്നതിന് ആരംഭിച്ച കോഴിക്കോട് കൂത്താളിയിലെ കാർഷിക യന്ത്ര സംരക്ഷണ കേന്ദ്രവും കാർഷിക യന്ത്രശേഖരവും മണ്ണുത്തി അഗ്രി റിസർച്ച് സെന്ററിൽ മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്‌തു.

മന്ത്രി ടി പി രാമകൃഷ്ണൻ ഓൺലൈനിൽ അധ്യക്ഷനായി. കാർഷിക സേവന  കേന്ദ്രങ്ങളുടെയും കാർഷിക കർമസേനകളുടെയും ശാക്തീകരണത്തിനുള്ള പദ്ധതിക്ക് അഞ്ചുകോടി രൂപയാണ് അനുവദിച്ചത്. കാർഷിക യന്ത്രവൽക്കരണ മിഷനാണ് നിർവഹണച്ചുമതല. തരിശുരഹിത കേരളമാണ് പദ്ധതി ലക്ഷ്യമിടുന്നത്.  തരിശുനിലങ്ങളിലെ കളകളും എക്കലുംമൂലം  സാധാരണ കൃഷിയന്ത്രങ്ങളുപയോഗിച്ച് കൃഷി ചെയ്യാൻ സാധിക്കാത്തതിനാൽ  നെൽവയലുകൾ പാകപ്പെടുത്തിയെടുക്കുന്നതിന് പ്രത്യേകതരം കാർഷികയന്ത്രങ്ങൾ ആവശ്യമാണ്‌. ഇതിന് കായിക പരിശീലനം ലഭിച്ച പ്രത്യേക ദൗത്യസേനയെ ആവശ്യമായതിനാലാണ്‌ കേരള പുനർനിർമാണ പദ്ധതിയിലുൾപ്പെടുത്തി  പുതിയ പദ്ധതി തയ്യാറാക്കിയത്.

420 ലക്ഷം രൂപയുള്ള  നൂതന കാർഷിക യന്ത്രങ്ങൾ ഇതിനായി സജ്ജമായി. യന്ത്രങ്ങൾ യഥാപൂർവം  സംരക്ഷിച്ച് ആവശ്യാനുസരണം കൃഷിയിടങ്ങളിൽ വിന്യസിക്കുന്നതിനാണ്  കാർഷികയന്ത്ര സംരക്ഷണ കേന്ദ്രമൊരുക്കിയത്.  യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനും നിത്യ പരിചരണം നടത്തി ആവശ്യമുള്ള സ്ഥലങ്ങളിൽ വിന്യസിക്കുന്നതിനുമായാണ് കൂത്താളിയിൽ 2500 ചതുരശ്ര അടി വിസ്തൃതിയിൽ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. ഇത്‌ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള വർക്ക്‌ ഷോപ്പായും വിപുലീകരിക്കും. കൂടാതെ കാർഷിക യന്ത്രവൽക്കരണത്തിൽ  ഐടിഐ, ഐടിസി, വിഎച്ച്എസ്‌സി വിദ്യാർഥികൾക്ക്‌  പ്രവൃത്തി  പരിശീലന കേന്ദ്രമായും  പ്രവർത്തിക്കും.

ചടങ്ങിൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ ആർ ചന്ദ്രബാബു, കാർഷിക യന്ത്രവൽക്കരണ മിഷൻ സ്പെഷ്യൽ ഓഫീസർ യു ജയ്കുമാരൻ, കൃഷി അഡീഷണൽ ഡയറക്ടർ കെ രാധാകൃഷ്ണൻ, ഡയറക്ടർ ഓഫ് എക്സ്റ്റെൻഷൻ ജിജു പി അലക്സ്‌ തുടങ്ങിയവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top