08 February Monday

പിഎസ്‌സിയും പിന്‍വാതിലും- അശോകന്‍ ചരുവില്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 8, 2021

പിഎസ്‌സിയെ മറികടന്ന് പിന്‍വാതില്‍ നിയമനം നടക്കുന്നുവെന്ന പ്രചരണം യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയാകുമെന്ന് പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറിയും മുന്‍ പിഎസ്‌സി അംഗവുമായ അശോകന്‍ ചരുവില്‍. പിഎസ്‌സിക്ക് റിക്രൂട്ട്‌മെന്റ് ചുമതലയുള്ള ഏതെങ്കിലും ഒരു തസ്തികയിലെങ്കിലും  മറ്റു നിലക്ക് സ്ഥിരനിയമനം നടത്തിയത് ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

അശോകന്‍ ചരുവിലിന്റെ കുറിപ്പ് ചുവടെ

'പി.എസ്.സി.യെ മറികടന്ന് പിന്‍വാതില്‍നിയമനം' എന്ന പുകമറയുമായി രാഷ്ട്രീയനാടകം നടത്തുന്നവര്‍ കരുതുന്നത് കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളായ യുവാക്കള്‍ പമ്പരവിഡ്ഡികള്‍ ആണെന്നാണ്. അഴിച്ചുവിട്ട പഴയവിവാദങ്ങള്‍ പോലെ ഇതും യു.ഡി.എഫ് / ബി.ജെ.പി.ക്കു തിരിച്ചടിയാവും.

പി.എസ്.സി.ക്ക് റിക്രൂട്ട്‌മെന്റ് ചുമതലയുള്ള ആയിരക്കണക്കിനു തസ്തികകളില്‍ ഏതെങ്കിലും ഒന്നിലെങ്കിലും മറ്റു നിലക്ക് സ്ഥിരനിയമനം നടത്തിയത് ചൂണ്ടിക്കാണിക്കാന്‍ ഇവര്‍ക്ക് കഴിയുമോ?

പി.എസ്.സി. റാങ്കുലീസ്റ്റു പ്രാബല്യത്തിലുള്ള ഏതെങ്കിലും തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാര്‍ തുടരുന്നതായി പറയാന്‍ ഇവര്‍ക്കു കഴിയുമോ?

പി.എസ്.സിക്ക് ചുമതലയുള്ള ഏതെങ്കിലും തസ്തികയില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതായി പറയാന്‍ കഴിയുമോ?

കേരളത്തിലെ ബഹുഭൂരിപക്ഷം സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും പി.എസ്.സി. മുഖാന്തിരമാണ് നിയമനം നടത്തുന്നത്. റാങ്ക് ലിസ്റ്റ് ഇല്ലാത്ത സാഹചര്യത്തില്‍ അവിടെ താല്‍ക്കാലിക ജീവനക്കാരെ നിശ്ചിത കാലയളവില്‍ നിയമിക്കാന്‍ വകുപ്പു മേധാവിക്ക് അധികാരമുണ്ട്. ലീസ്റ്റ് വരുന്ന മുറക്ക് അവര്‍ പുറത്തു പോകും. പക്ഷേ പണ്ടുകാലത്തേപ്പോലെ അത്തരം താല്‍ക്കാലിക നിയമനങ്ങള്‍ ഇപ്പോള്‍ തീരെ കുറവാണ്. കാരണം പി.എസ്.സി. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നതു തന്നെ. ലീസ്റ്റുകള്‍ കൃത്യമായി പുറത്തു വരുന്നു. ഞാന്‍ പി.എസ്.സി.പരീക്ഷയെഴുതിയപ്പോള്‍ അപേക്ഷ സ്വീകരിച്ച് രണ്ടു വര്‍ഷം കഴിഞ്ഞിട്ടാണ് ടെസ്റ്റിനു വിളിച്ചത്. ടെസ്റ്റുകഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞാണ് റാങ്കുലീസ്റ്റ് വന്നത്. പക്ഷേ ഇന്ന് അതിവേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാവുന്നുണ്ട്. നിയമന നിരോധനവും ഇല്ല.

ആകെ ഒരു പരാതി ഉന്നയിക്കപ്പെട്ടു കാണുന്നത് റാങ്കുലീസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ജോലി കിട്ടുന്നില്ല എന്നതാണ്. അതിനു കാരണം ഒഴിവുകളുടെ എണ്ണത്തിലെ മൂന്നും നാലും ഇരട്ടി ആളുകളെ റാങ്കുലീസ്റ്റില്‍ ഉള്‍പ്പെടുത്തുന്നു എന്നതാണ്. സപ്ലിമെന്ററിലീസ്റ്റ് വേറെയും. ഞങ്ങള്‍ പഠിപ്പിക്കുന്നവരെല്ലാം റാങ്കുലീസ്റ്റില്‍ ഉള്‍പ്പെടുമെന്നും റാങ്കുലീസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ജോലി കിട്ടുമെന്നും പി.എസ്.സി. കോച്ചിംഗ് സെന്ററുകള്‍ ഉദ്യോഗാര്‍ത്ഥികളെ മോഹിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു.  ശക്തമായ കോച്ചിംഗ് മാഫിയയാണ് കേരളത്തില്‍ ഉള്ളത്. ഔപചാരിക വിദ്യാഭ്യാസം പോലെയായിരിക്കുന്നു 'പി.എസ്.സി.പഠനം.'

ഒരു കാര്യം പലരും മറക്കുന്നു. പി.എസ്.സിക്ക് റിക്രൂട്ട്‌മെന്റ് ചുമതല വിട്ടുകൊടുക്കാത്ത നിരവധി സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉണ്ട്. അവിടെയെല്ലാം ആയിരക്കണക്കിന് തസ്തികകള്‍ ഉണ്ട്. അവര്‍ക്കെല്ലാം അവരുടേതായ റിക്രൂട്ടിംഗ് രീതികള്‍ ഉണ്ട്. സ്ഥിരനിയമനങ്ങള്‍ക്ക് പുറമേ കരാര്‍നിയമനങ്ങള്‍, ദിവസക്കൂലി നിയമനങ്ങള്‍, താല്‍ക്കാലിക നിയമനങ്ങള്‍ എന്നിവ അവിടെ നടക്കുന്നു. വര്‍ഷങ്ങളായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ അവിടെങ്ങളില്‍ സ്ഥിരപ്പെടുത്തുന്ന പതിവുണ്ട്. അത് യു.ഡി.എഫ്. കാലത്തും എല്‍.ഡി.എഫ്. കാലത്തും പതിവുണ്ട്. അതിന് പി.എസ്.സി.യുമായി ഒരു ബന്ധവുമില്ല. റാങ്കുലീസ്റ്റില്‍ ഉള്‍പ്പെട്ടവരെ എത് ഒരു നിലക്കും ബാധിക്കുന്നില്ല.

ഉദാഹരണത്തിന് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍. അവിടെ ഇന്നു ജോലി ചെയ്യുന്ന എഴുപത്തിയഞ്ച് ശതമാനം ജീവനക്കാരും താല്‍ക്കാലിക തസ്തികയില്‍ ചേര്‍ന്ന് പിന്നീട് സ്ഥിരപ്പെട്ടവരാണ്. ഇതില്‍ യു.ഡി.എഫ് സര്‍ക്കാരുകള്‍ സ്ഥിരപ്പെടുത്തിയവരുടെ പേരുകള്‍ ഞാന്‍ വിളിച്ചു പറയണോ? പിന്നെ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ആയിരക്കണക്കിന് തസ്തികകളുള്ള എയിഡഡ് വിദ്യാലയങ്ങള്‍.

സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലേയും റിക്രൂട്ട്‌മെന്റ് പി.എസ്.സി.ക്കു വിടുക എന്ന മുദ്രാവാക്യമാണ് ഉയരേണ്ടത്.

പകരമുള്ള അസംബന്ധ രാഷ്ട്രീയകോമാളിത്ത നാടകങ്ങള്‍ നിറുത്തുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top