സ്വന്തം ലേഖകൻ
എം കെ മുനീറിനെ വേണ്ടെന്ന് കൊടുവള്ളി മണ്ഡലം കമ്മിറ്റി, പി കെ ഫിറോസിനെ താനൂരിലേക്ക് വേണ്ടെന്ന് പ്രവര്‍ത്തകര്‍. കെ എം ഷാജിയെ അഴീക്കോട് നിന്ന് മാറ്റി കണ്ണൂര്‍ നേതാക്കളെ പരിഗണിക്കണം. ഒപ്പം കൂത്തുപറമ്പ് കിട്ടിയാൽ ജില്ലക്ക് പുറത്തുനിന്നാരേയും മത്സരിപ്പിക്കരുതെന്നും കണ്ണൂരിലെ ലീഗ് ആവശ്യപ്പെടുന്നു. നേതാക്കളുടെ ഇറക്കുമതിക്കെതിരെ മണ്ഡലം കമ്മിറ്റികൾ രംഗത്തെത്തിയതോടെ നേതൃത്വം പൊല്ലാപ്പിലായി. പാണക്കാട്ടെത്തി സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങൾക്ക് പരാതി നൽകുന്ന തിരക്കിലാണ് ചില ലീഗ് മണ്ഡലം നേതൃത്വം. കൊടുവള്ളി മണ്ഡലം കമ്മിറ്റിയാണ് ആദ്യം പ്രാദേശിക വാദവുമായെത്തിയത്. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ കൊടുവള്ളിക്കായി ശ്രമിച്ചതോടെയായിരുന്നു ഇത്. ജില്ലാ ജനറൽ സെക്രട്ടറി എം എ റസാഖ്, വി എം ഉമ്മർ എന്നിവരെല്ലാം ഇവിടെ സീറ്റിനായുണ്ട്.
കോഴിക്കോട് സൗത്ത് സുരക്ഷിതമല്ലാത്തതിനാലാണ് മുനീർ കൊടുവള്ളി നോട്ടമിട്ടത്. മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് താനൂരോ തിരൂരോ സീറ്റിനായി ശ്രമിക്കുന്നുണ്ട്. എന്നാൽ പ്രാദേശിക നേതൃത്വം എതിരാണ്. മലപ്പുറത്തിന് പുറത്തുനിന്നുള്ള സ്ഥാനാർഥി വേണ്ട, പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് ഇവർ നേതാക്കളെയെല്ലാം അറിയിച്ചു. കോഴക്കേസിലകപ്പെട്ട ഷാജിയെ ഇക്കുറി പരിഗണിക്കില്ലെന്ന വിശ്വാസത്തിലാണ് കണ്ണൂർ ജില്ലാനേതൃത്വം. കൂത്തുപറമ്പ് കിട്ടിയാൽ യൂത്ത്‌ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈറിനെ മത്സരിപ്പിക്കുമോ എന്ന ചങ്കിടിപ്പും കണ്ണൂർ ലീഗ് നേതാക്കള്‍ക്കുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..