08 February Monday

ഉമ്മൻചാണ്ടി സർക്കാർ വീഴാൻ കാരണം പിൻവാതിൽ നിയമനങ്ങളുമെന്ന്‌ ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Monday Feb 8, 2021

പാലക്കാട് > ഉമ്മൻചാണ്ടി സർക്കാരിനെ ജനം തിരസ്ക്കരിക്കാൻ പിൻവാതിൽ നിയമനവും കാരണമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. "ഐശ്വര്യ കേരളം യാത്ര' യുടെ ഭാഗമായി മണ്ണാർക്കാട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ യുഡിഎഫ് ഭരണകാലത്ത് 175 ജീവനക്കാരെ പിൻവാതിലിലൂടെ നിയമിച്ചുവെന്ന വിജിലൻസ് കണ്ടെത്തൽ സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു ഈ പരാമർശം. മന്ത്രിമാരുടെ പ്രവർത്തനവും അന്നത്തെ യുഡിഎഫ് സർക്കാരിന്റെ പരാജയത്തിന് കാരണമായിട്ടുണ്ടാകാമെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയിൽ ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച യുഡിഎഫിന് അയോധ്യയിലും സുപ്രീംകോടതി വിധി മറികടക്കാൻ നിയമം വേണമെന്ന അഭിപ്രായമുണ്ടാ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ചെന്നിത്തല ഒഴിഞ്ഞു മാറി. അയോധ്യ കേരളത്തിന്റെ വിഷയമല്ലെന്ന പറഞ്ഞ അദ്ദേഹം രാജ്യത്തിന്റെ എല്ലാ വിഷയത്തിലും പ്രതികരിക്കാൻ താൻ അശക്തനാണെന്നും പറഞ്ഞു.

കിഫ്ബി അപ്രായോഗികമാണെന്ന വാദത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞു. കിഫ്ബി യുഡിഎഫ് സർക്കാർ കൊണ്ടുവന്നതാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കിഫ് ബി പിൻവലിക്കില്ല. കിഫ്ബി അപ്രായോഗികമെന്ന് താൻ പറഞ്ഞിട്ടില്ല. കേരളത്തെ പോലൊരു സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത്തരം സംവിധാനം വേണം.യുഡിഎഫ് സർക്കാർ കൊണ്ടുവന്നതാണ് കിഫ്‌ബി. കിഫ്ബിയിലെ ക്രമക്കേട് മാത്രമാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ഹാഗിയ സോഫിയ വിഷയത്തിൽ ചാണ്ടി ഉമ്മൻ നടത്തിയ പ്രസ്ഥാവന തെറ്റെന്ന് അദ്ദേഹത്തിന് തന്നെ ബോധ്യമായെന്നും മാപ്പു പറയുകയും ചെയ്‌തു. അതോടെ ആ വിഷയം അവസാനിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top