08 February Monday

എം വി ജയരാജന്‍ നാളെ ആശുപത്രി വിടും; ഒരുമാസം വിശ്രമം

വെബ് ഡെസ്‌ക്‌Updated: Monday Feb 8, 2021

പരിയാരം > കോവിഡ് ന്യുമോണിയ കാരണം അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ എംഎല്‍എയും സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍ രോഗമുക്തനായി ആരോഗ്യം ഏറെക്കുറേ വീണ്ടെടുത്തതായി തിങ്കളാഴ്ച വൈകിട്ടു ചേര്‍ന്ന  മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി.

ചൊവ്വാഴ്ച രാവിലത്തെ പരിശോധനകൂടി കഴിഞ്ഞ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യും. ഒരുമാസത്തെ വിശ്രമവും തുടര്‍ചികിത്സയും കര്‍ശനമായി പാലിക്കണമെന്നും സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.  കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ജനുവരി 18ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം വി ജയരാജനെ 20നാണ് പരിയാരത്തേക്കു മാറ്റിയത്.

പ്രിന്‍സിപ്പല്‍ ഡോ. കെ എം കുര്യാക്കോസ് ചെയര്‍മാനും സൂപ്രണ്ട് ഡോ. കെ സുദീപ് കണ്‍വീനറുമായ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. കോവിഡ് ഐസിയുവിലെ നേഴ്‌സുമാരുടെ സേവന സന്നദ്ധതയും അര്‍പ്പണബോധവും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുവെന്നും മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവര്‍ ജയരാജന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ സൂപ്രണ്ടുമായി ചര്‍ച്ച നടത്തി. ആരോഗ്യപ്രവര്‍ത്തകരെ ഇരുവരും അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top