ബംഗളൂരു> അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽമോചിതയായ അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് വി കെ ശശികല ഇന്ന് ചെന്നൈയിലെത്തും. ശശികല സംസ്ഥാനത്ത് എത്തുന്നതിനോട് അനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. തമിഴ്‌നാട് -കർണാടക അതിർത്തിയിൽ മാത്രം 1500ഓളം പൊലീസുകാരെ വിന്യസിച്ചു.
ബംഗളൂര് ദേവനഹള്ളിയിലെ റിസോർട്ടിൽനിന്ന് രാവിലെ ശശികല തമിഴ്‌നാട് -കർണാടക അതിർത്തിയായ ഹൊസൂറിലേക്കെത്തുമെന്നാണ് അറിയിപ്പ്. ബംഗളൂരു മുതൽ ചെന്നൈ വരെ 32 ഓളം ഇടങ്ങളിൽ സ്വീകരണമൊരുക്കിയിട്ടുണ്ട്. ടി. നഗറിലെ എം.ജി.ആറിന്‍റെ വസതിയിലെത്തി പ്രാർഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. 5000ത്തിൽ അധികം പ്രവർത്തകർ ശശികലയുടെ സ്വീകരണ പരിപാടികളിൽ പങ്കെടുക്കുത്തേക്കും.
ശശികലക്കെതിരെ എ.ഐ.എ.ഡി.എം.കെ പൊലീസിൽ പരാതിയുമായി എത്തിയിരുന്നു. ശശികല തമിഴ്നാട്ടില്‍ അക്രമം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തുന്നുവെന്നും ക്രമസമാധാനം പൊലീസ് ഉറപ്പുവരുത്തണമെന്നുമാണ് പരാതിയിലെ ആവശ്യം. കര്‍ണാടകയില്‍നിന്ന് ശശികല തമിഴ്നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഭരണകക്ഷി പരാതി നൽകിയത്.
അതേസമയം, അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവും ശശികലയുടെ മരുമകനുമായ ദിനകരന് ആരോപണം നിഷേധിച്ചു. അഴിമതി കേസില്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശശികലക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കര്‍ണാടകയില്‍ ചികിത്സയിലായിരുന്നു. ശശികല തമിഴ്നാട്ടിൽ എത്തുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയം ഇളകിമറിയാനാണ് സാധ്യതയെന്ന് പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..