ന്യൂഡൽഹി > കർഷകസമരത്തെ ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുന്ന മോഡി സർക്കാരിന് താക്കീതായി രാജ്യവ്യാപക പ്രതിരോധം. കർഷകസംഘടനകളുടെയും ട്രേഡ്‌യൂണിയനുകളുടെയും പ്രതിപക്ഷ പാർടികളുടെയും നേതൃത്വത്തിൽ ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ ദേശീയ–- സംസ്ഥാന പാതകളും ഗ്രാമീണ റോഡുകളും ഉപരോധിച്ചു. സമരത്തെ ദുർബലമാക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന കേന്ദ്രത്തിനും ബിജെപിക്കും കനത്ത താക്കീതായി വഴിതടയൽ സമരം. ശനിയാഴ്‌ച പകൽ 11 മുതൽ മൂന്നുവരെ നീണ്ട വഴിതടയൽ സമാധാനപരമായിരുന്നു. യുപിയിലും ഉത്തരാഖണ്ഡിലും കർഷകരും തൊഴിലാളികളും വൻ പ്രകടനങ്ങളും യോഗവും നടത്തി. റിപ്പബ്ലിക് ദിനത്തിലെ ഐതിഹാസികമായ കിസാൻ പരേഡിന് ശേഷം കർഷകസംഘടനകൾ രാജ്യവ്യാപകമായി ആഹ്വാനംചെയ്‌ത വഴിതടയലിലും ലക്ഷക്കണക്കിനാളുകൾ ആവേശപൂർവം പങ്കാളികളായി.
ബിജെപി ഭരണസംസ്ഥാനങ്ങളിലും അധികൃതരുടെ വിലക്കുകൾ ലംഘിച്ചും ഭീഷണികൾ അവഗണിച്ചും ലക്ഷങ്ങൾ പങ്കുചേർന്നു. മധ്യപ്രദേശ്, യുപി, ഹരിയാന, ഗുജറാത്ത്, കർണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയിരങ്ങൾ വഴിതടഞ്ഞ് അറസ്‌റ്റ് വരിച്ചു. ബിജെപി ഭരണസംസ്ഥാനങ്ങളിലും ഡൽഹിയിലും സമരം പൊളിക്കാൻ നിരവധി കർഷക–- ട്രേഡ്‌യൂണിയൻ–- പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കി. എന്നിട്ടും സമരാവേശത്തെ തണുപ്പിക്കാനായില്ല.
ദേശീയപാതകളെല്ലാം ഉപരോധിച്ചിരിക്കുന്നതിനാൽ ഡൽഹിയിൽ വഴിതടയലുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിട്ടും അരലക്ഷത്തോളം സുരക്ഷാസൈനികരെ വിന്യസിച്ചു. നിരവധി മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു. ഡൽഹിയുടെ അതിർത്തി മേഖലകളിലും ഹരിയാനയിലും ഇന്റർനെറ്റ് വിച്ഛേദം തുടർന്നു. നഗരഹൃദയമായ ഐടിഓയിലെ ഷഹീദ് പാർക്കിൽ വഴി തടയലിന് ഐക്യദാർഢ്യം അറിയിച്ച് പ്രകടനം നടത്തിയ മഹിളാ അസോസിയേഷൻ, എസ്എഫ്‌ഐ, സിഐടിയു പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ജമ്മു–-കശ്‌മീർ, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര,ആന്ധ്ര, തെലങ്കാന, ബംഗാൾ, ബിഹാർ, ഛത്തിസ്‌ഗഢ്, ജാർഖണ്ഡ്, തമിഴ്‌നാട്, ഹിമാചൽ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കർഷകർ ദേശീയപാതകളും സംസ്ഥാന പാതകളും ഉപരോധിച്ചു. സ്‌ത്രീകളും വലിയതോതിൽ പങ്കാളികളായി. പലയിടത്തും റോഡുകളിൽ ട്രാക്ടർ–- ട്രോളികൾ നിരത്തി. ചില കേന്ദ്രങ്ങളിൽ വഴിതടയൽ മുടക്കാനെത്തിയ സംഘപരിവാർ പ്രവർത്തകരെ സമരക്കാർ ആട്ടിപ്പായിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കാനും വൈദ്യുതിബിൽ പിൻവലിക്കാനും സ്വാമിനാഥൻ ശുപാർശപ്രകാരമുള്ള എംഎസ്‌പി നിയമപരമായി ഉറപ്പുവരുത്താനും സർക്കാർ കൂട്ടാക്കിയില്ലെങ്കിൽ 70 ദിവസത്തിലേറെയായി തുടരുന്ന സമരം കൂടുതൽ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് കർഷകസംഘടനകൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..