കാസർകോട്> സ്വാതന്ത്ര്യസമര സേനാനിയും കമ്യുണിസ്റ്റ്, കർഷക പ്രസ്ഥാനത്തിന്റെ നേതാവും ദേശാഭിമാനി ലേഖകനുമായിരുന്ന സി കൃഷ്ണൻ നായരുടെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് കെ ടി ശശി അർഹനായി. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കൃഷ്ണൻ നായരുടെ കുടുംബത്തിന്റെ സഹായത്തോടെ കാസർകോട് ഇ എം എസ് പഠന കേന്ദ്രമാണ് അവാർഡ് ഏർപ്പെടുത്തിയത്.
കണ്ണൂർ ആന്തൂരിലെ വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യക്ക് പിന്നിലെ യാഥാർഥ്യം ചൂണ്ടിക്കാട്ടി ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്തകളാണ് കെ ടി ശശിയെ അവാർഡിന് അർഹനാക്കിയത്. ഡോ. വി പി പി മുസ്തഫ കൺവീനറായ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
കതിരൂർ സഹകരണ ബാങ്കിന്റെ ഐ വി ദാസ് സ്മാരക പുരസ്കാരം, ഫാം ജേർണലിസം അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കാസർകോട് കുറ്റിക്കോലിലെ പരേതനായ കെ അപ്പയുടെയും ടി പാർവതിയുടെയും മകനാണ്. ഭാര്യ: എ ചന്ദ്രിക (പരസ്യവിഭാഗം അസിസ്റ്റന്റ് മാനേജർ, ദേശാഭിമാനി കണ്ണൂർ). മകൻ: അക്ഷയ്. സി കൃഷ്ണൻ നായരുടെ ചരമവാർഷിക ദിനമായ 14ന് കാലിക്കടവിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..