തിരുവനന്തപുരം > പേര് വിളിച്ചയുടൻ മോ സാക്കിബ് ആലം എഴുന്നേറ്റ് ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രിയോട് തന്റെ ആവശ്യം "പറഞ്ഞു'. ശബ്‌ദമില്ലാതിരുന്ന ആ ഭാഷയ്‌ക്ക് ശബ്‌ദമായി അധ്യാപകൻ പ്രശാന്തിന്റെ വാക്കുകൾ ഒപ്പമെത്തി–- "പ്രൈമറി തലംമുതൽ പാഠഭാഗങ്ങളിൽ ആംഗ്യഭാഷ ഉൾപ്പെടുത്തണം'. നിർദ്ദേശം കേട്ടയുടൻ കേരള സർവകലാശാല സെനറ്റ് ഹാളിൽ കൂടിയ വിദ്യാർഥികൾ നിറഞ്ഞ കരഘോഷത്തോടെ ഏറ്റെടുത്തു. ജന്മനാ സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത നേപ്പാൾ സ്വദേശിയായ സാക്കിബ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിങ്ങിലെ(നിഷ്) മൂന്നാം വർഷ
ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. "നവകേരളം, യുവകേരളം' പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുമായുള്ള സംവാദത്തിലാണ് സാക്കിബ് തന്റെ ആവശ്യം അറിയിച്ചത്. തന്നെപ്പോലെ നിശ്ശബ്‌ദതയിൽ ജീവിക്കുന്ന വിദ്യാർഥികൾക്കായാണ് നിർദേശമെന്ന് സാക്കിബ് പറഞ്ഞു.
സർക്കാർ ഓഫീസ്, പൊതുസ്ഥലം, ആശുപത്രി എന്നിവയുടെ പ്രവർത്തനവും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടത്തുന്ന സെമിനാറുകളും പരിപാടികളും ഭിന്നശേഷിസൗഹൃദമാകണം. ഇതിനായി ആംഗ്യഭാഷാ വിദഗ്ധരെ ഉപയോഗിക്കണം. ബിഎഡ് പഠനകേന്ദ്രങ്ങളിൽ ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ ഫോർ ഡെഫ് സെന്ററുകളും ആംഗ്യഭാഷ (ഐഎസ്‌എൽ) കോഴ്‌സുകളും ഉറപ്പാക്കണം–- സാക്കിബിന്റെ മറ്റ് നിർദേശങ്ങൾ. പരിപാടി അവസാനിക്കുന്നതുവരെ പ്രശാന്ത് ആംഗ്യഭാഷയിൽ സാക്കിബിന് വിവരം പറഞ്ഞുകൊടുത്തു. നാലുവർഷം മുമ്പാണ് സാക്കിബ് കേരളത്തിലെത്തിയത്. ഭിന്നശേഷിക്കാർക്കായി രാജ്യത്താകെയുള്ള വിദ്യാഭ്യാസ കേന്ദ്രമാണ് നിഷ്. ഡെഫ് അസോസിയേഷൻ വഴിയാണ് സാക്കിബ് നിഷിലെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..