ന്യൂഡൽഹി> രാജ്യതലസ്ഥാനത്ത് വഴിതടയില്ലെന്ന് കർഷകസംഘടനകൾ പ്രഖ്യാപിച്ചിട്ടും സുരക്ഷയുടെപേരിൽ ശനിയാഴ്‌ച ഡൽഹിയെ കേന്ദ്ര സർക്കാർ രാവണൻകോട്ടയാക്കി. വെള്ളിയാഴ്‌ച രാത്രിമുതൽ പതിനായിരക്കണക്കിന് സായുധ സുരക്ഷാഭടന്മാരെ നഗരത്തിലെങ്ങും വിന്യസിച്ചു. അതിർത്തിയിലെ സമരകേന്ദ്രങ്ങളിൽ ബാരിക്കേഡുകൾ പലമടങ്ങായി വർധിപ്പിച്ചു. ടിക്രിയിൽ മാത്രം ഇരുപത് നിര സിമന്റ് ബാരിക്കേഡുകൾ നിരത്തി. റോഡുകളിൽ മുള്ളാണികൾ വീണ്ടും സ്ഥാപിച്ചു. കശ്‌മീരിലും മറ്റുമുപയോഗിക്കുന്ന മുൾവേലികളും നിരത്തി. സമരകേന്ദ്രങ്ങളിൽനിന്നുള്ള ചെറുവഴികൾ പോലും വേലികെട്ടിയടച്ചു.
ഗാസിപുർ ഉൾപ്പെടെയുള്ള അതിർത്തി സമരകേന്ദ്രങ്ങളിൽ ജലപീരങ്കികൾ വിന്യസിച്ചു. ഡ്രോണുകൾ നിരീക്ഷണപറക്കൽ നടത്തി. സിൻഘു, പൽവൽ തുടങ്ങി മറ്റ് സമരകേന്ദ്രങ്ങളിലും സമാന സന്നാഹമൊരുക്കി. ചെങ്കോട്ടയും സമീപപ്രദേശങ്ങളെയും കനത്ത സുരക്ഷാവലയത്തിലാക്കി. 10 മെട്രോ സ്‌റ്റേഷൻ അടച്ചു. 12 മെട്രോ സ്‌റ്റേഷനിൽ നിരീക്ഷണം ശക്തിപ്പെടുത്തി. ഗാസിപുരിൽ ബാരിക്കേഡുകൾക്ക് മുന്നിൽ പൊലീസ് രണ്ട് ട്രക്ക് നിറയെ മണ്ണിറക്കി. ബികെയു നേതാവ് രാകേഷ് ടിക്കായത്ത് ഇത് ചോദ്യംചെയ്‌തതോടെ പൊലീസ് തന്നെ മണ്ണ് മാറ്റി. ഈ സ്ഥലത്ത് കർഷകർ പച്ചക്കറികൾ നട്ടു. കഴിഞ്ഞ ദിവസം മുള്ളാണികൾ സ്ഥാപിച്ചയിടങ്ങളിൽ കർഷകർ ചെടികൾ നട്ടിരുന്നു.
ഐടിഓയിലെ ഷഹീദ്‌പാർക്കിൽ മഹിളാഅസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ദാവ്‌ളെ, ട്രഷറർ എസ് പുണ്യവതി, ഡൽഹി സംസ്ഥാന സെക്രട്ടറി ആഷ ശർമ, എസ്‌എഫ്‌ഐ ഡൽഹി പ്രസിഡന്റ് സുമിത് കടാരിയ, എൻഎഫ്‌ഐഡബ്ല്യു നേതാവ് ആനി രാജ തുടങ്ങി നൂറിലേറെ പേരെ അറസ്‌റ്റുചെയ്‌തു. സിഐടിയു ഡൽഹി വൈസ്‌പ്രസിഡന്റ് വിപിൻ, ഐഎഫ്‌ടിയു നേതാവ് ഡോ. അനിമേഷ് ദാസ് എന്നിവരെ മുൻകരുതൽ കസ്‌റ്റഡിയിലെടുത്തു. എഐയുടിയുസി സെക്രട്ടറി മാനേജർ ചൗരാസ്യയെ വീട്ടുതടങ്കലിലാക്കി. പൊലീസിന്റെ അടിച്ചമർത്തൽ നടപടിയെ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ അപലപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..