08 February Monday

തൃക്കാക്കരയിൽ പി ടി തോമസിനെ വേണ്ടെന്ന്‌ കോൺഗ്രസ്‌; ഹൈക്കമാൻഡിന് നിവേദനം

പ്രത്യേക ലേഖകൻUpdated: Sunday Feb 7, 2021

കൊച്ചി > തൃക്കാക്കര മണ്ഡലത്തിൽ  ഇനി പി ടി തോമസിനെ മത്സരിപ്പിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഡിസിസി ഭാരവാഹികളും ബ്ലോക്ക്‌, ബൂത്ത്‌ കമ്മിറ്റി ഭാരവാഹികളും ഹൈക്കമാൻഡിനും കെപിസിസി നേതൃത്വത്തിനും പരാതി നൽകി.  35 നേതാക്കള്‍ നിവേദനത്തില്‍ ഒപ്പിട്ടു.

ഇടപ്പള്ളി അഞ്ചുമനയിലെ റിയൽ എസ്‌റ്റേറ്റ്‌ കള്ളപ്പണം ഇടപാടിൽ വിജിലൻസ്‌ പ്രാഥമികാന്വേഷണം നടത്തുന്നതും തോട്‌ നികത്തിയ കേസിൽ വിജിലൻസ്‌ കേസുള്ളതും മത്സരിച്ചാൽ വിജയസാധ്യത ഇല്ലെന്നതും ഉൾപ്പെടെ 15 കാരണം നിരത്തുന്നു.   വിജിലൻസ്‌ അന്വേഷണ ഉത്തരവിന്റെ കോപ്പിയും നിവേദനത്തോടൊപ്പമുണ്ട്‌. കൊച്ചി നഗരസഭയിലേക്ക്‌ തോറ്റ ജൂനിയർ നേതാവിനെ പി ടി തോമസ്‌ മണ്ഡലത്തിലെ ഭാരവാഹികളുടെ എതിർപ്പ്‌ അവഗണിച്ച്‌‌ യുഡിഎഫ്‌ തൃക്കാക്കര മണ്ഡലം ചെയർമാനാക്കിയിരുന്നു. 

യുഡിഎഫ്‌ ജില്ലാ ചെയർമാൻ ഡൊമിനിക്‌ പ്രസന്റേഷനെ ഭീഷണിപ്പെടുത്തിയാണിതെന്നും ഇത്‌ ഇത്തവണയും മത്സരിക്കാനുള്ള കളമൊരുക്കാനാണെന്നുമാണ്‌ പരാതി. മണ്ഡലം കമ്മിറ്റി ഭാരവാഹികളെ സ്വന്തം ഇഷ്‌ടപ്രകാരം നിയമിക്കാൻ എംഎൽഎ നീക്കം നടത്തുകയാണ്‌. പ്രാദേശിക പാർടി പ്രവർത്തകരെ അവഗണിക്കുന്നു. 

ഇടുക്കിയിൽനിന്നുള്ളവരാണ്‌ എംഎൽഎ ഓഫീസ്‌ നിയന്ത്രിക്കുന്നത്‌. മണ്ഡല ത്തിൽ കാര്യമായ വികസനമില്ല.  ബെന്നി ബഹനാൻ 20,000 വോട്ടിന്‌ വിജയിച്ച മണ്ഡലത്തിൽ, തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫിന്‌ 2000 വോട്ടുമാത്രമാണ് ‌ഭൂരിപക്ഷമുള്ളതെന്നും എംഎൽഎയോടുള്ള എതിർപ്പാണ്‌ വോട്ടുചോർച്ചയ്‌ക്ക്‌ കാരണമെന്നും നിവേദനത്തിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top