07 February Sunday

"നായകനാകണം, അതാണ്‌ സ്വപ്‌നം"; വിശേഷങ്ങളുമായി അമിത്‌ ചക്കാലക്കൽ

ഡി ‌കെ അഭിജിത്‌Updated: Sunday Feb 7, 2021

യുവം എന്ന സിനിമയിൽ അമിത്‌ ചക്കാലക്കൽ

കൊച്ചിയിലെ തെരുവുകളിൽ വർഷങ്ങൾക്ക്‌ മുമ്പ്‌ ഷൂട്ടിങ്‌ കാണാൻ പോയി നിൽക്കുമ്പോൾ അമിത്‌ ചക്കാലക്കൽ എന്ന താടിക്കാരന്‌ സിനിമ ഒരുപാട്‌ ദൂരെയായിരുന്നു. ഹൈലൈറ്റ്‌ താടി കണ്ടുതന്നെ ഷൂട്ടിങ്‌ സെറ്റിൽനിന്ന്‌ ജൂനിയർ ആർട്ടിസ്‌റ്റിലേക്ക്‌... രജീഷ്‌ മിഥില സംവിധാനംചെയ്‌ത ലാൽ ബഹദൂർ ശാസ്‌ത്രി എന്ന ചിത്രത്തിലും ചെറിയൊരു റോളിൽ മുഖം കാണിച്ചുനിന്നു. അതേ സംവിധായകന്റെ അടുത്ത ചിത്രത്തിൽ നായകൻ. ഹണീബീ, ആഹാ, ജിബൂട്ടി... സിനിമ അഭിനിവേശമായ യുവാക്കൾക്ക്‌ പ്രചോദനമാകുന്ന ജീവിതകഥയാണ്‌ അമിത്തിന്റെത്‌. നായകനായി അഭിനയിച്ച രണ്ടാമത്തെ ചിത്രം "യുവം' 12 ന്‌ തിയറ്ററുകളിലേക്ക്‌ എത്തുകയാണ്‌. 
 
"യുവം' വഴിത്തിരിവാകും
 
സാമൂഹ്യ പ്രതിബദ്ധതയുള്ള ഉത്സാഹികളായ എബി, വിനു, പോൾ എന്നീ മൂന്നു യുവ അഭിഭാഷക കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള നർമത്തിന്റെ അകമ്പടിയിൽ രസകരമായ ഒരു പൊളിറ്റിക്കൽ ത്രില്ലർ പ്രമേയമാണ് ‘യുവ'ത്തിന്റേത്. പിങ്കു പീറ്ററാണ്‌ സംവിധാനം. ഇതിൽ അഭിഭാഷനായ എബി എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതായിരിക്കും സിനിമ. ചിത്രം കരിയറിൽ വഴിത്തിരിവാകും എന്ന ആത്മവിശ്വാസത്തിലാണ്. നമുക്ക്‌ എല്ലാത്തരം ആളുകൾക്കും റിലേറ്റ്‌ ചെയ്യാൻ പറ്റുന്ന കഥാപരിസരമാണ്‌ യുവത്തിന്റേത്‌. ഇത്‌ യഥാർഥത്തിൽ സംഭവിച്ച ഒരു കഥയാണ്‌. ഒടിടി റിലീസ്‌ ചെയ്യേണ്ട ചിത്രമല്ല, തിയറ്ററിൽത്തന്നെ കാണേണ്ടതാണ്‌. 
 
എബിസിഡിയും ഖാലിദ്‌ റഹ്‌മാനും
 
മാർട്ടിൻ പ്രക്കാട്ട്‌ സംവിധാനംചെയ്‌ത ദുൽഖർ–ഗ്രിഗറി ടീമിന്റെ എബിസിഡി എന്ന സിനിമയിയുടെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത്‌ ഞാൻ പോയിരുന്നു. അതിൽ അസിസ്‌റ്റന്റ്‌ ഡയറക്‌ടർ ആയിരുന്ന ഖാലിദ്‌ റഹ്‌മാനെ മുൻപരിചയം ഉണ്ട്‌. ഷൂട്ടിങ്‌ കാണാൻചെന്ന എന്നെ ആ സിനിമയിൽ അതിഥിവേഷത്തിൽ അഭിനയിപ്പിച്ചു. അതുപോലെ ഇന്ദ്രജിത്ത് ചേട്ടന്റെ മസാല റിപ്പബ്ലിക്കിലും ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു. ഇപ്പോൾ "ജിബൂട്ടി' യിൽ ഞാൻ ലീഡ് റോൾ ചെയ്‌ത സിനിമയിൽ ഗ്രിഗറി കൂടെ ഉണ്ട്. ഇന്ദ്രജിത്തിനൊപ്പം അഭിനയിച്ച "ആഹാ' പുറത്തിറങ്ങാൻ ഇരിക്കുന്നു. ഒരു സ്വപ്‌നം പോലെയാണ്‌ ഓരോ സിനിമ കഴിയുമ്പോഴും അഭിനയജീവിതം മുന്നോട്ട്‌ പോകുന്നത്‌.
 
താടിയുള്ള മച്ചാനായി "ഹണീബീ' യിലേക്ക്‌
 
അഭിനയം ആഗ്രഹമായി കൊണ്ടുനടന്ന്‌ ഒരു ചാനൽ റിയാലിറ്റി ഷോയിൽ ആണ് ആദ്യമായി പങ്കെടുത്തത്. അതിൽ ഫൈനൽ റൗണ്ടിൽ പുറത്താക്കപ്പെട്ടു, അതിനു ശേഷം ഒരുപാട് ഓഡിഷനിൽ പങ്കെടുത്തു. അവസരം ലഭിച്ചില്ല. താടിയുള്ള മച്ചാന്മാർക്ക് എന്ന പേരിൽ ലാൽ ജൂനിയറിന്റെ "ഹണീബീ' എന്ന സിനിമയുടെ ഒരു ഓഡിഷൻ നടക്കുന്നുവെന്നു കേട്ടു, അങ്ങനെ അതിൽ പങ്കെടുത്തു. അതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. 
 
വാരിക്കുഴിയിലെ കൊലപാതകം, ഫാ. വിൻസന്റ്‌ കൊമ്പാന 
 
ലാൽ ബഹദൂർ ശാസ്ത്രിക്ക്‌ ശേഷമാണ്‌ രജീഷ് മിഥില എന്നെ "വാരിക്കുഴിയിലെ കൊലപാതകം' എന്ന പടത്തിൽ വിളിക്കുന്നത്. ആദ്യം നായകവേഷം ആയിരുന്നില്ല എനിക്ക്‌. നായകനായി രജീഷ്‌ തീരുമാനിച്ചപ്പോൾ നിർമാതാക്കൾ നിരവധിപേർ പറ്റില്ലെന്ന്‌ പറഞ്ഞു. ഒടുവിൽ എന്നെ നായകനായി സിനിമ ചെയ്യാൻ തയ്യാറായ നിർമാതാക്കളെ കണ്ടെത്തി. അതാണ് എനിക്കൊരു ബ്രേക്ക് തന്ന മൂവി.
 
ഇന്ദ്രേട്ടനോടൊപ്പം "ആഹാ' യിലും നല്ല വേഷമാണ്. "ജിബൂട്ടി' യിലും ഞാൻ ലീഡ് റോൾ ആണ്, ഇത് രണ്ടും യുവത്തിന്‌ ശേഷം റിലീസിന് വേണ്ടി തയ്യാറെടുക്കുന്നു. "ജിബൂട്ടി' ആഫ്രിക്കയിൽ ആയിരുന്നു ഷൂട്ടിങ്. കൊറോണ സമയത്ത് ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമകളിൽ ഒന്നാണ് "ജിബൂട്ടി'. 
 
നായകൻ തന്നെ... അതാണ്‌ സ്വപ്‌നം
 
പലരെയുംപോലെ മമ്മൂട്ടിയെയും മോഹൻലാലിനെയുമൊക്കെ കണ്ടാണ്‌ ഞാനും വളർന്നത്‌. അഭിനയത്തോടുള്ള ഇഷ്‌ടം അവസാനിക്കാത്ത ഒന്നാണ്‌. നായകനാകാൻ വേണ്ടിയാണ്‌ കാത്തിരുന്നതെല്ലാം. സിനിമ ലക്ഷ്യമാക്കുന്ന എല്ലാവർക്കും അത്‌ തന്നെയായിരിക്കും മനസ്സിൽ. പലരും മറ്റ്‌ വഴികളിൽ എത്തുന്നു എന്നുമാത്രം. ഞാൻ ഒരുപാട് ആഗ്രഹിച്ചാണ് ഈ ഫീൽഡിൽ എത്തിയത്. മെക്കാനിക്കൽ എൻജിനീയർ ആണ് ഞാൻ, പക്ഷേ ഒരു ആക്‌ടർ ആകണം എന്നുള്ളതായിരുന്നു ആഗ്രഹം. ഒന്നും എളുപ്പമല്ല എന്ന് അറിയാമായിരുന്നു, പക്ഷേ എനിക്ക് ഒരു ലക്ഷ്യമുണ്ട് അതിനായി ക്ഷമയോടെ കാത്തിരിക്കുക എന്നുള്ളതായിരുന്നു എനിക്ക് ചെയ്യാൻ കഴിയുന്നത്. സിനിമയിൽ ആരുടെയും സഹായമില്ലാതെയാണ്‌ എത്തിയത്‌. 
 
നിവിൻ പോളി ഇൻസ്‌പിരേഷൻ
 
സ്‌കൂളിൽ എന്റെ സീനിയറാണ് നിവിൻ പോളി. നമ്മുടെ ഇടയിലുള്ളവർ തന്നെ സിനിമയിലേക്ക് എത്തിയപ്പോൾ ആഗ്രഹവും ആത്മവിശ്വാസവും കൂടി. ഹണീബീ കഴിഞ്ഞപ്പോൾ ഒരുപാട്‌ ആളുകൾ നല്ല അഭിപ്രായം പറഞ്ഞു, ഇതൊക്കെയായിരുന്നു എന്നെ മുന്നോട്ടു നയിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top