കൊച്ചി
സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ‘നെക്ടര്‍ ഓഫ് ലൈഫ്’ എന്ന് പേരിട്ട പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ സഹകരണത്തോടെയാണ് ബാങ്ക് സ്ഥാപിച്ചത്. അമ്മയുടെ മരണം, രോഗബാധ അല്ലെങ്കില്‍ മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയവമൂലം മുലപ്പാല്‍ ലഭിക്കാത്ത നവജാതശിശുക്കള്‍ക്ക് അത് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബാങ്ക് സ്ഥാപിച്ചത്. ശേഖരിക്കുന്ന പാല്‍ ആറുമാസംവരെ കേടുകൂടാതെ സൂക്ഷിക്കാനാകും. പാസ്ച്ചറൈസേഷന്‍ യൂണിറ്റ്, റഫ്രിജറേറ്ററുകള്‍, ഡീപ് ഫ്രീസറുകള്‍, ഹോസ്പിറ്റല്‍ ഗ്രേഡ് ബ്രസ്റ്റ് പമ്പ്, ആര്‍ഒ പ്ലാന്റ്, സ്റ്റെറിലൈസിങ് ഉപകരണങ്ങള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവ അടങ്ങുന്ന മുലപ്പാല്‍ ബാങ്ക് 35 ലക്ഷം രൂപ ചെലവിലാണ് സ്ഥാപിച്ചത്.
ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷനായി. ഹൈബി ഈഡന്‍ എംപി, മേയര്‍ എം അനില്‍കുമാര്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. പരശുറാം ഗോപിനാഥ്, ആര്‍ മാധവ് ചന്ദ്രന്‍, ജോസ് ചാക്കോ, എസ് രാജ്‌മോഹന്‍നായര്‍, ഡോ. പി ജി പോള്‍, കൗണ്‍സിലര്‍ സുധ ദിലീപ്കുമാര്‍, ഡിഎംഒ എൻ കെ കുട്ടപ്പന്‍, ഐഎംഎ പ്രസിഡന്റ് ഡോ. ടി വി രവി, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ അനിത തുടങ്ങിയവർ പങ്കെടുത്തു. മുലപ്പാല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സിനിമാതാരം പേര്‍ളി മാണി വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..