വർത്തമാനവും ഭൂതകാലവും തമ്മിലുള്ള നിലയ്‌ക്കാത്ത സംവാദമായി ഇ എച്ച് കാർ അടയാളപ്പെടുത്തിയ ചരിത്രത്തിന്റെ ഇന്ത്യൻ സാഹചര്യത്തിലെ രാഷ്‌ട്രീയ പ്രയോഗങ്ങളെ വസ്‌തുനിഷ്‌ഠമായി വിശകലനം ചെയ്‌ത് വിമർശനാത്മകമായി അവതരിപ്പിച്ച ചരിത്രകാരന്മാരിൽ പ്രമുഖനായിരുന്നു പ്രൊഫ. ഡി എൻ ഝാ. ചരിത്രവും ചരിത്ര വിശ്ലേഷണവും അടിസ്ഥാനമില്ലാത്ത കഥാകഥനമായി ചുരുങ്ങുകയും വക്രീകരിക്കപ്പെട്ട ‘ചരിത്ര’ രചനകൾക്ക് ശാസ്‌ത്രീയ പരിവേഷം ഔദ്യോഗികമായി ലഭിക്കുകയും ചെയ്‌തിരിക്കുന്ന വർത്തമാനകാലത്ത് ശരിയും ശാസ്‌ത്രീയവും തത്വാധിഷ്‌ഠിതവുമായ ചരിത്രമെന്തെന്ന് ശക്‌തവും തീക്ഷ്‌ണവുമായ രചനകൾകൊണ്ട് ബഹുജനങ്ങളെയും ചരിത്രവിദ്യാർഥികളെയും പഠിപ്പിച്ച ഡി എൻ ഝാ ആഴത്തിൽ വായിക്കപ്പെടണം. വർഗീയവാദ ചരിത്രാഖ്യാനങ്ങൾ ഇന്ത്യ എന്ന ആശയത്തെ അപകടപ്പെടുത്തുമ്പോൾ ഡി എൻ ഝാ യുടെ എഴുത്തും ജീവിതവും അദ്ദേഹത്തിന്റെ ആശയലോകവും ജനാധിപത്യത്തിന്റെ പ്രതലത്തിൽ നിന്നുള്ള പ്രതിരോധത്തിന് കരുത്തുള്ള ഉപദാനങ്ങളാണ്.
ഡൽഹി സർവകലാശാലയിൽ ചരിത്രാധ്യാപകനായിരുന്ന ഡി എൻ ഝാ മധ്യകാല ഇന്ത്യാ ചരിത്രം, പ്രാചീന ഭാരതം എന്നീ മേഖലകളിൽ ആഴത്തിലുള്ള സംഭാവനകൾ നൽകി. ഹിന്ദു സ്വതം, പ്രാചീന ഇന്ത്യയുടെ സാമ്പത്തിക ചരിത്രം, സമൂഹവും പ്രത്യയശാസ്‌ത്രവും, ഫ്യൂഡൽ സാമൂഹ്യ രൂപീകരണം, ഫ്യൂഡൽഘടന തുടങ്ങിയ വിഷയങ്ങളിൽ ഡി എൻ ഝാ യുടെ പഠനങ്ങൾ വസ്‌തുനിഷ്‌ഠവും ആധികാരികവുമാണ്. ‘പശുദേശീയതയുടെ ’ ദേശദ്രോഹ സ്ഥലികളെ വസ്‌തുനിഷ്‌ഠമായി അടയാളപ്പെടുത്തിയ രണ്ടു കൃതി അദ്ദേഹം രചിച്ചു. 2002ൽ പ്രസിദ്ധീകരിച്ച ‘ഹോളി കൗ–- ബീഫ് ഇൻ ഇന്ത്യൻ ഡയറ്ററി ട്രഡീഷൻസ്’ എന്ന ഗ്രന്ഥം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. പശുവിനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്‌ഠിച്ച് വെജിറ്റേറിയനിസം അക്രമാത്‌മകമായി പ്രഘോഷിക്കുന്ന ഹിന്ദുത്വ ശക്‌തികളുടെ വാദങ്ങൾ വസ്‌തുനിഷ്‌ഠമായി തകർത്തെറിഞ്ഞ ഈ പുസ്‌തകം നിരോധിക്കപ്പെടുകയുണ്ടായി. എന്നാൽ, തന്റെ എല്ലാ വാദവും ഋഗ്വേദം തുടങ്ങി നിരവധിയായ പ്രാചീന ഗ്രന്ഥങ്ങളുടെ പിൻബലത്തിലാണ് അദ്ദേഹം അവതരിപ്പിച്ചത്. ഗോവധവും ഗോഹത്യയും ഇന്ത്യയിൽ കൊണ്ടുവന്നത് മുസ്ലിങ്ങളാണെന്ന ആരോപണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു ഈ പുസ്‌തകത്തിന്റെ കണ്ടെത്തലുകൾ.
ഇത്തരം വെളിപ്പെടുത്തൽ മാരകമായ പ്രഹരശേഷിയുള്ളതായിരുന്നു. വസ്‌തുനിഷ്‌ഠമായ ഈ കണ്ടെത്തലിന്റെ പേരിൽ നിരന്തരമായ വ്യക്‌തിഹത്യക്കും ഭീഷണിക്കും അദ്ദേഹം വിധേയമായി. അപായപ്പെടുത്താനുള്ള ശ്രമങ്ങൾപോലുമുണ്ടായി. അത്തരം അക്കാദമിക വിരുദ്ധവും പ്രതിലോമകരവുമായ നീക്കങ്ങളെ സധൈര്യം നേരിട്ട അദ്ദേഹം തന്റെ പഠനമേഖല കൂടുതൽ വിപുലീകരിച്ചുകൊണ്ടാണ് പ്രതികരണം അറിയിച്ചത്. 2009 ൽ ‘ദ മിത്ത് ഓഫ് ദ ഹോളി കൗ’ പ്രസിദ്ധീകരിച്ചുകൊണ്ട് ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്റെ വാദമുഖങ്ങളെ അദ്ദേഹം അരക്കിട്ടുറപ്പിച്ചു. യാഗ–-യജ്ഞ പാരമ്പര്യത്തിലധിഷ്‌ഠിതമായ ഹിന്ദുയിസമാണ് മൃഗബലി വ്യാപകമാക്കിയത്. സമ്പത്ത് ഉൽപ്പാദിപ്പിച്ചിരുന്ന കൃഷീവലൻമാരുടെയും കച്ചവടക്കാരുടെയും കൈവേലക്കാരുടെയും മിച്ചമൂല്യം കൈവശപ്പെടുത്താനുള്ള ചൂഷണപദ്ധതിയുടെ ഭാഗമായിരുന്നു യാഗ–-യജ്ഞങ്ങൾ. പശുദാനവും ബലിയും ഈ പ്രക്രിയയുടെ അവിഭാജ്യഘടകങ്ങളാണ്.
ഇതിനെതിരായ ബൗദ്ധിക കലാപമായിരുന്നു ബുദ്ധിസവും ജൈനിസവും. മൃഗബലിക്കെതിരായ സാമൂഹ്യപ്രതിരോധം ജൈന ബൗദ്ധ പാരമ്പര്യത്തിന്റെ ഉൽപ്പന്നമാണ്. ‘വെജിറ്റേറിയനിസം’ യഥാർഥത്തിൽ ഇവരുടെ സംഭാവനയാണ്. പിൽക്കാലത്ത് ബ്രാഹ്മണർ സസ്യാഹാരികളായി മാറിയെന്നത് വസ്‌തവം. മാംസാഹാരവും ഗോഹത്യയും വർഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി മുസ്ലിങ്ങളുടെയും മറ്റു മതന്യൂനപക്ഷ വിഭാഗങ്ങളുടെയും പിന്നോക്ക ജാതി വിഭാഗങ്ങളുടെയും മേൽ കെട്ടിവയ്‌ക്കുന്ന സവർണ ഫാസിസ്‌റ്റ് രാഷ്‌ട്രീയ പ്രയോഗങ്ങളെ ചരിത്രപരമായി നേരിട്ട ഒന്നാന്തരം ഗവേഷണ പ്രബന്ധങ്ങളാണ് ഡി എൻ ഝാ യുടേത്.
ബാബ്‌റി മസ്‌ജിദ്–- അയോധ്യ ഭൂമി തർക്കത്തിൽ അതാർ അലി, സൂരജ് ബാൻ, ആർ എസ് ശർമ എന്നിവരോടൊപ്പം ചേർന്ന് പ്രസിദ്ധീകരിച്ച ‘രാമജന്മ ഭൂമിയോ ബാബ്‌റി പള്ളിയോ: ഇന്ത്യാ രാജ്യത്തിനുള്ള റിപ്പോർട്ട്’–- (റിപ്പോർട്ട് റ്റു ദ നേഷൻ) ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഹിന്ദുത്വ ശക്‌തികൾ പ്രചരിപ്പിച്ച ജനകീയവൽകൃതമായ കൃത്രിമ ചരിത്രത്തിന്റെ പ്രതിലോമപരത തുറന്നുകാട്ടി. സ്‌കന്ദ പുരാണം, കൃത്യകൽപ്പതരു, രാമചരിതമാനസം, വിഷ്‌ണുസ്‌മൃതി, ഹുയാൻസാങ്ങിന്റെ വിവരണം എന്നിങ്ങനെ നിരവധിയായ ഉപദാനങ്ങളെ അടിസ്ഥാനമാക്കിയാണ് ‘റിപ്പോർട്ട്’ തയ്യാറാക്കിയത്. ഭക്‌തശിരോമണിയും കാവ്യകുലപതിയുമായ തുളസീദാസ് തന്റെ രാമചരിതമാനസത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ തകർച്ചയെക്കുറിച്ച് പരാമർശിക്കുന്നേയില്ല എന്നത് സവിശേഷ ശ്രദ്ധയാകർഷിക്കുന്നു.
സമകാലീന ഇന്ത്യ നേരിടുന്ന വർഗീയ ധ്രുവീകരണത്തെയും ഫാസിസ്‌റ്റു വൽക്കരണത്തെയും ചരിത്രത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് പ്രതിരോധിച്ച മഹാമനീഷിയായിരുന്നു ഡി എൻ ഝാ. ഭാരതീയ സംസ്‌കൃതിയുടെ പുരോഗമന ധാരകളെയും സഹിഷ്‌ണുതാ പാരമ്പര്യത്തെയും അദ്ദേഹം തന്റെ ചരിത്രരചനകളിലൂടെ ജനകീയമാക്കി. അഗാധമായ പാണ്ഡിത്യവും മനുഷ്യസ്‌നേഹവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
വസ്‌തുനിഷ്‌ഠമായ തെളിവുകളുടെ പിൻബലത്തിലല്ലാതെ ഒരു വരിപോലും അദ്ദേഹം എഴുതിയിട്ടില്ല. ശാസ്‌ത്രീയ ചരിത്രവും പഠനവും നിലനിൽക്കുന്ന കാലത്തോളം ഡി എൻ ഝാ ആദരിക്കപ്പെടും എന്ന കാര്യം നിസ്‌തർക്കമാണ്. വർഗീയത ചുരത്തുന്ന വിശുദ്ധ പശുവിനെ തന്റെ അഗാധ പാണ്ഡിത്യംകൊണ്ടും ഉജ്വലമായ നിലപാടുകൾകൊണ്ടും നാടുകടത്തിയ ഡി എൻ ഝാ മതനിരപേക്ഷ –-ജനാധിപത്യ ഇന്ത്യക്ക് ചരിത്രത്തിന്റെ പക്ഷത്തുനിന്നുകൊണ്ട് ജീവാമൃതം പ്രദാനംചെയ്‌ത വ്യക്‌തി എന്ന നിലയിൽ എന്നും ഓർമിക്കപ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..