ചെന്നൈ> ചെന്നൈയിൽ രണ്ടാംദിനവും ജോ റൂട്ട് ഇന്ത്യൻ ബൗളർമാരെ വെള്ളംകുടിപ്പിച്ചു. തകർപ്പൻ ഇരട്ടസെഞ്ചുറിയുമായി കളംനിറഞ്ഞ റൂട്ട് ആദ്യടെസ്‌റ്റിൽ ഇംഗ്ലണ്ടിനെ 500 കടത്തി. 128 റണ്ണുമായി രണ്ടാംദിനം കളി തുടങ്ങിയ റൂട്ട് 218 റണ്ണടിച്ചാണ് മടങ്ങിയത്. ഈ വർഷത്തെ രണ്ടാം ഇരട്ടസെഞ്ചുറിയാണ് ഇംഗ്ലീഷ് ക്യാപ്‌റ്റന്റേത്. രണ്ടാംദിനം 8–-555 റണ്ണെന്ന നിലയിലാണ് ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്.
അവസാനഘട്ടത്തിൽ നാല് വിക്കറ്റ് നേടാനായെങ്കിലും ഇന്ത്യൻ ബൗളർമാർക്ക് തൃപ്‌തി നൽകുന്നതായിരുന്നില്ല പ്രകടനം. രണ്ടാംദിനം കളി പുരോഗമിക്കുംതോറും പിച്ചിന്റെ സ്വഭാവം മാറിത്തുടങ്ങിയത് മൂന്നാംദിനം ഇന്ത്യൻ ബാറ്റിങ് നിരയ്‌ക്ക് ആശങ്ക നൽകുന്നുണ്ട്. രണ്ടാംദിനംതന്നെ ഇന്ത്യക്ക് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിക്കാൻ അവസരം കിട്ടിയതാണ്. എന്നാൽ, ഡോം ബെസിന്റെ അനായാസ ക്യാച്ച് രോഹിത് ശർമ വിട്ടുകളഞ്ഞത് തിരിച്ചടിയായി. ബെസ് 28 റണ്ണുമായി ക്രീസിലുണ്ട്.നൂറാം ടെസ്‌റ്റ് കളിക്കുന്ന ഒരു ബാറ്റ്‌സ്‌മാന്റെ ഏറ്റവും മികച്ച സ്‌കോറുമായാണ് റൂട്ട് മടങ്ങിയത്. 2010നുശേഷം ഇന്ത്യൻ മണ്ണിൽ ഒരു വിദേശ കളിക്കാരന്റെ മികച്ച സ്‌കോറുമാണിത്. ആർ അശ്വിനെ സിക്‌സർ പറത്തിയായിരുന്നു റൂട്ടിന്റെ ഇരട്ടസെഞ്ചുറി. ഒമ്പതുമണിക്കൂർ നീണ്ട ഇന്നിങ്‌സിൽ രണ്ട് സിക്‌സറും 19 ഫോറുകളും ഉൾപ്പെട്ടു.
3–-263 റണ്ണന്ന നിലയിൽ രണ്ടാംദിനം ആരംഭിച്ച ഇംഗ്ലണ്ടിനെ റൂട്ട്–-ബെൻ സ്‌റ്റോക്‌സ് സഖ്യം മുന്നോട്ട് നയിച്ചു. 124 റണ്ണാണ് ഇരുവരും ചേർന്ന് നേടിയത്. മികച്ച പ്രത്യാക്രമണം നടത്തിയ സ്‌റ്റോക്‌സിനെ (82) ഷഹബാസ് നദീമാണ് മടക്കിയത്. 4–-387 ആയിരുന്നു ഇംഗ്ലണ്ട് സ്‌കോർ അപ്പോൾ.പിന്നീടെത്തിയ ഒല്ലീ പോപ്പും ക്യാപ്‌റ്റന് പിന്തുണ നൽകി. 34 റണ്ണെടുത്ത പോപ്പിനെ ആർ അശ്വിൻ വിക്കറ്റിനുമുന്നിൽ കുരുക്കുകയായിരുന്നു. ഇതിനിടെ റൂട്ട് ഇരട്ടസെഞ്ചുറി പൂർത്തിയാക്കി. നദീമാണ് റൂട്ടിനെ പറഞ്ഞയച്ചത്. വിക്കറ്റിനുമുന്നിൽ കുരുക്കി.ജോസ് ബട്‌ലർ (30), ജോഫ്ര ആർച്ചെർ (0) എന്നിവരെ തുടർച്ചയായ പന്തുകളിൽ മടക്കിയ ഇശാന്ത് ശർമയാണ് അവസാനഘട്ടത്തിൽ ഇന്ത്യക്ക് ആശ്വാസം പകർന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..