06 February Saturday

ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങൾ -ബെഫി വെബിനാർ നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Feb 6, 2021

കൊച്ചി>  ജനവിരുദ്ധ ബാങ്കിംഗ് നയങ്ങൾ ജനശ്രദ്ധയില്‍  എത്തിക്കുന്നതിനുള്ള പരിപാടികൾക്ക് ബി.ഇ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി ഞായറാഴ്ച  ( ഫെബ്രുവരി 7 ) തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വെബിനാർ  രാവിലെ 10.30 ന് സിഐടിയു  സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി ഉദ്ഘാടനം ചെയ്യും.

ഐഎന്‍ടിയുസി  സംസ്ഥാന പ്രസിഡണ്ട് ആർ.ചന്ദ്രശേഖരൻ, ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി വി.രാധാകൃഷ്ണൻ, ഡിവൈഎഫ്ഐ I കേന്ദ്ര കമ്മിറ്റി അംഗം നിധിൻ കണിച്ചേരി, എഐവൈഎഫ്  സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എൻ.അരുൺ, യൂത്ത് കോൺഗ്രസ് കമ്മിറ്റി അംഗം ജോസഫ് മാർട്ടിൻ എന്നിവർ വെബിനാറിൽ പങ്കെടുത്ത് സംസാരിക്കും.

ബിഇഎഫ്ഐ. അഖിലേന്ത്യാ പ്രസിഡണ്ട് സി.ജെ.നന്ദകുമാർ മോഡറേറ്ററായിരിക്കും. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാർ ബി.ഇ.എഫ്.ഐ.ഫെയ്സ്‌ ബുക്ക് പേജിൽ (https://www.facebook.com/BEFIKeralaState) രാവിലെ 10.30 മുതൽ ലഭ്യമാകും.

ബാങ്കിംഗ് മേഖലയിൽ ജനവിരുദ്ധമായ പരിഷ്കാരങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്നതെന്ന്  ബി.ഇ.എഫ്.ഐ  sസംസ്ഥാന പ്രസിഡണ്ട്. ടി. നരേന്ദ്രനും   ജനറൽ സെക്രട്ടറി എസ്.എസ്.അനിലും ചൂണ്ടിക്കാട്ടി.

പൊതുമേഖലാ ബാങ്കിംഗ് സംവിധാനത്തെ പരിപൂർണമായും സ്വകാര്യവൽക്കരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. രാജ്യത്ത് 27 പൊതു മേഖലാ ബാങ്കുകളായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രിൽ 1 ലെ മെഗാ ലയനത്തോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങി. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനാണ് ലയനമെന്നതായിരുന്നു കേന്ദ്ര സർക്കാർ പ്രഖ്യാപനം. എന്നാൽ കേന്ദ്ര ബജറ്റിൽ രണ്ട് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുന്നുവെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു. തന്ത്രപ്രധാന മേഖല (strategic sector) എന്ന നിലയിൽ പരമാവധി 4 സ്ഥാപനങ്ങൾ മാത്രമേ പൊതുമേഖലയിൽ നിലനിർത്തേണ്ടതുള്ളൂ എന്നും സർക്കാർ വ്യക്തമാക്കിയിരിക്കുന്നു.

ബാങ്കുകളിലെ കിട്ടാക്കടങ്ങൾ ഇന്ന് പൊതുവേ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ബാങ്കുകളുടെ കിട്ടാക്കടങ്ങളിൽ ബഹുഭൂരിപക്ഷവും വൻകിട കുത്തകകളുടേതാണ്. അത് തിരിച്ച് പിടിച്ചെടുക്കുന്നതിന് ഫലപ്രദമായ നടപടികൾ ഒന്നും തന്നെ സർക്കാർ കൈക്കൊള്ളുന്നില്ല എന്ന് മാത്രമല്ല അത്തരം കുത്തകകൾക്ക് പുതിയ ബാങ്കുകൾ തുടങ്ങാൻ അനുവാദം കൊടുക്കാൻ തയ്യാറെടുക്കുകയാണ് റിസർവ്വ് ബാങ്ക്. കിട്ടാക്കടങ്ങൾ വരുത്തിയ പല കുത്തകകളുടെയും ബാങ്ക് അക്കൗണ്ടുകളിൽ കോടികളുടെ തട്ടിപ്പു നടത്തിയതായ വാർത്തകളും അടുത്തിടെ പുറത്ത് വരികയുണ്ടായി. അത്തരക്കാർക്ക് അതേ ബാങ്കുകൾ കൈവശപ്പെടുത്താനുതകുന്ന നയങ്ങളാണ് ഇപ്പോൾ രാജ്യത്ത് നടപ്പിലാക്കുന്നത്.

ബാങ്കുകളിലെ വൻകിട കുത്തകകളുടെ കിട്ടാക്കടങ്ങൾ  Bad Bank എന്ന പുതിയ ഒരു സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടിയും തീരുമാനിച്ചു കഴിഞ്ഞു. അതിലൂടെ ബാങ്കുകളുടെ ബാലൻസ് ഷീറ്റ് 'ശുദ്ധീകരിക്ക'പ്പെടും. കിട്ടാക്കടം വരുത്തിയ കുത്തകകൾക്ക് വീണ്ടും വായ്പ ലഭിക്കാനുള്ള സാഹചര്യവും സംജാതമാകും.

അനേകായിരങ്ങൾക്ക്,  എല്ലാ സംവരണ നിയമന മാനദണ്ഡങ്ങളും പാലിച്ച്, തൊഴിൽ നൽകിയിരുന്ന സ്ഥാപനങ്ങളായിരുന്നു രാജ്യത്തെ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം. സ്വകാര്യവൽക്കരണത്തോടെ അത് പൂർണമായും ഇല്ലാതാകും. നിലവിലുള്ള സ്ഥിരം നിയമനമെന്നതും കേന്ദ്ര ഭരണാധികാരികളുടെ ഒത്താശയോടെ പല പൊതുമേഖലാ ബാങ്കുകളും അവസാനിപ്പിച്ചു വരികയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ ഉത്തരവിലൂടെ ക്ലറിക്കൽ തസ്തികയിൽ രാജ്യത്ത് 8500 അപ്രൻ്റീസ്മാരെ മുന്നു വർഷത്തേക്ക് നിയമിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.

SBl യിൽ നിലവിൽ പ്യൂൺ/സ്വീപ്പർ തസ്തിക പൂർണമായും കരാർവൽക്കരിച്ചു. ക്ലറിക്കൽ തസ്തികയിലും സ്ഥിരം നിയമനമില്ലാതാകുന്നതോടെ പൊതുമേഖലാ ബാങ്കുകളിൽ പുതിയ ഒരു തൊഴിൽ സംസ്ക്കാരമാണ് രൂപം കൊള്ളുന്നതെന്നു  ബിഇഎഫ്ഐ  നേതാക്കള്‍ പറഞ്ഞു.




--


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top