കണ്ണൂർ > മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് കെ സുധാകരന് ഫ്യൂഡൽ മാടമ്പിമാരുടെ ഭാഷയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ പറഞ്ഞു. സാധാണക്കാരെ ദൃഷ്‌ടിക്കുപോലും കണ്ടുകൂടാത്ത ചാതുർവർണ്യത്തിന്റെ ആശയമാണ് അദ്ദേഹവും അദ്ദേഹത്തെ ന്യായീകരിക്കുന്നവരും പ്രചരിപ്പിക്കുന്നത്.
കെഎസ്‌ടിഎ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വിപ്ലവം നടക്കാത്ത രാജ്യത്ത് അതിന്റെ ആശയങ്ങളൊന്നും സ്വാംശീകരിക്കാതെ സമൂഹത്തിന്റെ ജീർണതയ്‌ക്കുമേൽ വികസനം കെട്ടിവയ്‌ക്കുകയാണ് ചെയ്‌തത്. അതിനാൽ ഭൂപ്രഭുത്വത്തിന്റെ ജീർണത
അതുപോലെ നിലനിൽക്കുകയാണ്. ജാതിവ്യവസ്ഥയുടെ ഭാഗമായ തൊട്ടുകൂടായ്‌മ, തീണ്ടിക്കൂടായ്‌മ എന്നിവയുടെ അടിവേര് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ജനകീയവിദ്യാഭ്യാസത്തിലൂടെയാണ് കേരളത്തിൽ ചാതുർവർണ്യം ഇല്ലാതായത്. 1957ലെ ഭരണ ഇടപെടലിലൂടെയാണ് ജനകീയവിദ്യാഭ്യാസത്തിന് പുതിയ രൂപവും ഭാവവും നൽകിയത്. ഇപ്പോൾ പശ്ചാത്തല സൗകര്യ വികസനത്തിൽ ഉൾപ്പെടെ വളരെയേറെ മാറ്റം ഉണ്ടായി. സ്ഥായിയായ മാറ്റം എല്ലാ മേഖലയിലും ഉണ്ടാകാനായി സംസ്ഥാനത്ത് തുടർഭരണം അത്യാവശ്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇപ്പോൾ രാജ്യത്തിന്റെ മുഖമുദ്ര മത–-വർഗീയ ധ്രുവീകരണത്തിന്റെയാണ്.
മതധ്രുവീകണവും വർഗീയധ്രുവീകരണവും രണ്ടാണ്. മതധ്രുവീകരണത്തിന്റെ ഭാഗമായാണ് ഹിന്ദുത്വരാഷ്‌ട്രമെന്ന വാദം രാജ്യത്ത് ഉയർന്നത്. ഇപ്പോൾ വീണ്ടും ഇത് ഉയർന്നുവരുന്നത് രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കാനാണ്. പാകിസ്ഥാൻ രൂപീകരിച്ചപ്പോഴും ഇന്ത്യ ജനാധിപത്യ റിപ്പബ്ലിക്കായി
തുടരുന്നതിൽ അമർഷം പൂണ്ട അർ എസ്‌എസ് ഉൾപ്പെടെയുള്ള വർഗീയവാദികൾ യോഗം ചേർന്നു. ഹിന്ദുത്വ രാഷ്‌ട്രവാദത്തെ എതിർത്ത ഗാന്ധിജിയെ നിശബ്‌ദമാക്കണമെന്നായിരുന്നു യോഗത്തിൽ ഗോൾവാൾക്കറുടെ പ്രസംഗം. ഈ യോഗം കഴിഞ്ഞ് 52ാം ദിവസമാണ് ഗാന്ധിജിയെ ഗോഡ്‌സെ വെടിവച്ചുകൊല്ലുന്നത്. ഗാന്ധിജിയെ വധിക്കാനായി ആയുധപരിശീലനം നേടിയ നിരവധിയാളുകൾ രാജ്യത്തുണ്ടായിരുന്നു. അതിന് അവസരം കിട്ടിയ ഒരാൾ മാത്രമാണ് ഗോഡ്‌സെ. മികച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇത്തരം ആശയങ്ങളുടെ കടന്നുകയറ്റത്തെ ചെറുക്കാനാകൂവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..