06 February Saturday

വെൻറിലേറ്ററിലും ലിജോ തളരില്ല; സഹായമായി സർക്കാർ ഒപ്പമുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 6, 2021

ലിജോക്ക് സർക്കാരിന്റെ സഹായവുമായി കലക്ടർ നവജ്യോത് ഖോസ വീട്ടിലെത്തിയപ്പോൾ സഹോദരൻ വിപിനുമായി വിവരങ്ങൾ ചോദിച്ചറിയുന്നു

തിരുവനന്തപുരം> ശരീരം പൂർണമായി തളർന്നെങ്കിലും തളരാത്ത  മനസ്സും ഇച്ഛാശക്തിയുമുണ്ട്‌ ലിജോയ്ക്ക്‌. ആ മനസ്സിന്‌ ശക്തി പകരാൻ‌ സംസ്ഥാന സർക്കാർ ഒപ്പമുണ്ടെന്ന സന്തോഷത്തിലാണ്‌ ലിജോ. അക്യൂട്ട് എൻസഫലോ മൈലാറ്റിസ് ന്യുറോപ്പതി എന്ന അപൂർവ രോഗം ബാധിച്ച്‌ 13 വർഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്‌ പാറശാല സ്വദേശി ലിജോ ജീവിക്കുന്നത്‌.
 
കഴുത്തിന്‌ താഴെ പൂർണമായി തളർന്ന ലിജോയ്ക്ക്‌ വെന്റിലേറ്ററില്ലാതെ ജീവിക്കാനാകില്ല. ലിജോയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കി സംസ്ഥാന സർക്കാരിന്റെ സഹായഹസ്തവുമായി കലക്‌ടർ നവ്‌ജ്യോത്‌ ഖോസയാണ്‌‌ നേരിട്ടെത്തിയത്‌. സർക്കാരിന്‌ ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും കലക്ടർ വാഗ്ദാനം ചെയ്തു.  
 
ആദ്യ ഘട്ടമായി ലിജോയുടെ പേരിൽ പുതുതായി തയാറാക്കിയ അന്ത്യോദയ റേഷൻ കാർഡ് കൈമാറി. ജീവൻരക്ഷാ ഉപാധികൾക്ക് വേണ്ടി ചെലവാക്കുന്ന കറന്റ് ബിൽ പൂർണമായും ഒഴിവാക്കാനായി കെഎസ്ഇബിക്ക്‌ കലക്ടർ നിർദേശം നൽകി. ഒപ്പം ലൈഫ് പദ്ധതി പ്രകാരം വീട് നൽകുമെന്ന ഉറപ്പും.
 
അതീവ ഗുരുതരാവസ്ഥയിൽനിന്ന്‌ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. സഞ്ജീവ് വി തോമസാണ് ലിജോയെ ജീവിതത്തിലേക്ക്‌ തിരികെയെത്തിച്ചത്. ദുരവസ്ഥയിലായ ലിജോയെപ്പറ്റി ഡോ. സഞ്ജീവ്തന്നെയാണ്‌ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് സർക്കാർ നിർദേശപ്രകാരം കലക്ടർ അടിയന്തര ഇടപെടൽ നടത്തുകയായിരുന്നു. 
 
ചെല്ലയ്യൻ–മേഴ്‌സി ദമ്പതികളുടെ അഞ്ചു മക്കളിൽ  ഇളയവനാണ്‌ ലിജോ. സഹോദരൻ വിപിനാണ് ലിജോയെ പരിചരിക്കുന്നത്‌.  ലിജോയുടെ രോഗ വിവരം അറിഞ്ഞ സി കെ ഹരീന്ദ്രൻ എംഎൽഎ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വെന്റിലേറ്റർ വാങ്ങുന്നതിനുള്ള നടപടികൾ നേരത്തെ സ്വീകരിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top