ചെന്നൈ
മൂന്ന് സ്‌പിന്നർമാരുമായി ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ ഇന്ത്യയെ ജോ റൂട്ട് മെരുക്കി.
ആദ്യ ടെസ്‌റ്റിന്റെ ഒന്നാംദിനം ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 3–-263 റൺ. നൂറാം ടെസ്‌റ്റ് കളിക്കുന്ന ക്യാപ്‌റ്റൻ റൂട്ട് തകർപ്പൻ സെഞ്ചുറിയുമായി കളത്തിലുണ്ട്. 128 റണ്ണെടുത്ത റൂട്ടിന് ഓപ്പണർ ഡോം സിബ്‌ലി (87) മികച്ച പിന്തുണ നൽകി. ഇന്ത്യക്കുവേണ്ടി ജസ്‌പ്രീത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്‌ത്തി. ആർ അശ്വിൻ ഒരെണ്ണവും.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ടിന് പിച്ച് വെല്ലുവിളിയായില്ല. തുടക്കത്തിലേ പിച്ചിൽ ടേൺ കിട്ടുമെന്ന് കരുതിയ ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിക്ക് നിരാശയായിരുന്നു ഫലം. സ്വിങ്ങും ടേണുമില്ലാത്ത പിച്ചിൽ ഇംഗ്ലീഷ് ബാറ്റ്‌സ്‌മാൻമാർ അനായാസം റണ്ണടിച്ചു. അവസാന ഓവറിൽ സിബ്‌ലിയെ വിക്കറ്റിനുമുന്നിൽ കുരുക്കി ബുമ്രയാണ് ഒന്നാംദിനം അൽപ്പമെങ്കിലും ആശ്വാസം നൽകിയത്.
റൂട്ടിന്റെ ആധികാരിക പ്രകടനമായിരുന്നു. ഒരു അവസരവും നൽകിയില്ല. 100–-ാം ടെസ്‌റ്റ് അവിസ്‌മരണീയമാക്കി. ശ്രീലങ്കയിൽ രണ്ട് സെഞ്ചുറി കുറിച്ച റൂട്ട് ഒരുങ്ങിത്തന്നെയായിരുന്നു. സിബ്‌ലിയുമായി 200 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഒരു സിക്‌സറും 14 ഫോറും പായിച്ചു. 20–-ാം സെഞ്ചുറിയാണ് ഇംഗ്ലീഷ് ക്യാപ്‌റ്റന്റേത്. 100–-ാം ടെസ്‌റ്റിൽ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ കളിക്കാരൻ.
കഴിഞ്ഞവർഷം ഒരു സെഞ്ചുറിപോലുമില്ലാത്ത റൂട്ട് ഈ വർഷം ഇതിനകം മൂന്നുതവണ മൂന്നക്കം കടന്നു.
അശ്വിനൊപ്പം വാഷിങ്‌ടൺ സുന്ദർ, ഷഹബാദ് നദീം എന്നിവരായിരുന്നു ഇന്ത്യൻ സ്‌പിൻ നിരയിൽ. അക്‌സർ പട്ടേലിന് പരിക്കേറ്റതോടെയാണ് നദീം ടീമിലെത്തിയത്. കുൽദീപ് യാദവിനെ പരിഗണിച്ചില്ല. പേസർ ഇശാന്ത് ശർമ ടീമിൽ തിരിച്ചെത്തി.
ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് കിട്ടിയത്. റോറി ബേൺസും സിബ്‌ലിയും നന്നായി തുടങ്ങി. ബേൺസിനെ (33) പുറത്താക്കി അശ്വിനാണ് ഈ കൂട്ടുകെട്ട് ഭേദിച്ചത്. പിന്നാലെ ഡാൻ ലോറെൻസ് (0) ബുമ്രയുടെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി.
2–-63 റണ്ണെന്ന നിലയിലാണ് സിബ്‌ലിക്കൊപ്പം റൂട്ട് ഒരുമിക്കുന്നത്.
പേസർ ബുമ്രയ്‌ക്ക് ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്‌റ്റായിരുന്നു. അരങ്ങേറിയിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും സ്വന്തം തട്ടകത്തിൽ കളിക്കാൻ ബുമ്രയ്‌ക്ക് അവസരം കിട്ടിയിരുന്നില്ല. 17 ടെസ്‌റ്റിൽ 79 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട് ഈ ഇരുപത്തേഴുകാരൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..