05 February Friday

രാമക്ഷേത്രത്തിന്‌ എൻഎസ്‌യു പണപ്പിരിവ്‌ ; കല്ലെടുക്കാൻ പരിസ്ഥിതിവിലക്ക്‌ നീക്കാനൊരുങ്ങി രാജസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2021


ന്യൂഡൽഹി
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐ പിരിവ്‌ തുടങ്ങിയതിന്‌ പിന്നാലെ നിരോധിത മേഖലയിൽനിന്ന്‌ ക്ഷേത്രത്തിനാവശ്യമായ പിങ്ക്‌ നിറത്തിലുള്ള കല്ല്‌ വെട്ടിയെടുക്കാൻ രാജസ്ഥാനിലെ കോൺഗ്രസ്‌ സർക്കാർ പ്രത്യേകാനുമതിക്ക്‌ ഒരുങ്ങുന്നു.

ഭരത്‌പ്പുരിലെ ബന്ദ്‌ ബറേത്ത വന്യജീവി സങ്കേതത്തിലാണ്‌ പിങ്ക്‌ നിറത്തിലുള്ള കല്ല്‌ ലഭിക്കുക. പാരിസ്ഥിതിക കാരണങ്ങളാൽ 2016 മുതൽ ഇവിടെ കല്ലുവെട്ടുന്നതിന്‌‌ വിലക്കുണ്ട്‌‌. ഈ വിലക്കാണ് ഗെലോട്ട്‌ സർക്കാർ നീക്കുന്നത്‌.
രാജസ്ഥാൻ വന്യജീവി ബോർഡിന്റെ സ്‌റ്റാൻഡിങ്‌ കമ്മിറ്റി കഴിഞ്ഞ ദിവസം വിലക്ക്‌ അവസാനിപ്പിക്കാനുള്ള ശുപാർശയ്‌ക്ക്‌ അംഗീകാരം നൽകി.

മുഖ്യമന്ത്രി അശോക് ഗെലോട്ട്‌ അധ്യക്ഷനായ രാജസ്ഥാൻ വന്യജീവി ബോർഡ്‌ ഇത്‌ അംഗീകരിക്കേണ്ടതുണ്ട്‌. തുടർന്ന്‌, കേന്ദ്ര വന്യജീവി ബോർഡിന്റെ പരിഗണനയ്‌ക്ക്‌ പോകും. കേന്ദ്രാനുമതികൂടി ലഭിച്ചാൽ കല്ല്‌ വെട്ടിത്തുടങ്ങാം.

ഭരത്‌പ്പുരിലെതന്നെ ബസി–- പഹർപ്പുരിൽ നിന്നാണ്‌ അയോധ്യയിൽ അമ്പലംപണിക്കാവശ്യമായ പിങ്ക്‌ കല്ലുകൾ എത്തിയിരുന്നത്‌. കൂടുതൽ കല്ല്‌ ആവശ്യമായതിനാലാണ്‌ നിരോധിത മേഖലയിലും കൈവയ്‌ക്കാൻ തീരുമാനിച്ചത്‌. എൻഎസ്‌യുഐ രാജസ്ഥാനിൽ അയോധ്യയിൽ അമ്പലംപണിക്കായി ഫണ്ട്‌ ശേഖരണത്തിന്‌ നേരത്തേ തുടക്കമിട്ടിരുന്നു. ‘രാമന്റെ പേരിൽ ഒരു രൂപ’ എന്ന മുദ്രാവാക്യത്തോടെയാണ്‌ ഫണ്ട് ശേഖരണം.  ക്യാമ്പസുകളിൽനിന്ന്‌ സമാഹരിക്കുന്ന തുക രാമക്ഷേത്ര അധികൃതർക്ക്‌ കൈമാറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top