തിരുവനന്തപുരം> സംസ്ഥാനത്ത് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് തൊഴിലുറപ്പുവരുത്താനുമുള്ള കാര്യക്ഷമമായ ഇടപെടലും മുന്നേറ്റവും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.
സര്‍ക്കാര്‍ നിയമനങ്ങള്‍ മാത്രമല്ല മറ്റു മേഖലകളില്‍ കൂടി തൊഴില്‍ നല്‍കി അഭ്യസ്തവിദ്യരെ ചേര്‍ത്തുനിര്‍ത്താന്‍ സര്‍ക്കാരിനായി. പരമാവധി നിയമനങ്ങള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും അതുവഴി നിയമനം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 31-12-2020 വരെ 1,51,513 പേര്‍ക്ക് പിഎസ്സി വഴി നിയമനം/ അഡൈ്വസ് മെമ്മോ നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഡൈ്വസ് മെമ്മോ നല്‍കിയ 4031 കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരുടെ നിയമനം നടത്തിയതും ഈ സര്‍ക്കാരാണ്. ആകെ 1,55,544 പേര്‍ക്ക്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമനം നല്‍കാത്ത കെഎസ്ആര്‍ടിസി ഒഴിച്ചുനിര്‍ത്തിയാല്‍ 1,50,355 പേര്‍ക്കാണ് പിഎസ്സി വഴി അഡൈ്വസ് മെമ്മോ നല്‍കിയത്. പിഎസ്സി നിയമനത്തില്‍ മുന്നേറ്റമാണ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത് എന്ന് ചുരുക്കം.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് 3113 റാങ്ക് ലിസ്റ്റുകളാണ് പിഎസ്സി പ്രസിദ്ധീകരിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് പിഎസ്സി 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിന് പിഎസ്സിയോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇത്തരത്തില്‍ നീട്ടുന്നത്. എല്‍ഡിസി, ലാസ്റ്റ് ഗ്രേഡ്, 14 ജില്ലകളിലേയും സ്റ്റാഫ് നഴ്സ്, എല്‍ഡി ഡ്രൈവര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, സിവില്‍ സപ്ലൈസില്‍ സെയില്‍സ് അസിസ്റ്റന്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകള്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതില്‍ ഉള്‍പ്പെടുന്നുണ്ട്.
സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പ്രത്യേക റിക്രൂട്ട്മെന്റ് പ്രക്രിയക്കു തന്നെ രൂപം നല്‍കി. പിഎസ്സി നേരിട്ട് അവരുടെ വീടുകളില്‍ ചെന്ന് അപേക്ഷ സ്വീകരിച്ച് ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തുന്ന രീതി സ്വീകരിക്കുകയുണ്ടായി. പൊലീസിലും എക്സൈസിലും ഇത്തരത്തില്‍ പ്രത്യേക നിയമനങ്ങള്‍ നല്‍കി കഴിഞ്ഞു.
ആരോഗ്യം, പൊലീസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളില്‍ നിയമനകാര്യത്തിലും തസ്തിക സൃഷ്ടിക്കലിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഈ സര്‍ക്കാര്‍ 27,000 സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. താത്ക്കാലിക തസ്തികകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 44,000 വരും. കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷന്‍ തുടങ്ങിയ 52 സ്ഥാപനങ്ങളില്‍ നിയമനം ഇതിനകം പിഎസ്സിക്ക് വിടുകയും ചെയ്തിട്ടുണ്ട്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താല്‍ക്കാലിക നിയമനങ്ങളിലും സര്‍ക്കാര്‍ മുന്നേറ്റമുണ്ടാക്കി. സര്‍ക്കാര്‍ മേഖലയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 51,707 പേര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല, അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് സംസ്ഥാനത്തു തന്നെ തൊഴിലെടുക്കാനുള്ള അവസരം സൃഷ്ടിക്കുക എന്ന നയം പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വളര്‍ച്ചയുടെ കണക്കുകള്‍ പരിശോധിക്കാം. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300ല്‍ നിന്ന് 2900 ആയി വര്‍ധിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള കോര്‍പ്പസ് ഫണ്ട് മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നില്ല. 739 കോടി രൂപ ഈ സര്‍ക്കാരിന്റെ കാലത്ത് കോര്‍പ്പസ് ഫണ്ട് നല്‍കി കഴിഞ്ഞു. 57,000 ചതുരശ്ര അടിയായിരുന്ന പശ്ചാത്തല സൗകര്യം 4 ലക്ഷം ചതുരശ്ര അടിയായി ഉയര്‍ന്നു. ഇക്കാലയളവില്‍ 30,000ത്തിലധികം അഭ്യസ്തവിദ്യര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ നേരിട്ട് തൊഴില്‍ നല്‍കി.
ഐടി മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് സാധിച്ചു. 52.44 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ തൊഴിലിടം സൃഷ്ടിക്കാന്‍ ഇതിനകം സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം, 35.5 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് തൊഴിലിടത്തിന്റെ പ്രവൃത്തി നടന്നുവരുന്നു. അന്തര്‍ദേശീയ കമ്പനികളെ സംസ്ഥാനത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞുവെന്നത് നാടിനു തന്നെ നേട്ടമായി. ടെക്നോസിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇവിടെ 1500 കോടിയോളം രൂപ മുതല്‍ മുടക്കില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ പുതുതലമുറ വ്യവസായങ്ങള്‍ക്കുള്ള ധാരണാപത്രം ഒപ്പിടുന്നതിന് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അനുമതി നല്‍കിയിട്ടുണ്ട്. ആ മേഖലയില്‍ തന്നെ വലിയ മാറ്റമാകും ഇത് ഉണ്ടാക്കുക.
ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 10,177 ആയിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് പുതുതായി 30,176 തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചു. ഈ മേഖലയില്‍
82,000 തൊഴിലവസരങ്ങളായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നതെങ്കില്‍ ഈ സര്‍ക്കാര്‍ ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിച്ചു.
ഇതിനു പുറമെ 2020 സെപ്റ്റംബര്‍ 1 - ഡിസംബര്‍ 9 കാലയളവില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ആദ്യഘട്ട 100 ദിന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം നേടി എന്നു മാത്രമല്ല, 1,16,440 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
സര്‍ക്കാര്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ മുഴുവന്‍ കണക്കും ഇവിടെ അവതരിപ്പിക്കാന്‍ തുനിയുന്നില്ല. എന്നാല്‍, തൊഴിലവസരം സൃഷ്ടിക്കാനും തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനും ഈ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ മുന്‍ സര്‍ക്കാരുകളേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും തന്നെ ബോധ്യമുണ്ട്.
പിഎസ്സി നിയമനം നടത്തേണ്ട ഒരു തസ്തികയിലും ഈ സര്‍ക്കാര്‍ സ്ഥിര നിയമനം നടത്തിയിട്ടില്ല. നിയമനം പിഎസ്സിക്കു വിടാത്ത സ്ഥാപനങ്ങളില്‍ അവിടുത്തെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ചില നിയമനങ്ങളാണ് നടത്തിയത്. ആ നിയമനങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..