05 February Friday

സ്വർണക്കടത്ത്‌ : കോൺസുലേറ്റിനെയും വെള്ളപൂശി ; മലക്കംമറിഞ്ഞ്‌ എൻഐഎ

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2021


കൊച്ചി
യുഎഇ കോൺസുലേറ്റ്‌ കൗൺസൽ ജനറലും  അറ്റാഷെയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്ക്‌ അന്വേഷിക്കണമെന്ന മുൻ ആവശ്യത്തിലും മലക്കംമറിഞ്ഞ്‌ എൻഐഎ. കോൺസുലേറ്റിലെ മുൻ പിആർഒ  പി എസ്‌ സരിത്തിന്റെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ കൗൺസൽ ജനറൽ ഇക്കാര്യം അധികൃതരെ അറിയിച്ചതായാണ്‌ കുറ്റപത്രത്തിൽ‌. സ്വർണക്കടത്ത്‌ പിടിച്ചതിനുപിന്നാലെ രാജ്യംവിട്ട അറ്റാഷെയെക്കുറിച്ച്‌ ഒന്നും പറയുന്നുമില്ല.

നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്തിനെക്കുറിച്ച്‌ കൗൺസൽ ജനറലിനും അറ്റാഷെയ്‌ക്കും അറിവുണ്ടായിരുന്നതായി സരിത്തും സ്വപ്‌ന സുരേഷും മൊഴിനൽകിയിരുന്നു.  ഇവർ കൈപ്പറ്റിയ കമീഷൻ കോൺസുലേറ്റ്‌ അധികൃതരുമായി പങ്കിട്ടിരുന്നതായും മൊഴിയുണ്ടായിരുന്നു. തുടർന്നാണ്‌ ഇടപാടിലെ മുഴുവൻ വിവരവും പുറത്തുകൊണ്ടുവരാൻ കൗൺസൽ ജനറലിനെയും അറ്റാഷെയും ചോദ്യം ചെയ്യണമെന്ന്‌ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എൻഐഎ പറഞ്ഞത്‌.

എന്നാൽ, അതുണ്ടായില്ല. കോവിഡ്‌ വ്യാപനത്തിനിടെ കൗൺസൽ ജനറൽ രാജ്യംവിട്ടു. യുഎഇയിലുള്ള മൂന്നാംപ്രതി ഫൈസൽ ഫരീദിനെ പിടികൂടാനുള്ള നടപടികൾ തുടരുന്നതായും കുറ്റപത്രത്തിൽ ആവർത്തിക്കുന്നു.

കസ്‌റ്റംസ് കണ്ണടച്ചപ്പോള്‍ സ്വര്‍ണം പറന്നിറങ്ങി
നയതന്ത്ര ബാഗേജിലൂടെ കസ്‌റ്റംസിന്റെ പിടിവീഴാതെ സ്വർണം വിമാനത്താവളത്തിന്‌ പുറത്തെത്തുമെന്നായപ്പോഴാണ്‌ കള്ളക്കടത്തുസംഘം വിപുലമായത്‌. പത്തോളംപേർ നേതൃത്വം നൽകിയ സംഘമാണ്‌ നാട്ടിൽ പണം സമാഹരിച്ചുനൽകി സ്വർണം വാങ്ങിയിരുന്നത്‌. 2019 നവംബർമുതൽ 2020 ജൂൺവരെ സ്വർണക്കടത്ത്‌ നിർബാധം തുടർന്നു. ആറുമാസത്തിനിടെ എത്തിച്ച 167 കിലോ സ്വർണത്തിന്റെ മുന്തിയ പങ്ക്‌ കൈപ്പറ്റിയത്‌ ഏഴാംപ്രതി മുഹമ്മദ്‌ ഷാഫിയുടെ സംഘമാണ്‌–-47.3 കിലോ. ഒമ്പതാംപ്രതി പി ടി അബ്‌ദു, 20–-ാംപ്രതി അഹമ്മദു‌കുട്ടി എന്നിവർക്കായി എത്തിയത്‌ 38.5 കിലോ.

അഞ്ചു പ്രതികളിൽനിന്നാണ്‌ 164 പ്രകാരമുള്ള കുറ്റസമ്മതമൊഴി എടുത്തത്‌. ഇവരെ മാപ്പുസാക്ഷിയാക്കാനാണ്‌ നീക്കമെന്നും കുറ്റപത്രത്തിൽ പറയുന്നു. ബിജെപി ബന്ധമുള്ള സന്ദീപ്‌ നായർ (നാലാംപ്രതി), ടി എം മുഹമ്മദ്‌ അൻവർ (16), നന്ദഗോപാൽ (28), കെ അബ്‌ദുൾ അസീസ് ‌(27), പി എം മുസ്‌തഫ (26) എന്നിവരിൽനിന്നാണ്‌ കുറ്റസമ്മതമൊഴി എടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top