കുപ്പി സുബീഷും കൂട്ടരും സ്വയം സമ്മതിച്ച, കുറ്റം ഏറ്റുപറഞ്ഞ കേസിൽ അനീതിയുടെ തടവിൽ കുറെ വർഷങ്ങളായി കഴിയുന്നുണ്ട്. അത് വേറൊരു വലിയ തമാശയായി നില നില്ക്കുന്നു. ആ അനീതിയും തുടരാം... കാണാം. നാടില്ലാതെയും എല്ലാ നാടും നാടായി കണ്ട്. കാരായി രാജന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്:
റിട്ടയർ ചെയ്‌ത ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇക്കഴിഞ്ഞ ജനവരി 2l ന് "മറക്കില്ലൊരിക്കലും' എന്ന അടികുറിപ്പോടെ അയച്ചു തന്ന ഫോട്ടൊ ആണിത്. ആ ദിനങ്ങളുടെ ദൃക്‌സാക്ഷി കൂടിയായിരിക്കാം അദ്ദേഹം. ചിത്രം കണ്ടപ്പോൾ ചിലത് കുറിക്കണമെന്ന് തോന്നിപ്പോയതിൽ ക്ഷമിക്കുക.
വടകര കോടതി വരാന്തയാണ് രംഗം വൻ പോലീസ് പടയ്ക്ക് പിന്നിൽ മുഷ്ടികൾ ഉയർന്ന് നിൽക്കുന്നുണ്ട്..
ആൾകൂട്ടത്തിൽ ഒരാൾ മാത്രം തെറിയും വിളിച്ചു പറയുന്നുണ്ട്. കൈയ്യിലുള്ളത് മാറിയുടുക്കാൻ വീട്ടിൽ നിന്നും സഖാക്കൾ വശം കൊടുത്തയച്ച വസ്ത്രമാണ്.
2012 ജൂലായ് മാസം ഒരു പാതിരാക്ക് കാക്കനാട് ജയിലിൽ നിന്നും വടകര പോലീസ് കേമ്പിലേക്കുള്ള യാത്ര, അസമയത്തായിട്ടും ഗേറ്റിന് പുറത്ത് ഉറക്കമൊഴിച്ച് വൻ മാധ്യമപ്പട. മൈക്ക് വണ്ടിക്കകത്ത് നീട്ടി ചോദ്യങ്ങളും പിന്നെ പിന്തുടരലും.പോലീസ് ഉദ്യോഗസ്ഥരോടൊപ്പം വണ്ടിയിൽ കയറി യാത്ര ആരംഭിച്ചു. വലിയ യന്ത്രത്തോക്കുകൾ ഉയർത്തിപ്പിടിച്ച പോലീസുണ്ട് കൂടെ.യാത്രകൾ നീണ്ടപ്പോൾ എന്നെ കൊണ്ടു പോകാൻ ഈ യന്ത്രത്തോക്കുകളുടെയൊന്നും ആവശ്യമില്ലെന്ന് നല്ലവരായ പോലീസുകാർക്ക് (അവർ നല്ല മനുഷ്യർ തന്നെയായിരുന്നു) തോന്നിക്കാണും അവർ തോക്കുകൾ വണ്ടിയിൽ കിടത്തി വെച്ചു. നമ്മൾ പരസ്പരം മിണ്ടിയും പറഞ്ഞും രാവിലെ പത്തു മണിയോടെ വടകരയെത്തി. നാട്ടിൽ നിന്നും പുരുഷു മാഷും രാധ ടീച്ചറും കെ എം ഷീജനും അടക്കമുള്ള കുറെ സഖാക്കളും അവിടെയെത്തിയിരുന്നു.
റോഡു മുതൽ കോടതി വരെ 400 ലധികം പോലീസുകാരെ രണ്ടുവരികളിലായി നിരത്തി നിർത്തിയിട്ടുണ്ട് അതിന് നടുവിലൂടെയായിരുന്നു ഒരു 'ഭീകര' ൻ്റെ നടപ്പ്.പിന്നെ കോടതിയിൽ നിന്ന് പോലീസ് കേമ്പിലേക്ക്, അത് കഴിഞ്ഞ് വടകര സ്റ്റേഷൻ ലോക്കപ്പിൽ, എല്ലാ ദിവസവും ആശുപത്രിയിലേക്ക്. സ്റ്റേഷനിൽ നിന്ന് പോലീസ് വണ്ടി വരെ ഇപ്പറഞ്ഞ പോലീസ് നിര, ആശുപത്രിഗേറ്റു മുതൽ ഡോക്ടറുടെ (ഡോക്ടർ പരിചയക്കാരൻ) പരിശോധന മുറി വരെയും രണ്ടു നിര പോലീസ്.പത്തു ദിവസം തുടർന്ന ആരെയെല്ലാമോ പ്രീതിപ്പെടുത്താനുള്ള അസംബന്ധ നാടകങ്ങൾ തമാശകൾ ചിരിയും അമർഷവും നിറച്ച ആചാര ക്രമങ്ങൾ. മാന്യവും അമാന്യങ്ങളുമായ പെരുമാറ്റങ്ങൾ.. ചോദ്യങ്ങൾ.
എലി കാഷ്‌ടങ്ങളും പൂച്ചത്തീട്ടവും മനുഷ്യവിസർജ്യങ്ങളും ഉണങ്ങി മണക്കുന്ന ലോക്കപ്പിൻ്റെ ഒരു മൂല പൊടി തുടച്ച് പേപ്പർ വിരിച്ച് അഞ്ചു പേരോടൊപ്പം ഉറങ്ങിയും ഉറങ്ങാതെയും ചുരുണ്ടുകൂടിയ നല്ല പത്തു ദിനങ്ങൾ. വ്യക്തിപരമായി ഇതൊരു വലിയ അനുഭവവും സംഭവവുമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. എന്നാൽ ഇത്രയും പറയാൻ ഒരു കാരണമുണ്ട്.
അത് 2011 - 16 കാലമാണ്. 2016-21 കാലയളവിലും വ്യത്യസ്ഥ രാഷ്ട്രീയ ചേരിയിലുള്ളവർ തമ്മിൽ അക്രമസംഭവങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. നൂറ് ദിവസങ്ങൾക്കിടയിൽ ആറ് പേർ രാഷ്ട്രീയ കാരണങ്ങളാൽ കൊല്ലപ്പെട്ട നാടാണിത്. കൊല്ലപ്പെടുവന്നവർ സിപിഐ എം കാരായിപ്പോയി എന്ന് മാത്രം.
2011 -16ൽ നിന്നും 2016 - 21 പക തീർക്കലുകളുടെ ഉപകരണമായി മാറിയില്ല പിണറായി സർക്കാരിൻ്റെ കാലമെന്ന് അടയാളപ്പെടുത്തുന്നു. അന്ന് വിചാരണയും വിധിയും പുറമെയാണ് നടന്നത്. ഇനി ആ വടകര കേസ് എന്തായി? വിചാരണ പൂർത്തിയാകും മുമ്പ് 232 പ്രകാരം തെളിവും സാക്ഷിയുമില്ലാതെ കോഴിക്കോട് പ്രത്യേക കോടതി വലിച്ചെറിഞ്ഞു.
മാധ്യമ രാഷ്ട്രീയ വേട്ടകളും ആടിയ അസംബന്ധ നാടകങ്ങളും വെളിവില്ലായ്‌മയുടെ നിർമ്മിത കഥകളും
ഏതോ മുലയിൽ ചാരി നില്ക്കുകയാവാം! ഇന്നിപ്പോ കുപ്പി സുബീഷും കൂട്ടരും സ്വയം സമ്മതിച്ച, കുറ്റം ഏറ്റുപറഞ്ഞ കേസിൽ അനീതിയുടെ തടവിൽ കുറെ വർഷങ്ങളായി കഴിയുന്നുണ്ട്. അത് വേറൊരു വലിയ തമാശയായി നില നില്ക്കുന്നു. ആ അനീതിയും തുടരാം... കാണാം. നാടില്ലാതെയും എല്ലാ നാടും നാടായി കണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..