05 February Friday

ചില്ലറ വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് നാടിന് ഗുണമല്ല; മതനിരപേക്ഷതയില്‍ യുഡിഎഫിന് ഉറച്ച നിലപാടില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2021

തിരുവനന്തപുരം > ഒരു രാഷ്ട്രീയ പാര്‍ടി എന്ന നിലയ്‌‌ക്കാണ് മുസ്ലിം ലീഗിന്റെ നയങ്ങള്‍ക്കെതിരെ സിപിഐ എം വിമര്‍ശനം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിക്കുന്നത്. അത് ഏതെങ്കിലും തരത്തില്‍ വര്‍ഗീയമാകില്ല. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ ലീഗാണ് നേതൃത്വം നല്‍കിയത്. സാധാരണഗതിയില്‍ നാടിന് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണത്. സ്വാഭാവികമായും അതിനെതിരെ വിമര്‍ശനമുണ്ടാകും. ലീഗ് ഒരു രാഷ്ട്രീയ പാര്‍ടി അല്ല എന്ന നിലപാട് സിപിഐ എം സ്വീകരിച്ചിട്ടില്ല. അപ്പോള്‍ ലീഗിനെ വിമര്‍ശിച്ചാല്‍ അതിലെന്താണ് വര്‍ഗീയത. -മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വര്‍ഗീയശക്തികള്‍ നാട്ടിലുണ്ട്. അവരുടെ പ്രചരണത്തെ ശരിയായ രീതിയില്‍ നേരിടാന്‍ മതനിരപേക്ഷ ശക്തികള്‍ക്ക് സാധിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി എല്ലാ ഘട്ടത്തിലും മതനിരപേക്ഷതയയുടെ കാര്യത്തില്‍ ഉറച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ച്ചയ്‌ക്കും ഇടതുപക്ഷം തയ്യാറായിട്ടില്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാനാകും.

എന്നാല്‍ അങ്ങനൊരു നിലപാട് യുഡിഎഫിനില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ അത് കാണാനായി. നാല് സീറ്റിനും ചില്ലറ വോട്ടിനും വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് നാടിന്റെ ഭാവിക്ക് ഗുണകരമല്ല.

കേരളത്തിലെ ബഹുജനങ്ങള്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. ഭരണഘടനാമൂല്യങ്ങള്‍ ഇവിടെ പുലരണമെന്ന് ചിന്തിക്കുന്നവരാണ്. ഇടതുപക്ഷം അവരുടെ കൂടെയാണ്.

തെറ്റായ മാര്‍ഗങ്ങളിലൂടെ താല്‍കാലിക ലാഭമുണ്ടാക്കാന്‍ വര്‍ഗീയതയുമായി സമരസപ്പെടലോ നീക്കുപോക്കോ ഉണ്ടാക്കുന്നവര്‍ നാടിന് തന്നെ ഹാനികരമായ നിലയാണ് ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top