പാചകവാതകം, പെട്രോൾ വിലക്കയറ്റത്തിനെതിരെ ശനിയാഴ്‌ച നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കാൻ എൽഡിഎഫ് ആഹ്വാനം ചെയ്‌തു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോൾ രാജ്യത്ത് വിലകൂട്ടുന്ന പകൽക്കൊള്ള ജനങ്ങളോടുള്ള ക്രൂരതയാണ്.
ജനതയെ ശത്രുപക്ഷത്ത് നിർത്തുന്ന സർക്കാരിന് മാത്രമേ കണ്ണിൽച്ചോരയില്ലാത്ത നടപടി സ്വീകരിക്കനാകൂ. കോവിഡ്പശ്ചാത്തലത്തിൽ ജീവിതം തള്ളിനീക്കാൻ പാടുപെടുമ്പോൾ ഒരിഞ്ചും മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന നിഷ്‌ഠൂരതയാണ് മോഡി സർക്കാരിന്റേത്. പെട്രോൾ, ഡീസൽ വിലയിൽ കേന്ദ്ര ബജറ്റിൽ ഇളവ് പ്രതീക്ഷിച്ചെങ്കിലും കരുണകാട്ടാൻ തയ്യാറായില്ല.
ഈ വർഷം 35 ദിവസത്തിനിടെ എട്ടുതവണ ഇന്ധനവില കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് കുത്തനെ വില വർധിപ്പിച്ചു. ഇപ്പോൾ 25 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ മാസവും വില വർധിപ്പിച്ചു. മാസം തോറും നടത്തുന്ന ഈ വിലവർധനവ് കുടുംബ ബജറ്റ് തകർക്കും. ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ കേരള ജനത മുന്നോട്ടുവരണമെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..