ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്റെ അടിച്ചമർത്തൽ ശ്രമങ്ങളെ അതിജീവിച്ച് പ്രക്ഷോഭം ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കർഷക സംഘടനകൾ. വിവിധ സംസ്ഥാനങ്ങളിൽ മഹാപഞ്ചായത്തുകളും യോഗങ്ങളും വിളിച്ചുചേർത്ത് കർഷകർ കൂടുതലായി സംഘടിച്ചുതുടങ്ങി.
ശനിയാഴ്‌ച നടത്തുന്ന രാജ്യവ്യാപക വഴിതടയൽ സമരം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകസംഘടനകൾ.
കർഷകസമരം ഉന്നയിച്ച് പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി കടന്നാക്രമിച്ചതോടെ പാർലമെന്റിലും സർക്കാർ പ്രതിരോധത്തിലായി. സമരത്തിലുള്ള കർഷകരെ സന്ദർശിക്കാൻ പോയ പ്രതിപക്ഷത്തെ 15 എംപിമാരെ ഡൽഹി അതിർത്തിയിൽ പൊലീസും അർധസേനയും തടഞ്ഞു. ബാരിക്കേഡുകൾക്കു മുന്നിൽ വാഹനങ്ങൾ നിരത്തിയാണ് നടന്നുപോകാനൊരുങ്ങിയ എ എം ആരിഫ്, സു വെങ്കടേശൻ (സിപിഐ എം), കനിമൊഴി, തിരുച്ചി ശിവ (ഡിഎംകെ), ഹർസിമ്രത് കൗർ (അകാലിദൾ), സൗഗത റോയ് (തൃണമൂൽ കോൺഗ്രസ്) തുടങ്ങിയ എംപിമാരെ തടഞ്ഞത്.
അന്താരാഷ്ട്രതലത്തിൽ കർഷകസമരത്തിന് പിന്തുണയേറുന്നതും മോഡി സർക്കാരിന് തലവേദനയായി. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യൂൺബർഗിനെതിരെ കേസെടുത്തത് അന്തർദേശീയതലത്തിൽ വലിയ ചർച്ചയായി. കർഷകരുമായി സർക്കാർ ചർച്ച പുനരാരംഭിക്കണമെന്ന് യുഎസ് എംബസി അഭിപ്രായപ്പെട്ടു.
രാജസ്ഥാനിലും ഹരിയാനയിലും യുപിയിലും കർഷകസംഘടനകൾ വിളിക്കുന്ന മഹാപഞ്ചായത്തുകളിൽ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. ഒരു കുടുംബത്തിൽനിന്ന് ഒരാളെങ്കിലും ഡൽഹിയിലെ സമരകേന്ദ്രത്തിൽ എത്തണമെന്നാണ് മഹാപഞ്ചായത്തുകളുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ സിൻഘു, തിക്രി, ഗാസിപുർ, ഷാജഹാൻപുർ സമരകേന്ദ്രങ്ങളിലേക്ക് കർഷകർ ഒഴുകി. അന്തർദേശീയതലത്തിൽ ചർച്ചയായതോടെ ഗാസിപുരിലും സിൻഘുവിലും ചില സ്ഥലത്ത് റോഡിൽനിന്ന് ആണിയും മുള്ളുവേലികളും പൊലീസ് നീക്കംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..