04 February Thursday

53–-ാം റാങ്ക്‌ ; ജനാധിപത്യ സൂചികയിൽ ഇന്ത്യക്ക്‌ അധോഗതി

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2021


ന്യൂഡൽഹി
എക്കണോമിസ്‌റ്റ്‌ ഇന്റലിജെൻസ്‌ യൂണിറ്റിന്റെ (ഇഐയു) 2020ലെ ജനാധിപത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 53ലേക്ക്‌ താഴ്‌ന്നു. ജനാധിപത്യ ധ്വംസനവും പൗരാവകാശ ലംഘനങ്ങളുമാണ്‌ സൂചികയിൽ രാജ്യത്തിന്റെ വീഴ്‌ചയ്‌ക്ക്‌ കാരണം‌. ഇന്ത്യയുടെ മൊത്തം സ്കോർ 2019ൽ 6.9 ആയിരുന്നത്‌ 6.61 ആയി കുറഞ്ഞു. 2019ൽ 51–-ാം സ്ഥാനത്തായിരുന്നു.

2014ൽ 7.92 സ്‌കോറുമായി 27–-ാം സ്ഥാനത്തുണ്ടായിരുന്ന രാജ്യം ആറു വർഷത്തെ മോഡിഭരണത്തിലാണ്‌ 167 രാജ്യങ്ങളുള്ള പട്ടികയിൽ 53ലേക്ക്‌ കൂപ്പുകുത്തിയത്‌‌. ഇന്ത്യൻ പൗരത്വ നിർണയത്തിൽ‌‌ മതപരമായ ഘടകം കൊണ്ടുവന്ന നരേന്ദ്ര മോഡി സർക്കാർ മതനിരപേക്ഷ അടിത്തറ തകർത്തെന്ന വിമർശനം‌ ഇഐയു ചൂണ്ടിക്കാട്ടി. കോവിഡ്‌ മഹാമാരിയെ നേരിട്ടത്‌ പൗരസ്വാതന്ത്ര്യം കൂടുതൽ ഹനിക്കുന്ന നിലയിലാണ്‌.

ഇന്ത്യയടക്കം 52 രാജ്യങ്ങൾ അപൂർണ ജനാധിപത്യ വിഭാഗത്തിലാണ്‌. സമ്പൂർണ ജനാധിപത്യം(23), സംയുക്ത ഭരണകൂടങ്ങൾ(35 ), സ്വേച്ഛാധിപത്യ ഭരണകൂടം (57) എന്നീ വിഭാഗങ്ങളിലാണ്‌ മറ്റ്‌ രാജ്യങ്ങൾ. ഐസ്‌ലൻഡ്‌, സ്വീഡൻ, ന്യൂസിലൻഡ്‌, കാനഡ എന്നിവയാണ്‌ സൂചികയിൽ ആദ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top