കൊച്ചി > സംസ്‌കൃത സര്‍വകലാശാലയില്‍ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിനിത കണിച്ചേരിയെ നിയമിച്ചതിനെചൊല്ലി ഉയര്‍ന്ന വിവാദം അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞു. ഇന്റര്‍വ്യൂവില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ ആളെ തന്നെയാണ് നിയമിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യുജിസി ചട്ടങ്ങളെല്ലാം പാലിച്ച് നടത്തിയ മലയാള വിഭാഗത്തിലെ അഞ്ച് നിയമനങ്ങള്‍ ഉള്‍പ്പടെ 17 അധ്യാപക നിയമനങ്ങളില്‍ ഒരു നിയമനം മാത്രം വിവാദമാക്കുകയായിരുന്നു. അതും മലയാള വിഭാഗത്തിലെ അഞ്ച് നിയമനങ്ങളുടെയും ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന ഭാഷാ വിദഗ്‌ധനായ അധ്യാപകന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് അടിസ്ഥാനമാക്കി ഒരു നിയമനമാണ് ചില ചാനലുകള്‍ വിവാദമാക്കിയത്.
സര്‍വകലാശാലയില്‍ 17 അധ്യാപകരെയാണ് യുജിസി ചട്ടങ്ങളെല്ലാം പാലിച്ച് പുതുതായി നിയമിച്ചത്. മലയാള വിഭാഗത്തില്‍ മൂന്ന് അസിസ്റ്റന്റ് പ്രൊഫസര്‍മാരെയും ( മുസ്ലിം, എസ്‌ഐയുസി നാടാര്‍, ധീവര സംവരണവിഭാഗത്തില്‍ ഓരോന്ന്) രണ്ട് അസോസിയേറ്റ് പ്രൊഫസര്‍മാരെയും നിയമിച്ചു. മുസ്ലിം വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് ലഭിച്ച അപേക്ഷകരില്‍നിന്ന് ഇന്‍ഡക്സ് മാര്‍ക്ക് 60 ലഭിച്ച അഞ്ചുപേരെ ഇന്റര്‍വ്യൂവിനു വിളിച്ചു. ഇന്‍ഡക്സ് മാര്‍ക്ക് കണക്കാക്കിയത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റിയും അതതു വിഷയത്തിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട കമ്മിറ്റിയും പരിശോധിച്ചതാണ്.
വൈസ് ചാന്‍സലര്‍ ചെയര്‍മാനായി ഏഴംഗ ഇന്റര്‍വ്യൂ ബോര്‍ഡാണ് ഇന്റര്‍വ്യൂ നടത്തിയത്. മൂന്നു ഭാഷാ വിദഗ്ധര്‍, ചാന്‍സലറായ ഗവര്‍ണറുടെ നോമിനിയായ ഒരു ഭാഷാ വിദഗ്ധന്‍, ഫാക്കല്‍റ്റി ഡീന്‍, വകുപ്പു തലവന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. വി സി ചെയര്‍മാന്‍ എന്ന നിലയില്‍ ഒരു ഉദ്യോഗാര്‍ഥിക്കും മാര്‍ക്ക് ഇട്ടില്ല. ബാക്കി ആറുപേരും യുജിസി ചട്ടപ്രകാരം ഉദ്യോഗാര്‍ഥിയുടെ പേരും മാര്‍ക്കും പേപ്പറില്‍ സ്വന്തം കൈപ്പടയില്‍ വെട്ടും തിരുത്തും ഇല്ലാതെ എഴുതി തരുകയും ചെയ്തു. ഇതു കൂട്ടി ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച മൂന്നുപേരുടെ റാങ്ക് പട്ടിക തയ്യാറാക്കുകയും ആദ്യ റാങ്കുകാരിയെ നിയമിക്കുകയും ചെയ്തു. നിനിത ആര്‍, ഹസീന കെ പി എ, ഹിക്മത്തുള്ള വി എന്നീവരായിരുന്നു യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്ക് നേടിയത്. ഇതില്‍ നിനിതയെ നിയമിക്കുകയും ചെയ്തു.
മലയാള വിഭാഗത്തിലെ മൂന്നു അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും രണ്ട് അസോസിയേറ്റ് പ്രൊഫസര്‍മാരുടെയും ഇന്റര്‍വ്യൂ ബോര്‍ഡില്‍ വിവാദ പോസ്റ്റിട്ട അധ്യാപകനും ഉണ്ടായിരുന്നു. എന്നിട്ടും നിനിതയുടെ നിയമനം വിവാദമാക്കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്.
എല്ലാ നിയമനങ്ങളും യുജിസി ചട്ടപ്രകാരം വിവാദം അനാരോഗ്യകരം-ഡോ. ധര്‍മ്മരാജ് അടാട്ട്
കൊച്ചി > സംസ്‌കൃത സര്‍വകലാശാലയില്‍ അധ്യാപകനിയമനങ്ങള്‍ യുജിസിയുടെ എല്ലാ ചട്ടങ്ങളും കൃത്യമായി പാലിച്ചാണ് നടത്തിയതെന്നും അതില്‍ ഒരു നിയമനത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് പറഞ്ഞു.
ഇത്തരം വിവാദങ്ങള്‍ അനാരോഗ്യകരമായ പ്രവണതാണ്. ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന ഒരു അധ്യാപകന്‍ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത് അധാര്‍മ്മികമാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് നടത്തിയ നിയമനങ്ങള്‍ ആര്‍ക്കും പരിശോധിച്ച് ബോധ്യപ്പെടാവുന്ന വിധം സുതാര്യമാണ്. ഇന്റര്‍വ്യൂ ബോര്‍ഡിലെ ഏഴ് അംഗങ്ങളില്‍ വൈസ് ചാന്‍സലറായ താന്‍ ആര്‍ക്കും മാര്‍ക്കിട്ടില്ല എന്നു മാത്രമല്ല, മറ്റു ആറുപേരും സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മാര്‍ക്ക് പ്രകാരമാണ് റാങ്ക്ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തിയതും. 17 അധ്യാപകരെ നിയമിച്ചതില്‍ ഒരു നിയമനം മാത്രം അനാവശ്യ വിവാദമാക്കിയത് എന്താണെന്ന് അറിയില്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..