മഹാത്മജിയുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരം ലോക ചരിത്രത്തിലെ അത്യുജ്വലമായ ഒരു ഏടാണ്. അതിൽ അഹിംസാവാദികളും സായുധവിപ്ലവത്തിൽ വിശ്വസിക്കുന്നവരും ഉണ്ടായിരുന്നു. അവരുടെയെല്ലാം പൊതുലക്ഷ്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കി, യൂണിയൻ ജാക്ക് അഴിച്ചുമാറ്റി ത്രിവർണ പതാക അവിടെ പാറിക്കുക എന്നതായിരുന്നു. ത്രിവർണ പതാകയെ അംഗീകരിക്കാത്തവരും സ്വാതന്ത്ര്യസമരത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളാത്തവരും അതിനെതിരെ പ്രവർത്തിച്ചവരുമായി ഒരുവിഭാഗം അതിലുണ്ടായിരുന്നു. പിൽക്കാലത്ത് അവർ സ്വാതന്ത്ര്യസമരത്തിന്റെ അവകാശവാദവുമായി രംഗത്തെത്തി. അവർ സ്വാതന്ത്ര്യസമരത്തെ മാത്രമല്ല, അതിന്റെ നായകരായ ഇതിഹാസ പുരുഷന്മാരെയും സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയും സർദാർ വല്ലഭ്‌ഭായി പട്ടേലും സുഭാഷ് ചന്ദ്രബോസും ഇതിൽ ഉൾപ്പെടുന്നു. ഭരണഘടനയെ അട്ടിമറിക്കുന്നവർ അതിന്റെ ശിൽപ്പിയുടെ പാരമ്പര്യം അവകാശപ്പെടുന്നത് വിചിത്രംതന്നെ. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സംഘപരിവാറും ബിജെപിയും നേതാജിയുടെ വീരോജ്വലമായ സമരപൈതൃകത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.
സ്വാതന്ത്ര്യസമരത്തെ ഒറ്റു കൊടുത്തു
നേതാജിയുടെ 125–-ാം ജന്മദിനമായ ജനുവരി 23നു കൊൽക്കത്തയിൽ നടന്ന വിപുലമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തു. ഈ ചടങ്ങിൽ നേതാജിയെ കാവി പുതപ്പിക്കാനായി ഒരുസംഘം സദസ്യർ ജയ് ശ്രീറാം മുഴക്കിയതിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജി പ്രസംഗിക്കാൻ വിസമ്മതിച്ചത് വിവാദമായി. നേതാജിയുടെ കൈയൊപ്പിട്ട അഭിവാദ്യങ്ങൾ ജയ് ശ്രീറാമിൽ മുങ്ങിപ്പോയി. നേതാജി സ്വാതന്ത്ര്യസമര നായകരിൽ പ്രധാനിയാണ്. അദ്ദേഹത്തിന്റെ ഓർമകളെ രാഷ്‌ട്രീയവൽക്കരിക്കുന്നതും വർഗീയവൽക്കരിക്കുന്നതും അദ്ദേഹത്തോടും ചരിത്രത്തോടുമുള്ള രാജ്യദ്രോഹപരമായ അപരാധമാണ്. നേതാജിയുടെ ജന്മദിനം പരാക്രം ദിവസ് ആയി ആചരിക്കുമ്പോഴും അവിടെ ജയ്‌ശ്രീറാം വിളിക്കുമ്പോഴുമെല്ലാം ഇതാലോചിക്കണം. നേതാജിയുടെയും പട്ടേലിന്റെയും നെഹ്‌റുവിരുദ്ധ നിലപാടിനെ മുതലെടുത്തുകൊണ്ടാണ് സംഘപരിവാർ അവരെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. പട്ടേലിന്റെയും നേതാജിയുടെയും നെഹ്‌റു വിരുദ്ധതയും ചരിത്രപരമായി ശരിയല്ല. നേതാജി ഒരു മതനിരപേക്ഷ രാജ്യസ്‌നേഹിയായിരുന്നു. അദ്ദേഹം നരേന്ദ്ര മോഡിയെപ്പോലെ ഹിന്ദു ദേശീയവാദി ആയിരുന്നില്ല.
നേതാജി മതാടിസ്ഥാനത്തിലുള്ള ഈ വർഗീയനയത്തിന് എതിരായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം വിനായക് ദാമോദർ സവർക്കറിന്റെയും മുഹമ്മദ് അലി ജിന്നയുടെയും രാഷ്‌ട്രീയത്തിന് എതിരായിരുന്നു.1942ൽ ബർലിനിൽനിന്നും നടത്തിയ ഒരു പ്രക്ഷേപണത്തിൽ നേതാജി ഇരുവർക്കും മുന്നറിയിപ്പുനൽകിയിരുന്നു. അതായത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അന്ത്യം അടുത്തിരിക്കുന്നുവെന്നും അവരുമായി സന്ധി ചെയ്യാൻ അത് മനസ്സിലാക്കണമെന്നും. രാഷ്‌ട്രീയ സ്വയം സേവക് സംഘും ഹിന്ദുമഹാസഭയും സവർക്കറും ദേശീയ സ്വാതന്ത്ര്യസമരത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന കാലഘട്ടമായിരുന്നു അത്. ശ്യാമപ്രസാദ് മുഖർജിയും (ജനസംഘ്) സവർക്കറും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽനിന്നും വിട്ടുനിന്നിരുന്നു. മഹാത്മജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരത്തോട് അവർ സഹകരിച്ചില്ല. സവർക്കർ ബ്രിട്ടീഷ് ഭരണാധികാരികളോട് പലവട്ടം മാപ്പു ചോദിച്ചിട്ടുള്ളതും ചരിത്രസംഭവമാണ്.
1942ൽ കോൻപോറിൽ (ഇപ്പോഴത്തെ കാൺപുർ) ഹിന്ദുമഹാസഭയുടെ 24–-ാം സെഷനിലാണ് സവർക്കർ ബ്രിട്ടീഷുകാരോടുള്ള പ്രത്യുത്തരാത്മകമായ സഹകരണം പ്രഖ്യാപിച്ചത്. നിബന്ധനകളില്ലാത്ത ഈ സഹകരണം ഏതറ്റംവരെയും പോകാം. സജീവം, സായുധം, വിഭവശേഷി പ്രദാനം ചെയ്യൽ തുടങ്ങിയവ. 1942 ജൂലൈ 26നു മുഖർജി എഴുതിയ കത്തിൽ പറയുന്നു –-‘ യുദ്ധം നടക്കുന്ന ഈ സമയത്ത് ആഭ്യന്തരസുരക്ഷയെ ഹനിക്കുന്ന ഒരു ജനകീയ പ്രക്ഷോഭങ്ങളിലും ഏർപ്പെടരുത്, സുരക്ഷിതത്വമില്ലായ്‌മ സൃഷ്ടിക്കരുത്, ഇന്ത്യ ബ്രിട്ടനെ വിശ്വസിക്കണം. അതത് പ്രദേശങ്ങളുടെ പ്രതിരോധത്തിനും സ്വാതന്ത്ര്യത്തിനും അതാണ് നല്ലത്.’
രാജ്യം ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ തീച്ചൂളയിൽ പ്രവേശിച്ച കാലമാണ് 1942 എന്നോർമിക്കണം. ഗാന്ധിജിയുടെ മുദ്രാവാക്യമായ ‘ഡു ഓർ ഡൈ’ രാജ്യമാസകലം മുഴങ്ങിക്കേട്ട സമയം. ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ആർഎസ്‌എസ് നിഷ്‌കർഷയോടെ നിയമം പരിപാലിച്ചു. 1942 ആഗസ്‌തിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളിൽനിന്നും മാറിനിന്നു. റിപ്പോർട്ടു പ്രകാരം ഗോൾവാൾക്കറും ബൽരാജ് മാഥോക്കും എൽ കെ അദ്വാനിയും കെ ആർ മൽക്കാനിയും ഈ മൂവ്‌മെന്റിൽനിന്ന് വിട്ടുനിന്നു.
ജർമനിയിൽ താമസിക്കുന്ന നേതാജിയുടെ കൊച്ചനന്തരവൾ അനിത ബി ഫാഫ് അദ്ദേഹത്തിന്റെ കർക്കശമായ മതനിരപേക്ഷ സ്വഭാവത്തെ ഇത്തരുണത്തിൽ അനുസ്‌മരിക്കുകയുണ്ടായി. അവരുടെ അഭിപ്രായത്തിൽ നേതാജി തികഞ്ഞ ഹിന്ദുമത വിശ്വാസിയായിരുന്നു. ഒപ്പം അദ്ദേഹം മറ്റു മതങ്ങളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌തിരുന്നു.
കുടുംബാംഗങ്ങളെയും അത് പഠിപ്പിച്ചിരുന്നു. ഐക്യവും സഹിഷ്‌ണുതയും ആയിരുന്നു അദ്ദേഹത്തിന്റെ മതം. ഒരു സന്ദേശത്തിൽ പറഞ്ഞിരുന്നു–- അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം‘ മഹത്തായ ഒരു ബംഗാൾ സൃഷ്ടിക്കുക’യായിരുന്നു. അവിടെ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്‌ത്യാനികളും ബുദ്ധിസ്റ്റുകളും ഒറ്റക്കെട്ടായി ജീവിക്കും. ഈ സന്ദേശം പരത്തിയ നേതാജിയെ മതാടിസ്ഥാനത്തിലുള്ള വോട്ടു ബാങ്ക് ധ്രുവീകരണത്തിന് ശ്രമിക്കുന്നത് പാതകമല്ലേ. നേതാജിയും ബിജെപിയും സ്വയം സേവക് സംഘും ആശയപരമായി വിരുദ്ധധ്രുവങ്ങളിലാണ്. നേതാജി ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യയെ സ്വതന്ത്രമാക്കാൻ ശ്രമിച്ചു. സവർക്കർ ബ്രിട്ടീഷ് ആർമിക്കുവേണ്ടി റിക്രൂട്ട്‌മെന്റ് നടത്തുകയായിരുന്നു. സവർക്കറെയും നേതാജിയെയും താരതമ്യപ്പെടുത്തുന്നത് ശരിയല്ല. ഈ സ്വാധീനത്തിലാണ് നേതാജി അച്ചുതണ്ട് ശക്തികളായ ജർമനിയുമായും ജപ്പാനുമായും അടുത്തതെന്നും പ്രചാരമുണ്ട്. ഇതിനൊക്കെ നേതാജിയുടെ ആരാധകരും ഫോർവേഡ് ബ്ലോക്കുമാണ് മറുപടി പറയേണ്ടത്. സ്വാതന്ത്ര്യസമരത്തിന്റെ ദേശീയ ഐക്കണുകളെ അതില്ലാത്തവർ സ്വന്തമാക്കി രാഷ്‌ട്രീയമാന്യത ലഭിക്കാനായി തട്ടിയെടുക്കാൻ ശ്രമിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്. ഒരു ഫോട്ടോ ഷോപ് കൊണ്ടൊന്നും അത് സാധൂകരിക്കാൻ സാധിക്കുകയില്ല.
സത്യഗ്രഹത്തിൽ പോകുന്നവർ സംഘിന്റെ യൂണിഫോം ധരിക്കുന്നതിൽനിന്നും ഹെഡ്‌ഗേവാർ വിലക്കി. കാരണം അവർ സംഘിന്റെ പ്രതിനിധിയായല്ല പങ്കെടുക്കുന്നത്
സ്വാതന്ത്ര്യസമരത്തോട് പൊതുവെ സംഘപരിവാറിന് ഉണ്ടായിരുന്ന സമീപനം മറ്റുള്ളവരിൽനിന്നും വ്യത്യസ്‌തമായിരുന്നു. ഉദാഹരണമായി, ഉപ്പുസത്യഗ്രഹം. അതിൽ പങ്കെടുക്കാൻ അവർ തീരുമാനിച്ചിരുന്നില്ല (ഡോ. ഹെഡ്ഗേവാർ ദ ഇപ്പോക് മേക്കർ: സംഗ്രഹണം–- ബി വി ദേശ്‌പാണ്ടെ–-എസ് ആർ രാമസ്വാമി, പത്രാധിപർ–- എച്ച് വി ശേഷാദ്രി). എന്നാൽ, വ്യക്തിപരമായി പങ്കെടുക്കേണ്ടവർക്ക് സംഘചാലകിന്റെ അനുവാദത്തോടെ പങ്കെടുക്കാൻ ഡോ. ഹെഡ്‌ഗേവാർ അനുവാദം നൽകി. കാരണം അദ്ദേഹത്തിന്റെ സർഗാത്മകമായ ചിന്തയിൽ സംഘിന്റെ ജോലി ചെയ്യുന്നത് ദേശസ്‌നേഹിയായി ജയിലിൽ പോകുന്നതിൽനിന്നും ഒട്ടും താഴെയല്ല. സത്യഗ്രഹത്തിൽ പോകുന്നവർ സംഘിന്റെ യൂണിഫോം ധരിക്കുന്നതിൽനിന്നും ഹെഡ്‌ഗേവാർ വിലക്കി. കാരണം അവർ സംഘിന്റെ പ്രതിനിധിയായല്ല പങ്കെടുക്കുന്നത്. ഹെഡ്‌ഗേവാറും വ്യക്തിപരമായി സമരത്തിൽ പങ്കെടുത്തു. കാരണം അദ്ദേഹത്തിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ നിൽക്കുന്ന കോൺഗ്രസുകാരുമായി പരിചയപ്പെട്ട് അവരെ സംഘിലേക്ക് ആകർഷിക്കുക.
മഹാത്മജി സംഘിനെയോ ഗോൾവാൾക്കറെയോ വിശ്വാസത്തിൽ എടുത്തിരുന്നില്ല. ഇതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ വിശ്വസ്‌ത സഹപ്രവർത്തകൻ ജവാഹർലാൽ നെഹ്‌റു 1948 ഒക്‌ടോബർ 27നു സർദാർ പട്ടേലിന് എഴുതിയ കത്ത്. മഹാത്മജിയുടെ പേഴ്‌സണൽ സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ പ്യാരേലാൽ മഹാത്മജിയെ ഉദ്ധരിച്ചുകൊണ്ടുനടത്തിയ ചില പരാമർശവും ചിന്തോദ്ദീപകമാണ്.
നെഹ്‌റു പട്ടേലിന് എഴുതി–-ഗോൾവാൾക്കറിനെ ആദ്യമായി കണ്ടതിനുശേഷം നെഹ്‌റുവിനോട് മഹാത്മജി പറയുകയുണ്ടായി–- ഭാഗികമായി ഗോൾവാൾക്കർ അദ്ദേഹത്തെ ഇംപ്രസ് ചെയ്‌തെങ്കിലും ആളെ വിശ്വസിക്കാൻ കൊള്ളുകയില്ല. രണ്ടാമത്തെ കൂടിക്കാഴ്‌ചയ്‌ക്കുശേഷം മഹാത്മജി ഗോൾവാൾക്കറിനും രാഷ്‌ട്രീയ സ്വയം സേവക് സംഘിനുമെതിരെ ശക്തമായ അഭിപ്രായരൂപീകരണം നടത്തി. അദ്ദേഹം പറഞ്ഞു. ‘അവരെ വിശ്വസിക്കാൻ കൊള്ളുകയില്ല. അവരുമായി സംസാരിക്കുമ്പോൾ അവർ പറയുന്നത് വളരെ യുക്തിയുക്തമെന്ന് തോന്നും. പക്ഷേ, പറഞ്ഞതിന് കടകവിരുദ്ധമായി പ്രവർത്തിക്കാൻ അവർക്ക് ഒരു മനഃസാക്ഷിക്കുത്തുമില്ല. നെഹ്‌റു കൂട്ടിച്ചേർത്തു–- ‘എനിക്കും അങ്ങനെ തോന്നുന്നു’. പ്യാരേലാൽ ഇത്തരുണത്തിൽ പറഞ്ഞത് ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. പഹ് എന്ന സ്ഥലത്തുനടന്ന വർഗീയലഹളയിൽ സംഘ് അഭയാർഥി ക്യാമ്പുകളിൽ വഹിച്ച പങ്കിനെ ഒരു കോൺഗ്രസുകാരൻ പ്രകീർത്തിച്ചപ്പോൾ അദ്ദേഹം സംഘിനെ ഹിറ്റ്‌ലറുടെ നാസികളും മുസോളിനിയുടെ ഫാസിസ്റ്റുകളുമായി തുലനം ചെയ്‌തു. മഹാത്മജി സംഘിനെ വർഗീയ സ്വേച്ഛാധിപത്യ സംഘടനയായാണ് കണ്ടതെന്ന് പ്യാരേലാൽ സാക്ഷ്യപ്പെടുത്തുന്നു.
ത്രിവർണ പതാക അംഗീകരിക്കാത്തവർ
റിപ്പബ്ലിക് ദിനത്തിൽ കർഷകസമരത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ത്രിവർണ പതാകയെ അപമാനിച്ചതായി ജൽപിക്കുന്ന മോഡിയുടെ സംഘിന്റെ ത്രിവർണ പതാകയോടുള്ള സമീപനം എന്തായിരുന്നു.1947 ആഗസ്‌ത് 14നു സംഘിന്റെ മുഖപത്രമായ ഓർഗനൈസർ എഴുതി. ‘ഹിന്ദുക്കൾ ഒരിക്കലും ത്രിവർണ പതാകയെ ബഹുമാനിക്കില്ല. മൂന്നു വർണങ്ങൾ അവലക്ഷണമാണ്.’ സംഘ് രൂപകൽപ്പന ചെയ്‌ത ദേശീയപതാക കാവിയുടേതായിരുന്നു. ഗോൾവാൾക്കർ ഭഗത്‌സിങ്ങിനെയും ചന്ദ്രശേഖർ ആസാദിനെയും സുഖ്‌ദേവിനെയും രാജ്‌ഗുരുവിനെയും അഷ്‌ഫാഖുള്ളാഖാനെയും താഴ്‌ത്തിക്കെട്ടിയാണ് സംസാരിച്ചിട്ടുള്ളത്–- ‘‘അവർ അവരുടെ ലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ടു. കാരണം അവരിൽ കുറവുകൾ ഉണ്ടായിരുന്നു’’.
സ്വാതന്ത്ര്യസമരത്തിന്റെ വീരേതിഹാസം രചിക്കുമ്പോൾ ഗോൾവാൾക്കറുടെ ഈ വാക്കുകൾ കൂടെ ശ്രദ്ധിക്കുന്നത് നല്ലത്.
മഹാത്മജിയുടെ ഘാതകനായ നാഥൂറാം ഗോഡ്‌സേ ആർഎസ്‌എസിന്റെയും ഹിന്ദുമഹാസഭയുടെയും അംഗമായിരുന്നു എന്നതിനേക്കാൾ ഞെട്ടിപ്പിക്കുന്ന ഒന്നാണ് അടൽ ബിഹാരി വാജ്‌പേയ് ബ്രിട്ടീഷ് രാജാവിന്റെ ചാരനായിരുന്നുവെന്നത്
‘ഹിന്ദുക്കളെ നിങ്ങളുടെ പ്രവർത്തനശക്തി ബ്രിട്ടീഷുകാരുമായി സമരം ചെയ്‌ത് പാഴാക്കരുത്. നിങ്ങൾ അത് നമ്മുടെ ആഭ്യന്തരശത്രുക്കളായ മുസ്ലിങ്ങളെയും ക്രിസ്‌ത്യാനികളെയും പൊരുതിത്തോൽപ്പിക്കുവാൻ കരുതിവയ്‌ക്കുക. ’ സവർക്കർ ബ്രിട്ടീഷുകാരോട് പലവട്ടം മാപ്പുപറഞ്ഞ് മാപ്പുസാക്ഷിയായി. മഹാത്മജിയുടെ ഘാതകനായ നാഥൂറാം ഗോഡ്‌സേ ആർഎസ്‌എസിന്റെയും ഹിന്ദുമഹാസഭയുടെയും അംഗമായിരുന്നു എന്നതിനേക്കാൾ ഞെട്ടിപ്പിക്കുന്ന ഒന്നാണ് അടൽ ബിഹാരി വാജ്‌പേയ് ബ്രിട്ടീഷ് രാജാവിന്റെ ചാരനായിരുന്നുവെന്നത്. അദ്ദേഹം ഒട്ടേറെ സ്വാതന്ത്ര്യപ്പോരാളികളെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തിട്ടുണ്ടെന്നുള്ളത് സംബന്ധിച്ചുള്ള ചോദ്യങ്ങൾ പലകുറി പാർലമെന്റിൽ ഉയർന്നപ്പോൾ മികവുറ്റ വാഗ്‌മിയും പ്രഗൽഭനായ രാഷ്‌ട്രമീമാംസകനുമായ അദ്ദേഹത്തിന് വിശ്വാസയോഗ്യമായ മറുപടി നൽകാൻ സാധിച്ചിട്ടില്ല എന്നതിന് ലേഖകൻ ദൃക്‌സാക്ഷിയാണ്.
മഹാത്മജിയെ അദ്ദേഹത്തിന്റെ ഘാതകൻ ഗോഡ്‌സേയെയും ഒപ്പം ആദരിക്കുന്ന രാഷ്‌ട്രീയ കാപട്യം, വഞ്ചനാ സംസ്‌കാരം ഇന്ത്യയെ ഗ്രസിച്ചിരിക്കുകയാണ്. ഇതാണ് ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്‌തവരുടെ സ്വാതന്ത്ര്യസമര ഇതിഹാസം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..