04 February Thursday

വയനാട്‌ വന്യജീവി സങ്കേതത്തിന്‌ ചുറ്റും 3.4 കിലോമീറ്റർ പരിസ്ഥിതിലോലം

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2021


ന്യൂഡൽഹി
വയനാട്‌ വന്യജീവി സങ്കേതത്തിന്‌ ചുറ്റുമുള്ള 3.4 കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇതുസംബന്ധിച്ച കരടുവിജ്ഞാപനം പുറപ്പെടുവിച്ചു. പരിസ്ഥിതി ലോല മേഖലയിൽ വാണിജ്യ ഖനനം, കരിങ്കൽക്വാറി, കല്ലുടയ്‌ക്കൽ, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ, വലിയ ജലവൈദ്യുത പദ്ധതികൾ, നിർമാണപ്രവർത്തനങ്ങൾ, മരംമുറിക്കൽ, വനവിഭവശേഖരണം തുടങ്ങിയ കാര്യങ്ങൾക്ക്‌ നിരോധനമോ നിയന്ത്രണമോ ഉണ്ടാകും. രാത്രിയാത്രകൾ നിയന്ത്രിക്കും.

പ്രദേശവാസികൾക്ക്‌ താമസസൗകര്യങ്ങൾ ഉണ്ടാക്കാൻ വേണ്ടിയുള്ള നിർമാണങ്ങൾ നടത്താം. മലിനീകരണമുണ്ടാക്കാത്ത ചെറുകിട വ്യവസായങ്ങളുടെ പ്രവർത്തനം, ആശയവിനിമയ ടവറുകൾ സ്ഥാപിക്കൽ, റോഡ്‌ നിർമാണം, നിലവിലുള്ളവയുടെ വീതി കൂട്ടൽ, വിനോദസഞ്ചാരആവശ്യങ്ങൾക്കായുള്ള ഇടപെടലുകൾ, ഖരമാലിന്യ നിർമാർജനം തുടങ്ങിയവയ്‌ക്കും നിയന്ത്രണങ്ങൾ ഉണ്ടാകും. ജൈവകൃഷി, മഴവെള്ള സംഭരണം, പരിസ്ഥിതി സൗഹൃദ ഗതാഗതം, പുനരുപയോഗിക്കാവുന്ന ഊർജോൽപ്പാദന രീതികൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാം. വിജ്ഞാപനം പുറപ്പെടുവിച്ച്‌ രണ്ട്‌ വർഷത്തിനകം സംസ്ഥാനസർക്കാർ പരിസ്ഥിതി ലോല മേഖലയ്‌ക്കുള്ള സോണൽ മാസ്‌റ്റർപ്ലാൻ തയ്യാറാക്കണം. പരിസ്ഥിതി, വനം,വന്യജീവി, കൃഷി, റവന്യു, തദ്ദേശം, നഗരവികസനം, ടൂറിസം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളുമായി കൂടിആലോചിച്ചാകണം പ്ലാൻ തയ്യാറാക്കേണ്ടത്‌. കരടുവിജ്ഞാപനത്തെ കുറിച്ചുള്ള അഭിപ്രായനിർദേശങ്ങളും വിയോജിപ്പുകളും മൂന്നുമാസത്തിനകം പരിസ്ഥിതിമന്ത്രാലയത്തെ അറിയിക്കണം. esz--mef@nic.in എന്ന മെയിൽഐഡിയിലും അഭിപ്രായങ്ങൾ അറിയിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top