തിരുവനന്തപുരം
കേരള സർവകലാശാലയിൽ മാർക്ക് ലിസ്‌റ്റ് തിരുത്തിയതിന് സസ്‌പെൻഷനിലായ സെക്‌ഷൻ ഓഫീസർ വിനോദിനെ സർവീസിൽനിന്ന് പുറത്താക്കുന്നതടക്കമുള്ള എല്ലാ നടപടികളും നിയമാനുസൃതം സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ വി പി മഹാദേവൻപിള്ള പറഞ്ഞു. സംഭവത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് രജിസ്‌ട്രാർ കത്തുനൽകി.
74 വിദ്യാർഥികളുടെ മാർക്ക്‌ലിസ്റ്റിൽ ക്രമക്കേട് നടത്തി. ചിലർക്ക് അനർഹമായ ഗ്രേസ് മാർക്ക് നൽകി. ഈ മാർക്ക്‌ലിസ്‌റ്റുകൾ റദ്ദാക്കി. വിദ്യാർഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് സിൻഡിക്കറ്റ് അച്ചടക്കസമിതിക്ക് വിട്ടു. പരിശോധന തുടരുകയാണ്. പരീക്ഷാവിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ പ്രവർത്തനവും നിരീക്ഷിക്കും.
പരീക്ഷാഫലം പ്രഖ്യാപിച്ചശേഷം സെക്‌ഷൻ ഓഫീസർക്ക് മാർക്ക്‌ലിസ്‌റ്റിൽ തിരുത്തൽ വരുത്താൻ കഴിയാത്ത തരത്തിൽ സോഫ്‌റ്റ്‌വെയറിൽ മാറ്റം വരുത്തുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. അസിസ്‌റ്റന്റ് ഉൾപ്പെടുന്ന കോൺഫിഡൻഷ്യൽ സെക്‌ഷന് മാത്രമേ ക്രമപ്രകാരമുള്ള മാറ്റങ്ങൾ വരുത്താൻ ഇനി സാധിക്കൂ. ഇതുസംബന്ധിച്ച നിർദേശം സർവകലാശാല പുറപ്പെടുവിച്ചു.
സർവകലാശാലയിൽ രജിസ്‌റ്റർചെയ്യുന്ന വിദ്യാർഥിയുടെ എല്ലാ പ്രവർത്തനവും രേഖകളും ഏകീകൃത സംവിധാനത്തിലാക്കുന്ന സ്‌റ്റുഡന്റ് സൈക്കിൾ മാനേജ്‌മെന്റ് സോഫ്‌റ്റ്‌വെയർ ഉടൻ ഏർപ്പെടുത്തും. പാലക്കാട് ഐഐടിയുമായി ഇതിനുള്ള ധാരണയിൽ എത്തിയെന്നും വിസി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..