04 February Thursday
തെരഞ്ഞെടുപ്പിലെ ക്രമക്കേട്‌ അന്വേഷിക്കുമെന്ന്‌ സൈനിക സർക്കാർ

മ്യാന്മറിലും പ്രതിഷേധം ; പാർലമെന്റ്‌ അംഗങ്ങളെ വീടുകളിലേക്ക്‌ മടങ്ങാൻ അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2021


യാങ്കോൺ
മ്യാന്മറിൽ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചതിനെതിരെ ലോകരാജ്യങ്ങളിൽനിന്ന്‌ പ്രതിഷേധം ഉയരുന്നതിനിടെയാണ്‌ മ്യാന്മറിലും പ്രതിഷേധം ആരംഭിച്ചത്‌. രാജ്യത്തെ ഏറ്റവും വലിയ നഗരമായ യാങ്കോണിൽ ജനങ്ങൾ കാറിന്റെ ഹോണുകൾ മുഴക്കിയും പാത്രങ്ങൾ കൊട്ടിയും പ്രതിഷേധിച്ചു. അട്ടിമറിക്കെതിരെ രാജ്യത്ത്‌ നടന്ന ആദ്യ പ്രതിഷേധമാണിത്‌.

കുറച്ച്‌ മിനിറ്റുമാത്രം നടത്താൻ തീരുമാനിച്ച് ആരംഭിച്ച പ്രതിഷേധം കാൽ മണിക്കൂറിലധികം നീണ്ടു. പ്രതിഷേധത്തിനിടെ പട്ടാളം തടവിലാക്കിയ ഓങ് സാൻ സൂചിയെ വിട്ടയക്കണമെന്ന്‌ മുദ്രാവാക്യം മുഴക്കി. പിശാചുക്കളെ പുറത്താക്കാനാണ്‌ മ്യാന്മർ സംസ്‌കാരത്തിൽ വാദ്യം കൊട്ടുന്നത്‌. ഇത്തരത്തിൽ ശബ്ദമുണ്ടാക്കി പ്രതിഷേധിക്കാൻ നിരവധി ജനാധിപത്യ സംഘടനകൾ ആഹ്വാനം ചെയ്‌തിരുന്നു.

യുഎൻ രക്ഷാ സമിതി ജനാധിപത്യത്തെ പിന്തുണച്ച് വ്യക്തമായ സന്ദേശം നൽകണമെന്ന്‌ മ്യാന്മറിലെ യുഎൻ പ്രതിനിധി ക്രിസ്റ്റിൻ ഷ്രാനർ ബർഗെനർ ആവശ്യപ്പെട്ടു. എന്നാൽ, ചൊവ്വാഴ്‌ച അടിയന്തര യോഗം ചേർന്ന രക്ഷാ സമിതി ഒരു നടപടിയും സ്വീകരിച്ചില്ല.

സൈന്യം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ആരംഭിച്ചിട്ടുണ്ട്‌. സർക്കാരിന്റെ ഭവന സമുച്ചയത്തിൽ തടവിലാക്കിയിരുന്ന നൂറുകണക്കിനു പാർലമെന്റ്‌ അംഗങ്ങളെ വീടുകളിലേക്ക്‌ മടങ്ങാൻ അനുവദിച്ചുവെന്ന്‌ പാർടി വക്താവ്‌ കൈ ടോ പറഞ്ഞു. ഓങ്‌ സാൻ സൂചിയെ പ്രത്യേക സ്ഥലത്ത്‌ താമസിപ്പിച്ചിരിക്കുകയാണ്‌.

പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിനായി എംപിമാർ തലസ്ഥാനത്ത്‌ ഒത്തുകൂടിയപ്പോഴാണ്‌ അട്ടിമറി നടത്തിയത്‌. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ക്രമക്കേട്‌ ആരോപണങ്ങളിൽ സർക്കാർ നടപടിയെടുക്കാത്തതിനാലാണ് പിടിച്ചെടുക്കൽ ആവശ്യമായതെന്ന്‌ സൈന്യം പറഞ്ഞു. 476ൽ 396 സീറ്റും സൂചിയുടെ പാർടിയാണ്‌ നേടിയത്‌.
തെരഞ്ഞെടുപ്പിലെ ക്രമക്കേട്‌ അന്വേഷിക്കാൻ തീരുമാനിച്ചുവെന്ന്‌ സൈനിക സർക്കാർ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top