04 February Thursday

സ്വർണക്കടത്ത്‌ കേസ്‌: തീവ്രവാദത്തിന്‌ തെളിവില്ലാതെ എൻഐഎ കുറ്റപത്രം

സ്വന്തം ലേഖകൻUpdated: Thursday Feb 4, 2021

കൊച്ചി> കോടതിയിൽനിന്ന്‌ കടുത്ത വിമർശമേറ്റിട്ടും നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ തീവ്രവാദബന്ധത്തിന്‌ തെളിവൊന്നും ഹാജരാക്കാതെ എൻഐഎ കുറ്റപത്രം. കേസിന്റെ തുടക്കംമുതൽ ആവർത്തിക്കുന്ന കാര്യങ്ങൾമാത്രമാണ്‌ 20 പേർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള നിയമ (യുഎപിഎ) പ്രകാരമുള്ള വകുപ്പുകൾ ചുമത്തി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്‌. നയതന്ത്ര ബാഗേജിലൂടെ 21 തവണയായി യുഎഇയിൽനിന്ന്‌ കടത്തിയ 167 കിലോ സ്വർണം എവിടേക്ക്‌ പേയെന്നോ ആരെല്ലാം എന്തിനായി വിനിയോഗിച്ചെന്നോ കണ്ടെത്താൻ എൻഐഎക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ കുറ്റപത്രത്തിൽ വ്യക്തം.

യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയതിനുപിന്നിലെ തീവ്രവാദബന്ധമാണ്‌ എൻഐഎ അന്വേഷിച്ചത്‌. എന്നാൽ, തെളിയിക്കാൻ ആവശ്യമായതൊന്നും കണ്ടെത്തിയതായി 38 പേജുള്ള കുറ്റപത്രത്തിൽ പറയുന്നില്ല.  രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകർക്കാനും നയതന്ത്രബന്ധം ശിഥിലമാക്കാനും ഗൂഢാലോചന നടത്തിയ പ്രതികൾ ഹവാല ഇടപാടിലൂടെ വൻതോതിൽ പണം സമാഹരിച്ചും തീവ്രവാദസംഘമുണ്ടാക്കിയും പ്രവർത്തിച്ചുവെന്നാണ്‌ എൻഐഎ ആവർത്തിക്കുന്നത്‌.

സ്വർണക്കടത്തിന്‌ ഗൂഢാലോചന തുടങ്ങിയത്‌ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരായിരുന്ന പി എസ്‌ സരിത്തും സ്വപ്ന സുരേഷുമാണ്‌. പിന്നീട്‌ സരിത്ത്‌ വഴി സന്ദീപ്‌ നായരും കെ ടി റമീസും ചേർന്നു. കെ ടി റമീസ്‌ വഴിയാണ്‌ യുഎഇയിൽ റബിൻസ്‌ ഹമീദും ഇപ്പോഴും പിടിയിലാകാത്ത ഫൈസൽ ഫരീദും കണ്ണികളായത്‌. സരിത്താണ്‌ കോൺസുലേറ്റ്‌ രേഖകൾ വ്യാജമായുണ്ടാക്കിയത്‌. 2019 ജൂണിൽ സ്വർണമില്ലാതെ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ബാഗേജ്‌ അയച്ചു. 2019 നവംബർ 15ന്‌ അഞ്ചുകിലോവീതം സ്വർണമടങ്ങിയ രണ്ടു‌ ബാഗേജ്‌ കൊണ്ടുവന്നു. ഇത്‌ 2020 മാർച്ചുവരെ തുടർന്നു. കോവിഡ്‌ മൂലം അന്താരാഷ്‌ട്ര വിമാന സർവീസ്‌ മുടങ്ങിയതിനാൽ ജൂൺവരെ കടത്തുണ്ടായില്ല. ജൂൺമുതൽ കൂടിയ അളവിൽ സ്വർണം കടത്തി. ജൂൺ 24നും 28നും 18.25 കിലോവീതം രണ്ടു‌ ബാഗേജ്‌ എത്തി. 30ന്‌ 30.244 കിലോ സ്വർണമടങ്ങിയ ബാഗേജ്‌ എത്തിയപ്പോഴാണ്‌ കസ്‌റ്റംസിന്റെ പിടിയിലായത്‌.

രാജ്യത്ത്‌ പണം സമാഹരിച്ച്‌ വിദേശത്തെത്തിക്കാനും യുഎഇയിൽ സ്വർണം വാങ്ങാനും അത്‌ ഒളിപ്പിച്ചുകടത്താനും വിൽക്കാനും സംഘമുണ്ടായി. പണസമ്പാദനവും തീവ്രവാദസഹായവുമാണ്‌ പ്രതികളുടെ ലക്ഷ്യമെന്ന്‌ കുറ്റപത്രം പറയുന്നു. തീവ്രവാദസംഘം ഉണ്ടാക്കിയെന്ന്‌ കുറ്റപത്രത്തിൽ ആവർത്തിക്കുമ്പോഴും വിശദാംശങ്ങളില്ല. ഈ വാദം മുമ്പ്‌ കോടതിയിൽ ആവർത്തിച്ചപ്പോൾ തെളിവ്‌ കോടതി ചോദിച്ചിരുന്നു. അന്വേഷണം ഏറെക്കുറെ അവസാനിച്ച ഘട്ടത്തിലും അക്കാര്യത്തിൽ ഇരുട്ടിൽത്തപ്പുകയാണ്‌ എൻഐഎ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top