തിരുവനന്തപുരം > സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നവർ ക്വാറന്റൈനിൽ ഇരിക്കണോ? മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് അവിടെ ക്വാറന്റൈനുണ്ടോ? അങ്ങനെ വിവിധ സംശയങ്ങൾ പലർക്കുമുണ്ട്. എന്നാൽ ഇതറിയാവുന്ന പലരുമാകട്ടെ ഇതൊന്നും പാലിക്കാറുമില്ല.
കേരളത്തിന് പുറത്തുനിന്ന് എത്തുന്ന എല്ലാവരും കൃത്യം ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ഇതിൽ യാതൊരു ഇളവും സംസ്ഥാന സർക്കാർ നൽകുന്നില്ല. ക്വാറന്റൈൻ പൂർത്തിയായ ശേഷം എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണം. പോസിറ്റീവായാൽ ആരോഗ്യകേന്ദ്രങ്ങളിലോ വീട്ടിലോ കഴിയാം. ആശാ വർക്കറോ അടുത്തുള്ള സാമൂഹ്യാരോഗ്യ കേന്ദ്രം വഴിയോ വീടുകളിൽ കഴിയുന്ന രോഗികൾക്ക് ചികിത്സയെത്തും.
രാജ്യത്തിന് പുറത്തുനിന്ന് വരുന്നവർക്കും ഇതേ ക്വാറന്റൈൻ നിയമമാണ് ഉള്ളത്. എന്നാൽ നിലവിൽ ബ്രിട്ടനിൽ നിന്ന് വരുന്നവർക്ക് സംസ്ഥാനത്ത് 14 ദിവസത്തെ ക്വാറന്റൈനാണുള്ളത്. അതിവേഗ വ്യാപന സാധ്യതയുള്ളതും ജനിതക മാറ്റം സംഭവിച്ചതുമായ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനാലാണിത്. അതേസമയം ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് പുറത്തുനിന്ന് കേരളത്തിലെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമല്ല.
കോവിഡ് അതിതീവ്രമായി ബാധിക്കാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്വാറന്റൈൻ നിയമങ്ങൾ ശക്തമാണ്. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നിവിടങ്ങളിലും ഡൽഹി, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും പുറത്തുനിന്നെത്തുന്നവർക്ക് രോഗനിയന്ത്രണത്തിന്റെ ഭാഗമായി ക്വാറന്റൈൻ ഉണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..