04 February Thursday

എസ്‌എൽ പുരം അവാർഡിന്റെ‌ 
തിളക്കത്തിൽ കെ എം ധർമൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2021


പള്ളുരുത്തി
നാടകരംഗത്തെ സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ പുരസ്‌കാരമായ എസ്എൽ പുരം അവാർഡ് കലാരത്ന കെ എം ധർമന്. നാന്നൂറ്റമ്പതിലധികം പ്രൊഫഷണൽ നാടകങ്ങൾ സംവിധാനം ചെയ്ത ഏക കലാകാരൻ എന്ന നിലയിലാണ് കെ എം ധർമനെ പുരസ്കാരം തേടിയെത്തിയത്. മലയാള നാടകത്തിന്റെ സുവർണകാലഘട്ടം കീഴടക്കിയ  നാടക സംവിധായകനാണ് എൺപത്തിയെട്ടുകാരനായ കെ എം ധർമൻ. മൂന്നു തലമുറകൾക്ക് നാടകസംവിധാനം ചെയ്തുനൽകിയ അദ്ദേഹം അവാർഡ് ലഭിച്ചതിൽ സന്തോഷം പങ്കുവച്ചു.

പള്ളുരുത്തി സ്കൂളിൽ അഞ്ചാംതരത്തിൽ പഠിക്കുമ്പോഴാണ് മോണോ ആക്ട് അവതരിപ്പിക്കാൻ ആദ്യമായി തട്ടിൽ കയറിയത്. ഏഴിൽ പഠിക്കുമ്പോൾ നാടക അഭിനയത്തിൽ ആദ്യ ചുവടുവച്ചു. 1947ൽ കെ ശങ്കരൻ മാസ്റ്റർ എഴുതി പള്ളുരുത്തി  കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കേരള കലാ സമിതി പുറത്തിറക്കിയ നാടകത്തിലും അഭിനയിച്ചു. പി ജെ ആന്റണിയുടെ ക്യാമ്പിലെത്തിയത്‌ വഴിത്തിരിവായി.   പതിനാലുകാരനായ ധർമന്റെ തകർപ്പൻ അഭിനയം പി ജെ ആന്റണിയുടെ ഇഷ്ടം പിടിച്ചുപറ്റി. പിന്നീട് പി ജെയുടെ നാടകത്തിലെ നടനായി. സംവിധാനത്തിന് തുടക്കം കുറിച്ചതും പി ജെയുടെ കളരിയിൽ. 18 വർഷം പി ജെ ആന്റണിയുടെ ശിഷ്യനായി നാടകത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിച്ചു.

ചങ്ങനാശേരി ഗീഥ, കെപിഎസി അടക്കമുള്ള കേരളത്തിലെ ചെറുതും വലുതുമായ ട്രൂപ്പുകൾക്കുവേണ്ടി നാടകങ്ങൾ സംവിധാനം ചെയ്തു. അമ്പതിലേറെ നാടകങ്ങളിൽ അഭിനയിച്ചു. കേരള സർക്കാർ സംഘടിപ്പിച്ച പ്രൊഫഷണൽ നാടക മത്സരങ്ങളുടെ വിധികർത്താവായും പ്രവർത്തിച്ചു. 1978ൽ കൊല്ലം ഉപാസനയുടെ പൂർണിമ എന്ന നാടകത്തിന്‌ ആദ്യമായി അവാർഡ് ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ശ്രേഷ്‌ഠപദവിയായ കലാരത്നം ഉൾപ്പെടെ നൂറുകണക്കിന് പുരസ്‌കാരങ്ങളും തേടിയെത്തി.  പ്രൊഫഷണൽ നാടകരംഗത്ത് ഒരു സ്വതന്ത്ര സംവിധായകന്റെ തസ്തിക ആദ്യമായി സൃഷ്ടിച്ചത് കെ എം ധർമനാണ്. 10ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top