തിരുവനന്തപുരം
പരമ്പരാഗത വ്യവസായമേഖലയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരമ്പരാഗത വ്യവസായമേഖലാ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഖാദിഗ്രാമം സ്ഥാപിക്കുന്നത് പരിഗണിക്കും. ഖാദി ക്ഷേമനിധിയുടെ ഭാഗമായി നൽകാനുള്ള കുടിശ്ശിക പ്രശ്‌നം പരിഹരിക്കും. കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കുന്നതിന് കമീഷൻ ആവശ്യമെങ്കിൽ പരിശോധിച്ച് നടപടിയെടുക്കും. വനംവകുപ്പിന്റെ കൈവശമുള്ള സ്ഥലങ്ങളിൽ കശുമാവ് വളർത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ചർച്ച ചെയ്യും.
കൈത്തറി തുണിയുൽപ്പാദനം വർധിപ്പിക്കേണ്ടതുണ്ട്. സ്‌കൂൾ വിദ്യാർഥികൾക്കെല്ലാം കൈത്തറി യൂണിഫോം ലഭ്യമാക്കാൻ ഇപ്പോൾ കഴിയുന്നില്ല. ഈ സ്ഥിതി മാറണം. ബീഡി വ്യവസായത്തെ സംബന്ധിച്ച് പഠനം നടത്താൻ തയ്യാറാണ്. ഈ മേഖലയെ സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കും. കയർ മേഖലയിൽ നടപ്പാക്കിയ യന്ത്രവൽക്കരണത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് നൽകുന്ന പരിശീലനത്തിന്റെ സമയം ആവശ്യമെങ്കിൽ വർധിപ്പിക്കും.
തീരദേശപരിപാലന നിയമത്തിൽ സംസ്ഥാനം മാത്രം വിചാരിച്ചാൽ മാറ്റം സാധ്യമല്ല. മത്സ്യബന്ധന അനുബന്ധമേഖലകളിൽ ജോലി ചെയ്യുന്ന പലരും ദയനീയ സാഹചര്യത്തിലാണ് തൊഴിലെടുക്കുന്നത്. ഇതിൽ കർക്കശ നടപടിയിലേക്ക് നീങ്ങേണ്ടിവരും.
കള്ളുചെത്ത് മേഖലയിലേക്ക് ചെറുപ്പക്കാർ കൂടുതലായി എത്തുന്നില്ല. മുള ചതച്ച് തടിയുണ്ടാക്കി പുതിയ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാനുള്ള ബാംബൂ കോർപറേഷന്റെ നീക്കം നല്ലതാണ്. മുള, ഈറ്റ വ്യവസായമേഖലയിൽ ആവശ്യമായ സഹായം നൽകാൻ സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. കരിമ്പന, മൺപാത്ര നിർമാണത്തൊഴിലാളികളുടെ ആവശ്യങ്ങളും സർക്കാർ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി ഇ പി ജയരാജൻ ഓൺലൈനിൽ പങ്കെടുത്തു. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ സംബന്ധിച്ചു.
വിവിധ മേഖലകളെ പ്രതിനിധാനംചെയ്‌ത് ആനത്തലവട്ടം ആനന്ദൻ, സി കൃഷ്ണൻ എംഎൽഎ, കെ പി സഹദേവൻ, അരക്കൻ ബാലൻ, കെ എസ് സുനിൽകുമാർ, നെടുവത്തൂർ സുന്ദരേശൻ, ബി തുളസീധരക്കുറുപ്പ്, ജി ലാലു, ജയമോഹൻ, പി പി ചിത്തരഞ്ജൻ, കെ എൻ കുട്ടമണി, ശോഭന ജോർജ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..