05 February Friday

പാലാരിവട്ടം പാലം അഴിമതി : പണം നൽകില്ലെന്ന്‌ ആർഡിഎസ്‌; നിയമനടപടിക്ക്‌ ആർബിഡിസികെ

എം എസ‌് അശോകൻUpdated: Thursday Feb 4, 2021


കൊച്ചി
പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയാൻ ചെലവായ പണം കരാറുകാരായ ആർഡിഎസ്‌ പ്രോജക്ട്‌സിൽനിന്ന്‌ തിരികെ പിടിക്കാൻ സർക്കാർ നിയമനടപടിയിലേക്ക്‌. പുനർനിർമാണച്ചെലവായ 24.52 കോടി രൂപ ആവശ്യപ്പെട്ട്‌ ആർഡിഎസിന്‌ റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷൻ കേരള നോട്ടീസ്‌ നൽകിയിരുന്നു. പണം നൽകാൻ‌ ബാധ്യതയില്ലെന്ന മറുപടി  ലഭിച്ചതിനെ തുടർന്നാണ്‌ ആർബിഡിസികെ നിയമനടപടി ആരംഭിക്കുന്നത്‌. ഇതിനായി കേസ്‌ ലീഗൽ കൗൺസിലിന്റെ പരിശോധനയ്‌ക്ക്‌ വിട്ടിരിക്കുകയാണെന്ന്‌ ആർബിഡിസികെ എംഡി ജാഫർ മാലിക്‌ പറഞ്ഞു.

പാലത്തിന്റെ നിർമാണ അപാകങ്ങൾ‌ പരിഹരിക്കാൻ തയ്യാറായിരുന്നെന്നും‌ അവസരം നൽകിയില്ലെന്നുമാണ്‌ ആർഡിഎസ്‌ നൽകിയ മറുപടി. മറ്റൊരു ഏജൻസിയാണ്‌ പാലം പുനർനിർമിക്കുന്നത്‌. അതിന്റെ ചെലവ്‌ ആർഡിഎസിന്‌ വഹിക്കാനാകില്ല. നിർമാണ മേൽനോട്ടം വഹിച്ച ആർബിഡിസികെയുണ്ടാക്കിയ കരാർപ്രകാരം മൂന്നുവർഷത്തെ ലയബിലിറ്റി പിരീഡ്‌ അവസാനിച്ചശേഷമാണ്‌ പാലത്തിൽ തകരാറുണ്ടായത്‌. അതിന്‌ ആർഡിഎസ്‌ ഉത്തരവാദിയല്ല. പാലം നിർമാണ കരാർ നിലവിൽ വന്നശേഷമുള്ള മൂന്നുവർഷത്തിനുള്ളിൽ ഉണ്ടാകുന്ന അപാകങ്ങൾക്കുമാത്രമാണ്‌ കരാറുകാരൻ ഉത്തരവാദിയാകുന്നതെന്നും ആർഡിഎസ്‌ മറുപടിയിൽ പറഞ്ഞു.

ഈ വാദങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന്‌ ആർബിഡിസികെ എംഡി ജാഫർ മാലിക്‌ പറഞ്ഞു. 2014 മാർച്ച്‌ നാലിന്‌ ഒപ്പിട്ട കരാർപ്രകാരം പാലം നിർമാണം പൂർത്തിയായി മൂന്നുവർഷത്തിനുള്ളിൽ ഉണ്ടാകുന്ന അപാകങ്ങൾക്ക്‌ ഉത്തരവാദി കരാറുകാരനാണ്‌. നിർമാണം കഴിഞ്ഞ്‌ പൂർത്തീകരണ സർട്ടിഫിക്കറ്റ്‌ നൽകുന്നതുമുതലുള്ള മൂന്നുവർഷമാണ്‌ ലയബിലിറ്റി പിരീഡ്‌. ഗതാഗതത്തിന്‌ തുറന്ന ഉടൻ പാലം തകർന്നതിനാൽ ആർഡിഎസിന്‌ പൂർത്തീകരണ സർട്ടിഫിക്കറ്റ്‌ നൽകിയിട്ടുമില്ല.

അറ്റകുറ്റപ്പണിക്ക്‌ അവസരം നൽകിയില്ലെന്നത്‌ തെറ്റാണ്‌. അപാകം കണ്ടെത്തിയശേഷം രണ്ടരക്കോടി രൂപ ചെലവിട്ട്‌ ആർഡിഎസ്‌ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അത്‌ ഫലംകാണാത്തതിനാലാണ്‌ ആർബിഡിസികെ മറ്റുള്ളവരെ നിയോഗിച്ച്‌ പുനർനിർമാണം നടത്തുന്നത്‌. അതിന്റെ ചെലവ്‌ ആദ്യ കരാറുകാരൻ നൽകണമെന്നും വ്യവസ്ഥയുണ്ട്‌. ആർഡിഎസ്‌ ഏറ്റെടുത്ത മറ്റു കരാറുകളിൽനിന്ന്‌ ആ പണം പിടിക്കാനും സർക്കാരിനാകും. ആർബിഡിസികെ കരാറുകളിൽനിന്ന്‌ ആർഡിഎസിനെ ഒഴിവാക്കിയിരിക്കുകയാണ്‌.

നിർമാണ അഴിമതി അന്വേഷിക്കുന്ന വിജിലൻസ്‌ കേസിൽ
ആർഡിഎസ്‌ എംഡി സുമിത്‌ ഗോയൽ ഒന്നാംപ്രതിയാണ്‌. മുൻ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ അഞ്ചാംപ്രതിയുമാണ്‌. പാലത്തിന്റെ പുനർനിർമാണം ഡിഎംആർസിയുടെ നേതൃത്വത്തിൽ പൂർത്തിയാകുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top